കൊച്ചി: മലയാള സിനിമാ നിർമ്മാതാവിന്റെ ഭാര്യയായ മുതിർന്ന നടിയെ 2011ൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് പ്രത്യേകം കേസെടുത്തതിന് പിന്നാലെ ആ സംഭവത്തിനു പിന്നിലും ഉന്നതർക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി പ്രതി പൾസർ സുനി. ഈ കേസിൽ അറസ്റ്റിലായ സുനിയെ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു പ്രതികരണം.

ഈ സംഭവത്തിനു പിന്നിലും ചില ഉന്നതരുണ്ടെന്നാണ് സുനി പ്രതികരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടിക്കുനേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് പൾസർസുനിയുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ഉയർന്നത്. ഇതിലൊന്നായിരുന്നു നിർമ്മാതാവിന്റെ തന്നെ വെളിപ്പെടുത്തൽ. 2011ൽ പരാതി നൽകിയെങ്കിലും പിന്നീട് അന്വേഷണം ഉണ്ടായില്ലെന്ന് നടിയുടെ ഭർത്താവായ നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ ആ കേസിലേയും സത്യാവസ്ഥ ഉടൻ തന്നെ പുറത്ത് വരുമെന്ന് സുനി വ്യക്തമാക്കിയ സാഹചര്യത്തിൽ. കേസിൽ അറസ്റ്റിലായ സുനിയെ ജയിലിലേക്ക് കൊണ്ടു വന്നപ്പോഴായിരുന്നു പ്രതികരണം.

അതേസമയം, കേസിൽ അഞ്ച് ദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിന് ശേഷം എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുനിയെ അടുത്തമാസം രണ്ടുവരെ റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

തിരുവനന്തപുരം സ്വദേശിയായ മുതിർന്ന നടിക്കെതിരെ 2011 ൽ പൾസർ സുനി ആക്രമണത്തിന് ലക്ഷ്യമിട്ടത് സംബന്ധിച്ച് നിർമ്മാതാവ് ജോണി സാഗരിക കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഈ കേസിൽ പൾസർ സുനിയെ ജയിലിലെത്തി സെൻട്രൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. സംഭവം നടന്നയുടൻ നടിയുടെ ഭർത്താവ് പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമായി നടന്നിരുന്നില്ലെന്ന ആക്ഷേപം ഉയർന്നതോടെ ഈ വിഷയം വീണ്ടും സജീവമായി മാറുകയായിരുന്നു.

2017 ഫെബ്രുവരിയിൽ നടന്ന പീഡനം ഉൾപ്പടെ പൾസർ സുനി സിനിമ രംഗത്തുള്ള ആറ് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇവരിൽ നാല് പേരിൽ നിന്ന് മൊഴിയെടുക്കാൻ പൊലീസ് ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. രണ്ട് സ്ത്രീകൾ അന്വേഷണവുമായി സഹകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതിൽ ഒരു സ്ത്രീയുമായി സുനി ഇപ്പോൾ പ്രണയത്തിലാണെന്നും ബ്യൂട്ടിഷ്യനായ ഇവരോട് നടിയെ ആക്രമിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ സുനി ചർച്ച ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്രയിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ഇവർ. ഇവരാണ് ലക്ഷ്യ ആരംഭിക്കുന്നതിനായി കാവ്യാ മാധ്യവനെ സഹായിച്ചതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

മറ്റ് പ്രതികളായ ചാവക്കാട് പുന്നയൂർക്കുളം കുടിക്കോട് കൊട്ടിലിങ്ങൽ വീട്ടിൽ അഷ്‌റഫ് (32), പയ്യന്നൂർ പാടിയോട്ട്ചാൽ പൊന്നംവയൽ ഇലവുങ്കൽ വീട്ടിൽ സുധീഷ് (32), കുന്നത്തുനാട് നോർത്ത് മഴുവന്നൂർ കൊമ്പനാൽ വീട്ടിൽ എബിൻ കുര്യാക്കോസ് (27), മഴുവന്നൂർ വാഴക്കുഴി തടത്തിൽ ബിബിൻ വി.പോൾ (27) എന്നിവർ നൽകിയ ജാമ്യാപേക്ഷ ചൊവ്വാഴ്?ചയും പരിഗണിക്കും. ഇവരെ നേരത്തേ ഓഗസ്റ്റ് മൂന്ന് വരെ റിമാൻഡ് ചെയ്തിരുന്നു. തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയശേഷമാണ് സുനിയെ അന്വേഷണസംഘം ഇന്ന് കോടതിയിൽ എത്തിച്ചത്.