തിരുവനന്തപുരം: സീരിയിൽ നടിയുടെ വീട്ടിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ചു ജനക്കൂട്ടം തടഞ്ഞുവച്ചു മർദിച്ച പുത്തൻകുരിശ് എസ്‌ഐ ജെ.എസ്.സജീവ്കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ തന്റെ ചിത്രം ഉപയോഗിച്ച് അപമാനിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്നതിനെതിരെ നടി ലക്ഷ്മി സൈബർ സെല്ലിൽ പരാതി നൽകി. ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമാണ് ചിലർ കുപ്രചാരണം നടത്തുന്നത്.

കഴിഞ്ഞ ദിവസം കോലഞ്ചേരിയിൽ ഒരു സീരിയൽ നടിയെയും എസ് ഐയേയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതായി വാർത്ത വന്നിരുന്നു. ആ നടിയുടെ പേരും സാമ്യമുള്ളതായിരുന്നു. ഇതോടെ, സ്ത്രീധനം ഉൾപ്പെടെ പരമ്പരകളിലും പാവാട, ഗോസ്റ്റ് വില്ല തുടങ്ങിയ സിനിമകളിലും അഭിനയിച്ച ലക്ഷ്മിയാണ് അതെന്നു ചിലർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചാരണം അഴിച്ചു വിടുകയായിരുന്നു. ഏതു കേസ് വന്നാലും അതിൽ സീരിയൽ നടി ഉണ്ടെന്നു പ്രചരിപ്പിക്കുന്നതു പതിവാണെന്നും സാമ്യമുള്ള പേരുള്ള പ്രശസ്ത താരങ്ങൾക്ക് ഇത് അപമാനകരമാണെന്നും സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ പറഞ്ഞു.

വ്യാഴ്‌ഴ്ച രാത്രി എട്ട് മണിയോടെ സ്വന്തം കാറിലാണ് എസ്‌ഐ സീരിയൽ നടിയുടെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് രാത്രി 10.30ഓടെ നാട്ടുകാർ വീടുവളയുകായിരുന്നു. അനാശാസ്യം ആരോപിച്ച നാട്ടുകാർ ഉദ്യോഗസ്ഥനെ തടഞ്ഞു നിർത്തി മർദ്ദിക്കുകയും ചെയ്തു. തുടർച്ചയായി മൂന്ന് ദിവസങ്ങലിൽ ഇതേവീട്ടിൽ എസ്‌ഐ എത്തിയതോടെയാണ് നാട്ടുകാർ അനാശാസ്യം ആരോപിച്ച് രംഗത്തെത്തിയതും തടഞ്ഞു നിർത്തി മർദ്ദിച്ചത്. ഈ വിവാദത്തിൽ പെട്ട സീരിയൽ നടിയെന്ന വ്യാജേനയാണ് ലക്ഷമിയുടെ ഫോട്ടോ പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് പരാതി നൽകിയത്. പ്രചരണത്തിന്റെ ഉള്ളടക്കം കണ്ടെത്താനാണ് സൈബർ പൊലീസിന്റെ ശ്രമം.

അടുത്തിടെ സീരിയൽ രംഗത്ത് സീരിയൽ രംഗത്ത് സജീവായി നിൽക്കുന്ന നടി കാമുകനുമൊപ്പം ഒളിച്ചോടിയിരുന്നു. സീരിയൽ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളുമായിട്ടായിരുന്നു ഒളിച്ചോടിയത്. എന്നാൽ, അധികം കഴിയും മുമ്പ് തന്നെ കാമുകൻ നടിയുടെ പക്കൽ നിന്നും സ്വർണ്ണാഭരണങ്ങൾ കരസ്ഥമാക്കിയ ശേഷം നടിയെ ഉപേക്ഷിച്ചു. പിന്നീട്, കാമുകൻ സ്വന്തമാക്കിയ സ്വർണ്ണാഭരണങ്ങൾ തിരിച്ചെടുക്കാൻ വേണ്ടിയാണ് നടി പുത്തുൻകുരിശ് എസ്‌ഐ സജീവ് കുമാറിനെ സമീപിച്ചത്. നടി നേരിട്ടെത്തി പരാതി നൽകിയതോടെ വിശദമായി അന്വേഷിക്കാമെന്ന് എസ്‌ഐയും വ്യക്തമാക്കി. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയത്. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐയെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. അതിന് ശേഷമാണ് ലക്ഷ്മിയ്‌ക്കെതിരെ വ്യാജ പ്രചരണം സജീവമായത്.

ലഹരിമരുന്നു വിൽപന നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഔദ്യോഗിക വാഹനവും വേഷവും ഒഴിവാക്കി എത്തിയതാണെന്ന് എസ്‌ഐ പറയുന്നു. മുമ്പ് ഇവിടെ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. അതിന്റെ പ്രതികാരമാണ് തീർത്തതെന്നാണ് എസ് ഐ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. എസ്‌ഐയെ മർദിച്ചതിനും വീട്ടുടമസ്ഥയെ മർദിച്ചതിനും രണ്ടു കേസുകളെടുത്തിട്ടുണ്ട്. കൊച്ചി റേഞ്ച് ഐജി എസ്. ശ്രീജിത്താണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്.