കോതമംഗലം: നെല്ലിക്കുഴി കവലയിൽ പച്ചക്കറിയും പഴങ്ങളും വിറ്റിരുന്ന സാധുവിന്റെ പെട്ടി ഓട്ടോറിക്ഷയുടെ ടയറുകൾ നശിപ്പിച്ചതിന്റെ പേരിൽ നാട്ടുകാരുടെ കണ്ണിലെ കരടായി മാറിയ കോതമംഗലം എസ് ഐ ലൈജുമോനെതിരെ നടപടിയില്ലെന്ന് സൂചന. സംഭവത്തിൽ പൊലീസ് ഒത്ത് തീർപ്പ് നാടകം കളിക്കുകയായാണെന്നാണ് ലഭ്യമായ വിവരം.

നെല്ലിക്കുഴിയിലെ സംഘർഷത്തിന്റെ പേരിൽ എസ് ഐക്കെതിരെ നടപടിയെടുക്കില്ലന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് വെളിപ്പെടുത്തിയത്. വിഷയം രാത്രി തന്നെ തീർന്നെന്നും ഇക്കാര്യത്തിൽ നടപടിയുടെ ആവശ്യമില്ലന്നുമാണ് പൊലീസിന്റെ നിലപാട്.

ഓട്ടോറിക്ഷയുടെ ടയർ നശിപ്പിച്ച വിഷയത്തിൽ സി.പി.എം പ്രാദേശിക നേതാക്കളും മറ്റ് വിവിധ രാഷ്ട്രീയ പ്രവർത്തകരും നൂറ് കണക്കിന് നാട്ടുകാരും പങ്കാളികളായ ഒത്തുതീർപ്പ് ചർച്ചയിലെ തീരുമാനങ്ങൾ പൊലീസ് നേതൃത്വം പാടെ അവണിക്കുകയാണ്. സംഘർഷം അവസാനിപ്പിക്കാൻ സ്വീകരിച്ച തന്ത്രമെന്ന നിലയിലാണ് പൊലീസ് നേതൃത്വം ഇപ്പോൾ ഈ നീക്കത്തെ വിലയിരുത്തുന്നത്.

സംഭവം സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എസ് ഐയെ പ്രതിക്കൂട്ടാലാക്കുന്ന നിരവധി സംഭവങ്ങൾ വീണ്ടും സജീവ ചർച്ചയായിട്ടുണ്ട്. പരാതിയിൽ നടപടിയെടുക്കാത്തതിനേത്തുടർന്ന് ഡിജിപിയെ സമീപിച്ച വീട്ടമ്മയെ ഈ എസ് ഐ മൊബൈലിൽ വിളിച്ച് ഭീഷിണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു.

കറുകടം പ്രദേശത്ത് മറ്റൊരാളുടെ പറമ്പിലൂടെ തടിലോഡ് കൊണ്ടുപോകുന്നതിന് എസ് ഐ ഒത്താശ ചെയ്തതും വിവാദമായിരുന്നു.കഴിഞ്ഞ ദിവസം നെല്ലിക്കുഴി കമ്പനിപ്പടി ഭാഗത്ത് വച്ച് തന്റെ കാറിനെ മറികടന്ന വാഹനയാത്രക്കാരനെ പിൻതുടർന്ന് പിടികൂടി സ്വന്തം കാറിൽകയറ്റി സ്റ്റേഷനിൽക്കൊണ്ടുപോയി മണിക്കൂറുകളോളം തടഞ്ഞുവച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കുറ്റിലഞ്ഞിയിൽ വർക്ക്‌ഷോപ്പിൽ അറ്റകുറ്റപ്പണി നടത്താൻ എൽപ്പിക്കുകയും ഇതിൽ വൻതുക കുടിശിഖ വരുത്തുകയും ചെയ്ത വാഹനം ഉടമയുമായിച്ചേർന്ന് വർക്ക് ഷോപ്പിൽ നിന്ന് ഇറക്കിയ സംഭവവും ചർച്ചയായിട്ടുണ്ട്. ഇതിനിടെ വിവരം അറിഞ്ഞെത്തിയ സ്ഥാപന ഉടമയും നാട്ടുകാരും ചേർന്ന് വാഹനം തിരികെ വർഷോപ്പിലെത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവവും അടുത്തകാലത്താണ് ഉണ്ടായത്. എന്നാൽ ഈ സംഭവത്തിലും എസ്‌ഐയ്‌ക്കെതിരെ നടപടി ഉണ്ടായില്ല. പണം നൽകി വാഹന ഉടമ തന്നെ പ്രശ്‌നം പരിഹരിച്ചെന്നാണ് സൂചന.

കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷന് മുന്നിലൂടെ കടന്നു പോയ ഡിവൈഎഫ്‌ഐ ജില്ല കാൽനട ജാഥയുടെ പൈലറ്റ് വാഹനം തടയുകയും പാർട്ടി പ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്തിരുന്നു. സ്‌റ്റേഷൻ പരിധിയിൽ ശബ്ദം കുറച്ചില്ലന്നാരോപിച്ചായിരുന്നു എസ് ഐയുടെ രോഷ പ്രകടനം. ഡിവൈ ഫ് എ ബ്ലോക്ക് സെക്രട്ടറി ആയിരുന്ന ആന്റണി ജോൺ എംഎൽഎ ആയശേഷം മണ്ഡലത്തിൽ നടന്ന പാർട്ടിയുടെ പ്രധാന പരിപാടിയായിരുന്നു ഇത്. ഈ പരിപാടി അലങ്കോലപ്പെടുത്താൻ എസ് ഐ ശ്രമിച്ചത് പാർട്ടി അണികളെയും അത്ഭുതപ്പെടുത്തിയിരുന്നു.

ഇന്നലെ രാത്രി എട്ടോടെയാണ് എസ് ഐ ലൈജുമോൻ നെല്ലിക്കുഴിയിൽ സംഘർഷം ഉണ്ടാക്കിയത്. പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം സി ഐമാരുടെ നേതൃത്വത്തിൽ വൻപൊലീസ് സംഘം സ്ഥലത്തെത്തി സംസാരിച്ചതിനെത്തുടർന്നാണ് രോഷാകുലരായ നാട്ടുകാർ ശാന്തരായത്. എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്താമെന്ന പൊലീസ് സംഘത്തിന്റെ ഉറപ്പിലാണ് ജനക്കൂട്ടം പിരിഞ്ഞു പോയത്.

ഓട്ടോറിക്ഷയുടെ ടയർ നശിപ്പിച്ച സംഭവത്തിൽ എസ ഐ സ്ഥലത്തെത്തി മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഇവിടെ ആലുവ-മൂന്നാർ റോഡ് ഉപരോധിക്കുകയായിരുന്നു. രാത്രി പത്തരയോടെ ഉന്നത പൊലീസ് ഉദ്യേഗസ്ഥർ സ്ഥലത്തെത്തി എസ് ഐ ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞത്.

റോഡിൽ ഗതാഗത തടസമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയും പാതയോരത്ത് പാർക്ക് ചെയ്ത വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമീപിച്ചപ്പോൾ ഡ്രൈവർ തയ്യാറായില്ലെന്നും തുടർന്ന് എസ് ഐ ടയറുകളുടെ കാറ്റ് അഴിച്ചുവിട്ട ശേഷം സ്ഥലം വിടുകയായിരുന്നെന്നുമാണ് സംഭവത്തെക്കുറിച്ച് കോതമംഗലം സിഐ വി ടി ഷാജന്റെ വിശദീകരണം.