കൊല്ലം: കഞ്ഞിസദ്യക്കിടെ ക്ഷേത്രത്തിൽ നടന്ന അക്രമണത്തിലെ പ്രതികളെ പിടികൂടുന്നത് വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ശാസ്താംകോട്ട പോരുവഴി ശാസ്താംനട ധർമ്മശാസ്താ ക്ഷേത്രത്തിലെ അന്നദാനത്തിനിടെ കാറോടിച്ച് കയറ്റുകയും തടഞ്ഞവരെ പിന്നീട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തവർക്ക് എതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയാണ് പൊലീസ്.

അന്നദാനത്തിനിടെ പ്രശ്‌നമുണ്ടാക്കാൻ എത്തിയവരെ തടഞ്ഞപ്പോൾ മൂന്ന് യുവാക്കളെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടുകയായിരുന്നു. അമ്പലത്തുംഭാഗം സ്വദേശി അനന്ദു ഭവനിൽ അനിൽകുമാർ (40), മഞ്ജുഭവനിൽ മനു(35), ചിറയുടെ വടക്കതിൽ ജയപ്രകാശ് (40)എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് പ്രതികൾക്ക് എതിരെ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ചർച്ചയാവുന്നത്. അക്രമികൾ വന്ന കാർ അഞ്ചാലുംമൂട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തതല്ലാതെ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പ്രതിയാക്കി ശൂരനാട് പൊലീസ് കേസെടുത്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അമ്പലത്തുംഭാഗം സ്വദേശികളായ ഹാഷീം, അൻസിൽ, കണ്ടാലറിയാവുന്ന അഞ്ചാലുംമൂട് സ്വദേശി എന്നിവരെ പ്രതിയാക്കിയാണ് കേസ്. മാരകായുധങ്ങളുമായി കാറിലെത്തിയ മൂന്നംഗസംഘം കഞ്ഞികുടിച്ചുകൊണ്ടിരുന്ന മൂന്നു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

14-ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി കഞ്ഞിസദ്യ നടക്കവേ ക്ഷേത്ര മൈതാനിയിൽ അന്നദാനത്തിൽ പങ്കെടുത്തവരുടെ ഇടയിലേക്ക് മാരുതി സ്വിഫ്റ്റ് കാർ ഓടിച്ച് കയറ്റിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

പൊടിയും മണ്ണും ചപ്പുചവറ്റുകളും മറ്റും കഞ്ഞിയിലും കറിയിലും വീണതിനെതുടർന്ന് ഭക്തജനങ്ങൾ ഇതിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ അക്രമികൾ വാഹനത്തിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് യുവാക്കളെ വെട്ടി വീഴ്‌ത്തുകയായിരുന്നു. അക്രമിസംഘത്തെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ച നാട്ടുകാരെ കാറോടിച്ചുകയറ്റി വകവരുത്താനും ശ്രമിച്ച് രക്ഷപ്പെടുകയും ചെയ്തു.

അന്വേഷണം ഊർജിതമാണെന്നും വൈകാതെ പ്രതികളെ പിടികൂടാൻ കഴിയുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഭക്തരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ശൂരനാട് പൊലീസ് സ്റ്റേഷനിലേക്ക് ഉപദേശകസമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് രാമചന്ദ്രൻ പിള്ള, സെക്രട്ടറി ബിനു മംഗലത്ത് എന്നിവർ അറിയിച്ചു.

ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രശ്നം വർഗീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം എൽ.ഡി.എഫും പ്രതിഷേധയോഗം സംഘടിപ്പിച്ചു.