കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായ നാദിർഷായ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ. ഉയർന്ന രക്തസമ്മർദ്ദമാണ് നാദിർഷായ്ക്ക്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യൽ തുടങ്ങാൻ പൊലീസിന് ആയിട്ടില്ല. പൊലീസിനോട് സത്യം മാത്രമെ പറയാവൂ എന്ന് ഹൈക്കോടതി നാദിർഷായോട് ആവശ്യപ്പെട്ടിരുന്നു. മൊഴി സത്യസന്ധമല്ലെങ്കിൽ അക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കേസിൽ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ബുധനാഴ്ച കോടതി വ്യക്തമാക്കിയ കാര്യങ്ങളാണ് ഇവ.

അതുകൊണ്ട് തന്നെ ചോദ്യം ചെയ്യൽ ഏറെ നിർണ്ണായകമാണ്. ആലുവ പൊലീസ് ക്ലബിലാണ് നാദിർഷ ഹാജരായത്. 9.40 ഓടെയാണ് നാദിർഷാ എത്തിയത്. ചോദ്യം ചെയ്യൽ തുടങ്ങുമ്പോൾ തന്നെ നാദിർഷാ അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതോടെ് മെഡിക്കൽ സംഘത്തെ പൊലീസ് ആലുവ ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി. പ്രമേഹം വളരെ കുറഞ്ഞിട്ടുണ്ട്. ബിപി കൂടുകയും ചെയ്തു. വിയർക്കുകയും ചെയ്തു. ഇതോടെയാണ് ഡോക്ടർമാരെ വിളിച്ചുവരുത്തിയത്. നാദിർഷായ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചു. ഇതോടെ നാദിർഷായ്ക്ക് പ്രാഥമിക ചികിൽസ നൽകി പൊലീസ് പറഞ്ഞുവിടും. അസുഖം ഉള്ളപ്പോൾ ചോദ്യം ചെയ്യുന്നത് മറ്റ് പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാലാണിത്. പെരുമ്പാവൂർ സിഐ ബിജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

കേസിലെ പ്രധാന പ്രതിയായ സുനിൽ കുമാറിനു (പൾസർ സുനി) നാദിർഷ പണം കൈമാറിയതു സംബന്ധിച്ച് അന്വേഷണ സംഘം നേരത്തെതന്നെ കണ്ടെത്തിയിരുന്നുവെന്നാണു വിവരം. ഇതിനു സാക്ഷികളായവരെ സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ദിലീപ് അറിയിച്ചതനുസരിച്ചാണെങ്കിലും പണം കൈമാറിയത് എന്തിനാണെന്നു നാദിർഷയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നാണു സൂചന. ഇതിലെല്ലാം വ്യക്തതവരുത്തുന്നതിനായാണു സംഘം നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുക. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ സംഘം ആവശ്യപ്പെട്ടതിനെത്തുടർന്നു നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി പരിഗണിച്ചിരുന്നു. ഇതിനു ശേഷം വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു.

നാദിർഷായുടെ മൊഴിയുടെ റിപ്പോർട്ട് തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നനതിനൊപ്പം പരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, ബുധനാഴ്ച അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ച കോടതിയുടെ പരാമർശങ്ങൾ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം രണ്ടാഴ്ചക്കകം പൂർത്തിയാകുമെന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഉറപ്പും ഉത്തരവിൽ ഇല്ല. ബുധനാഴ്ച നാദിർഷായുടെ ഹർജി പരിഗണിക്കവെയാണ് രൂക്ഷമായ വിമർശനങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്നും കേസന്വേഷണം എന്ന് തീരുമെന്നും ചോദിച്ച കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താൻ വേണ്ടിയാണോ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ പൾസർസുനിയെ ചോദ്യം ചെയ്യുന്നതെന്നുള്ള സംശയവും പ്രകടിപ്പിച്ചിരുന്നു. വാക്കാലുള്ള ഈ പരാമർശങ്ങളാണ് ഉത്തരവിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ദിലീപിന്റെ ഉറ്റ സുഹൃത്തായ നാദിർഷ സാക്ഷിയായാൽ അതു കേസിന് ബലമേകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതിനാലാണു കേസിന്റെ അവസാനഘട്ടത്തിൽ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ സംഘം ഒരുങ്ങുന്നത്. നാദിർഷ പണം നൽകിയതു സംബന്ധിച്ച സുനിയുടെ മൊഴി കഴിഞ്ഞ ദിവസമാണു പുറത്തുവന്നിരുന്നത്.