തിരുവനന്തപുരം: സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുകയെന്നതിന് വലിയ പ്രാധാന്യമാണ് ഈ സർക്കാർ നൽകുന്നതെന്ന് ഇടത് നേതാക്കൾ പ്രസംഗിക്കുന്നത് പതിവാണ്. സുരക്ഷ ഒരുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കേണ്ടവരാണ് പൊലീസുകാർ എന്നിരിക്കെ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നടന്നത്. മദ്യലഹരിയിലായിരുന്ന ഒരു പൊലീസുകാരൻ രണ്ട് പെൺകുട്ടികളെ കടന്ന് പിടിക്കാൻ ശ്രമിച്ച് ജയിലിലായി. പെൺകുട്ടികൾ ധൈര്യത്തോടെ പ്രതികരിച്ചതാണ് നവീൻ എന്ന പൊലീസുകാരനെ അഴിക്കുള്ളിലാക്കിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തലസ്ഥാനത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ മക്കൾ മെഡിക്കൽ കോളേജ് ട്രിഡയ്ക്ക് സമീപം വാഹനം പാർക്ക് ചെയ്യുന്ന നേരത്ത് നവീൻ ആ പരിസരത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ കുറച്ച് നേരം വാഹനത്തിൽ നോക്കി നിന്ന ശേഷം പെൺകുട്ടികൾ വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് പോയി. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലമായിരുന്നു അവിടെ.

കൂടുതൽ വാഹനങ്ങൾ ഉള്ളതുകൊണ്ട് തന്നെ വാഹനം പാർക്ക് ചെയ്യാൻ സഹായിക്കുവാനെന്ന മട്ടിൽ നവീൻ ഇവരുടെ അടുത്തേക്ക് എത്തുകയും പിന്നീട് വാഹനം റിവേഴ്സ് വരാനുൾപ്പടെ സൈഡ് പറഞ്ഞ് കൊടുക്കകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് പെൺകുട്ടികൾ വാഹനത്തിന് പുറത്ത് ഇറങ്ങിയപ്പോഴും ഓരോന്ന് പറഞ്ഞ് ഇയാൾ അവർക്ക് ചുറ്റും കറങ്ങുകയും ചെയ്തു. പിന്നീട് ഇയാൾ പെൺകുട്ടികളോട് അപമര്യാദയായി സംസാരിക്കുകയും ശരീരത്ത് സ്പർശിക്കാനും ശ്രമിക്കുകയായിരുന്നു.

പൊലീസുകാരൻ കടന്ന് പിടിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടികൾ തിരിച്ച് പ്രതികരിക്കുകയായിരുന്നു. അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്യുന്നത് കണ്ടതോടെ സമീപത്ത് നിന്ന നാട്ടുകാർ അവിടേക്ക് എത്തി. നാട്ടുകാർ കൂടിയപ്പോൾ താൻ പൊലീസുകാരനാണെന്ന് പറഞ്ഞ് നവീൻ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇയാളുടെ സംസാരത്തിൽ നിന്നും മദ്യപിച്ചിട്ടുണ്ടെന്നും മനസ്സിലായതോടെ നാട്ടുകാർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു.

മെഡിക്കൽ കോളേജ് പൊലീസ് സ്ഥലതെത്തിയ ഉടനെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നവീൻ വെങ്ങാനൂർ സ്വദേശിയാണെന്നും നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനാണ് എന്നും മനസ്സിലായത്. പിന്നീട് മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറിയത് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. പിന്നീട് ഇയാളെ റിമാൻഡ് ചെയ്ത് പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.