കൊച്ചി: സർക്കാർ ബിവറേജസ് കുത്തിത്തുറന്ന് പണവും മദ്യവും കവർന്ന മോഷ്ടാക്കളിൽ നിന്നും മദ്യം അടിച്ചുമാറ്റിയ പൊലീസുകാരനെ സസ്‌പെൻഡു ചെയ്തു. വീട് പാർപ്പു ദിവസം സസ്‌പെൻഷൻ ഓഡറും കിട്ടി. കൊടുങ്ങല്ലൂർ എസ്എൻ.പുരത്തെ ബിവറേജസ് കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലെ പ്രതികളിൽ നിന്നും മദ്യം അടിച്ചു മാറ്റിയതിന് നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരിജാവല്ലഭനെയാണ് ആലുവ റൂറൽ എസ്‌പി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ രണ്ടാഴ്ചക്ക് മുമ്പാണ് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലുർ എസ് എൻ. പുരത്തുള്ള സർക്കാർ ബീവറേജസ് കോർപ്പറേഷന്റെ വിദേശ മദ്യഷാപ്പ് കുത്തിതുറന്ന് 34,000 രൂപയുടെ വിദേശമദ്യം മോഷ്ടിച്ചത്. അന്നേ ദിവസം ആലുവ -പറവൂർ റൂട്ടിൽ മന്ദത്തുവച്ച് രാത്രിയിൽ നൈറ്റ് പട്രോളിംഗിനിടയിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന എസ്റ്റിംകാറിൽ നിന്നും ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ രജീഷ് കമാർ 6 പേരെ പിടികൂടിയിരുന്നു. എസ് ഐ പറവൂർ സ്റ്റേഷനിലേക്ക് സന്ദേശം നൽകിയതനുസരിച്ച് കാറുൾപ്പടെ 6 പേരെയും സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ പൊലീസ് ഓഫീസറായ ഗിരിജാവല്ലഭനെയും ഹോം ഗാർഡായ അനിലിനെയും ഏൽപ്പിച്ചു.

ഇവരക്ക് പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് മാത്രം കെസ്സെടുത്തു. കേസ്സെടുക്കലും പരിശോധനയും കഴിഞ്ഞ് രണ്ടു കുപ്പി വിലകൂടിയ ബക്കാർഡി വിദേശമദ്യവും കൈക്കലാക്കിയ ശേഷമാണ് ഇവരെ വിട്ടത്. എന്നാൽ കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന കെയ്‌സുകണക്കിനു മോഷ്ടിക്കപ്പെട്ട വിദേശമദ്യം പരിശോധിക്കാൻ പിടികൂടിയ 'എസ് ഐക്കും തോന്നിയില്ല പൊലീസുകാർക്കും തോന്നിയല്ല.

കഴിഞ്ഞ ആഴ്ച മതിലകം പൊലീസ് മദ്യഷാപ്പ് കുത്തികവർച്ച ചെയ്തവരെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ, കരുമാല്ലർ, തട്ടാംപടി സ്വദേശികളായ വിജീഷ്, ശ്രീജിത്ത്, റിച്ചു മൈക്കിൾ, അഖിൽ, നിസ്സാം, രഞ്ജിത്ത് എന്നിവരാണ് പ്രതികൾ. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കവർച്ചക്ക് ശേഷം പൊലീസ് പിടികൂടിയതും പൊലീസുകാരൻ രണ്ടു കുപ്പി അടിച്ചുമാറ്റിയതും പൊലീസ് സ്‌ക്വാഡിന് മുമ്പാകെ പറഞ്ഞത്.

ഇതനുസരിച്ച് നടന്ന നടന്ന പ്രാഥമിക അന്വേഷണത്തിനുശേഷം പറവൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ഗിരിജാവല്ലഭനെ ആലുവ റൂറൽ എസ്‌പി ഉണ്ണിരാജാ സസ്‌പെൻഡുചെയ്യുകയായിരുന്നു. നായരമ്പലത്ത് ഗിരിജാവല്ലഭൻ പുതുതായി പണിത വീടിന്റെ പാൽകാച്ചൽ ദിവസമാണ് പൊലീസുകാരന് സസ്‌പെൻഷൻ എത്തിയതും.