തിരുവനന്തപുരം: ക്രൈംബ്രാഞ്ച് മേധാവിയെയടക്കം മാറ്റി പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത് 'രഹസ്യനീക്ക'ത്തിലൂടെ എന്ന് റിപ്പോർട്ട്. ഐപിഎസുകാരുടെ നിയമനം സർക്കാരിന്റെ അവകാശമാണ്. അപ്പോഴും സ്ഥലം മാറ്റത്തെ കുറിച്ച് പൊലീസ് മേധാവിയോട് ചോദിക്കും. ഇതിനൊപ്പം ഉയർന്ന ഉദ്യോഗസ്ഥരെ മാറ്റുന്നതിനുമുമ്പ് അവരോട് ആലോചിക്കുകയോ പറയുകയോ ചെയ്യുന്ന രീതിയും പൊലീസിലുണ്ട്. ഇത് അട്ടിമറിച്ചാണ് കഴിഞ്ഞദിവസം വിജിലൻസ്, ക്രൈംബ്രാഞ്ച് തലവന്മാരെ മാറ്റിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് നിർണായക ഘട്ടത്തിലെത്തിനിൽക്കുമ്പോഴാണ് മേധാവിയായ എസ്. ശ്രീജിത്തിനെ മാറ്റുന്നത്. ഗതാഗത കമ്മിഷണറാക്കി ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് ശ്രീജിത്ത് ഇതേ കുറിച്ച് അറിയുന്നത്. അക്ഷരാർത്ഥത്തിൽ ശ്രീജിത്ത് ഇക്കാര്യത്തിൽ ഞെട്ടി. വിജിലൻസ് തലപ്പത്ത് മാറ്റത്തിന് കാരണം ഡയറക്ടറായിരുന്നു സുദേഷ് കുമാറിനെതിരായ അഴിമതി ആരോപണമാണെന്നും സൂചനയുണ്ട്. ചില പരാതികൾ സർക്കാരിനും ഡി.ജി.പി.ക്കും മുമ്പിലുള്ളതുകൊണ്ടാണിത്. ഡയറക്ടറായ സുദേഷ് കുമാറിനെതിരേ വിജിലൻസിൽത്തന്നെ പരാതിയുണ്ട്. ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയും സുദേഷിനെതിരേ പരാതി നൽകിയിട്ടുണ്ട്.

ദിലീപിന്റെ കേസിൽ ശ്രീജിത്തിന്റെ ഇടപെടൽ പൊതുസമൂഹംപോലും ശ്രദ്ധിക്കുന്നതാണ് എന്നതിനാൽ അദ്ദേഹത്തിന് സ്ഥാനമാറ്റം ആരും പ്രതീക്ഷിച്ചിതല്ല. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം എല്ലാ അർത്ഥത്തിലും മലയാളിയെ ഞെട്ടിച്ചു. പുറത്തു വന്ന ശബ്ദ രേഖകൾ സത്യം പറഞ്ഞു. ഇതിനിടെയാണ് ശ്രീജിത്തിനെ മാറ്റുന്നത്. ആഭ്യന്തരവകുപ്പുകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് മാറ്റം.

പൊലീസിനെതിരേ ആരോപണങ്ങൾ ഏറെയുണ്ടായിട്ടും തലപ്പത്ത് മാറ്റങ്ങളുണ്ടായിട്ടില്ല. എന്നാൽ, ശശിയുടെ നിയമനവും മാറ്റവും തമ്മിൽ ബന്ധമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. നടിയെ അക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ഇടപെടൽ ദുർബലപ്പെടുത്തുന്നതാണ് അഴിച്ചുപണിയെന്ന് ആരോപണം ഉയർന്നിട്ടുമുണ്ട്. ഇതും സർക്കാർ നിഷേധിക്കുകയാണ്. എന്നാൽ ക്രൈംബ്രാഞ്ച് മേധിവിയെ മാറ്റിയ സർക്കാർ നടപടി നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചനാക്കേസ് അന്വേഷണത്തിലും അനിശ്ചിതത്വം ഉണ്ടാക്കും.

ഒറ്റ രാത്രികൊണ്ട് എസ്.ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റിയതോടെ അന്വേഷണം പാതിവഴിയിൽ നിലച്ചമട്ടാണ്. പുതിയ മേധാവിയെത്തി കേസിന്റെ നാൾ വഴികൾ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രമേ ഇനി അന്വേഷണസംഘത്തിന് മുന്നോട്ടുപോകാൻ സാധിക്കുള്ളു. ജയിൽ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹിബ് ആയിരിക്കും പുതിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ട്രാൻസ്പോർട്ട് കമ്മിഷണറായ എ.ഡി.ജി.പി: എം.ആർ. അജിത്കുമാറാകും പുതിയ വിജിലൻസ് ഡയറക്ടർ. വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയ സുധേഷ്‌കുമാറിനെയാണ് പുതുതായി സൃഷ്ടിച്ച ജയിൽ ഡി.ജി.പി തസ്തികയിൽ നിയമിച്ചിരിക്കുന്നത്.

വിജിലൻസ് ഡയറക്ടറുടെ തസ്തികയ്ക്ക് തുല്യമായി ഒരു ഡി.ജി.പി തസ്തിക (ജയിൽ) സൃഷ്ടിച്ചുകൊണ്ടാണ് സുധേഷ്‌കുമാറിനെ മാറ്റിയത്. തനിക്കെതിരേയുള്ള വിജിലൻസ് കേസ് അന്വേഷണം മന:പപൂർവം വൈകിക്കുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ടോമിൻ ജെ. തച്ചങ്കരി സുദേഷ് കുമാറിന്റെ പേരിൽ പരാതി ഉന്നയിച്ചിരുന്നു. സുധേഷ്‌കുമാറിനെതിരേ മറ്റു ചില പരാതികളും ആഭ്യന്തര വകുപ്പിനു മുന്നിൽ ഉണ്ട്. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് സുദേഷിന്റെ സ്ഥാനചലനം.