തിരുവനന്തപുരം: പൊലീസിനെ നയിക്കുന്നത് ഡിജിപി അനിൽകാന്താണ്. എന്നാൽ നിർണ്ണായക ചുമതല കൈയിലുള്ളത് വിജയ് സാഖറെയ്ക്കാണ്. കഴിഞ്ഞ ദിവസത്തെ അഴിച്ചു പണിയിലും വിജയ് സാഖറെയ്ക്ക് മാറ്റമില്ല. വിവിധ ആക്ഷേപങ്ങൾക്കിടയിലും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ പിണറായി മാറ്റുന്നില്ല. വ്യക്തമായ സന്ദേശമാണ് ഇതിലുള്ളത്.

ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥർ ഒതുക്കപ്പെട്ടപ്പോൾ സർക്കാരിന്റെ ഗുഡ് ബുക്കിൽ കയറിയ ഉദ്യോഗസ്ഥർ പ്രധാന തസ്തികകളിലേക്കു തിരിച്ചെത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ നേതൃത്വത്തിലാണ് അഴിച്ചു പണി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പ്രധാന തസ്തികകളിൽ നിയമനം നൽകാതിരുന്ന എഡിജിപി പത്മകുമാറിനെ പൊലീസ് ആസ്ഥാനത്താണ് എഡിജിപിയായി നിയമിച്ചത്. യുഡിഎഫുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനെന്ന വിലയിരുത്തലിലായിരുന്നു പ്രധാന തസ്തികകളിൽനിന്ന് നേരത്തെ ഒഴിവാക്കിയത്.

സീനിയർ ഉദ്യോഗസ്ഥനായ എഡിജിപി യോഗേഷ് ഗുപ്തയെ വീണ്ടും പ്രധാന തസ്തികകളിൽനിന്ന് ഒഴിവാക്കി. ആറു മാസത്തിനിടെ അഞ്ചു സ്ഥലം മാറ്റമാണ് യോഗേഷ് ഗുപ്തയ്ക്കു ലഭിച്ചത്. നേരത്തെ ചുമതലയുണ്ടായിരുന്ന ബവ്‌റിജസ് കോർപറേഷൻ എംഡിയായാണ് യോഗേഷിനെ മാറ്റിയത്. ഇവിടെ അഴിമതി ഇല്ലാതാക്കാൻ ശ്രമിച്ചാണ് യോഗേഷ് ഗുപ്ത സർക്കാരിന്റെ കണ്ണിലെ കരടായതെന്നാണ് വിലയിരുത്തൽ. ഡപ്യൂട്ടേഷൻ കഴിഞ്ഞു കേരളത്തിൽ മടങ്ങിയെത്തിയശേഷം പ്രധാന തസ്തികയൊന്നും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. എഡിജിപി മനോജ് എബ്രഹാമിനെ വിജിലൻസ് മേധാവിയെന്ന സുപ്രധാന തസ്തികയിൽ നിയമിച്ചു. പൊലീസിനു പുറത്ത് മനോജ് എബ്രഹാം പോകുന്നുവെന്നതാണ് വസ്തുത.

സ്വർണക്കടത്തു കേസ് പ്രതി സ്വപ്നയുമായി ബന്ധപ്പെട്ട ഫോൺവിളികളുടെ പേരിൽ ഒഴിവാക്കപ്പെട്ട എഡിജിപി എം.ആർ.അജിത് കുമാറിനെ ബറ്റാലിയൻ എഡിജിപിയുടെ പ്രധാന തസ്തികയിലേക്കു നിയമിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം തടയുന്നതിൽ വീഴ്ച വരുത്തിയതാണ് വയനാട് എസ്‌പി അരവിന്ദ് സുകുമാറിനു വിനയായത്. ബവ്‌റിജസ് കോർപറേഷനിലെ അഴിമതി തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിനിടയിലാണ് ശ്യാംസുന്ദർ ഐപിഎസിനെ എംഡി സ്ഥാനത്തുനിന്നും മാറ്റിയത്. കോട്ടയത്ത് പൊലീസ്-ഗുണ്ടാ ബന്ധം കണ്ടെത്തിയ എസ് പി ശിൽപയും മാറുന്നു.

സോളാർ കേസിൽ ആരോപണ വിധേയരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് എഡിജിപിമാരായ പത്മകുമാറും അജിത് കുമാറും. ഇതിൽ വിജിലൻസ് ഡറക്ടറായിരുന്ന അജിത് കുമാർ സ്വപ്നാ സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ വിവാദത്തിലായി. ഇതോടെ ആ പദവി പോയി. എന്നാൽ അധിക കാലം ആ വേദന ഉണ്ടായില്ല. ആംഡ് പൊലീസ് എഡിജിപിയായി അജിത് കുമാർ വീണ്ടും സജീവമാകും. എഡിജിപിയായ പത്മകുമാർ പൊലീസ് ആസ്ഥാനത്തും എത്തുന്നു. രണ്ടും സുപ്രധാന കസേരകൾ. ഇതോടെ സോളാർ കേസിൽ ചർച്ചയായ പൊലീസുകാരുടെ കഷ്ടകാലം മാറുന്നുവെന്നതാണ് വസ്തുത.

സോളാർ കേസിലെ വിവാദ നായിക ഇന്ന് സർക്കാരിന് ഒപ്പമാണ്. പിസി ജോർജിന്റെ അറസ്റ്റ് വരെ ഇത് അടിവരയിട്ട് തെളിയിച്ച കാര്യമാണ്. ഈ സാഹചര്യത്തിലാണ് ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടേയും പുതിയ പദവികൾ ചർച്ചയാകുന്നത്. ഏറ്റവും കൂടുതൽ കാലം ഡിജിപി സേവനം അനുഷ്ഠിക്കാൻ സാധ്യതയുള്ള മനോജ് എബ്രഹാമിന് എഡിജിപി ആയിരിക്കുമ്പോഴേ ആഭ്യന്തര വകുപ്പിലെ രണ്ടാമത്തെ മികച്ച പദവി കിട്ടുന്നു. ഇത് അടുത്ത പൊലീസ് ഡിജിപി ആരായിരിക്കുമെന്ന സൂചനകളാണ് നൽകുന്നത്. അങ്ങനെ മനോജ് എബ്രഹാമിന്റേയും പത്മകുമാറിന്റേയും അജിത് കുമാറിന്റേയും പദവികൾ പൊലീസിൽ ആരോടെല്ലാമാണ് സർക്കാരിന് ഈ ഘട്ടത്തിൽ കൂടുതൽ താൽപ്പര്യമെന്ന് വ്യക്തമാക്കുന്നു.

ആരും പ്രതീക്ഷിക്കാത്ത അഴിച്ചു പണിയാണ് നടന്നത്. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയായ പി ശശിയുടെ തീരുമാനപ്രകാരമാണ് എല്ലാം നടന്നത്. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം. സെക്യൂരിറ്റി ഐജിയായിരുന്ന തുമല വിക്രത്തെ നോർത്ത് സോൺ ഐജിയായി നിയമിച്ചു. നോർത്ത് സോൺ ഐജിയായിരുന്ന അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായും ബവ്റിജസ് കോർപറേഷൻ എംഡിയായിരുന്ന എസ്.ശ്യാംസുന്ദറിനെ ക്രൈം ഡിഐജിയായും നിയമിച്ചു.

കോഴിക്കോട് റൂറൽ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസിനെ സ്പെഷൽ ബ്രാഞ്ച് (സെക്യൂരിറ്റി) എസ്‌പിയായി നിയമിച്ചു. എറണാകുളം റൂറൽ എസ്‌പി കെ.കാർത്തിക് കോട്ടയം എസ്‌പിയാകും. കൊല്ലം സിറ്റി കമ്മിഷണറായിരുന്ന ടി.നാരായണൻ പൊലീസ് ആസ്ഥാനത്ത് അഡിഷനൽ ഐജിയാകും. പൊലീസ് ആസ്ഥാനത്ത് എസ്‌പിയായിരുന്ന മെറിൻ ജോസഫാണ് പുതിയ കൊല്ലം കമ്മിഷണർ.

ഇടുക്കി എസ്‌പി കറുപ്പുസ്വാമിയെ കോഴിക്കോട് റൂറൽ എസ്‌പിയായി നിയമിച്ചു. വയനാട് എസ്‌പി അരവിന്ദ് സുകുമാർ കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റാകും. കോട്ടയം എസ്‌പിയായിരുന്ന ഡി.ശിൽപയെ വനിതാ സെൽ എസ്‌പിയായി നിയമിച്ചു. ഇവർക്ക് വനിതാ ബറ്റാലിയൻ കമാൻഡന്റിന്റെ അധിക ചുമതലയും ഉണ്ടാകും. പൊലീസ് ആസ്ഥാനത്തെ അഡിഷനൽ എഐജി ആർ.ആനന്ദിനെ വയനാട് എസ്‌പിയായും നിയമിച്ചിട്ടുണ്ട്.