- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസർ സുനി ഒരു കൂട്ടാളിക്കൊപ്പം ലക്ഷ്യയിൽ എത്തിയെന്ന് മൊഴി നൽകിയത് സാഗർ വിൻസന്റ്; വിസ്താരത്തിനിടെ കൂറു മാറിയ സാക്ഷിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം; കേസിലെ മാഡം ബന്ധം വീണ്ടും ചർച്ചയാകുമോ? നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റിന് സാധ്യത
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റിന് സാധ്യത. ദിലീപ് വൻ സ്വാധീനം ഉപയോഗിച്ചു അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ കാവ്യാ മാധവൻ ബന്ധവും നേരത്തെ ചർച്ചയായിരുന്നു. ഈ ബന്ധം കൂടുതൽ ദുരൂഹമാക്കുന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. ഇതിനിടെ കേസിലെ നിർണായക നീക്കമെന്ന വിധത്തിൽ നടിയെ പീഡിപ്പിച്ചെന്ന കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസന്റിന്റെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ബന്ധുക്കളും ചേർന്നു നടത്തുന്ന വസ്ത്രാലങ്കാര ശാലയായ 'ലക്ഷ്യ'യിലെ മുൻജീവനക്കാരനാണു സാഗർ വിൻസന്റ്. 2017 ഫെബ്രുവരി 17നു നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന സംഭവത്തിനു ശേഷം ഒളിവിൽ കഴിയുന്ന ഘട്ടത്തിൽ മുഖ്യപ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) ഒരു കൂട്ടാളിക്കൊപ്പം ലക്ഷ്യയിലെത്തിയതായി സാഗർ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. എന്നാൽ വിസ്താരത്തിനിടയിൽ കൂറുമാറിയ സാഗർ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റി.
പ്രതിഭാഗം അഭിഭാഷകൻ പണം നൽകിയാണു സാഗർ വിൻസന്റിന്റെ മൊഴിമാറ്റിയതെന്ന സൂചനയുള്ള ടെലിഫോൺ സംഭാഷണങ്ങൾ പിന്നീടു പൊലീസിനു ലഭിച്ചതോടെയാണു മജിസ്‌ട്രേട്ട് കോടതി മുൻപാകെ സാഗർ വിൻസന്റിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം അപേക്ഷ നൽകിയത്. കേസിലെ നിർണായക തൊണ്ടി മുതലായ മെമ്മറി കാർഡ് വീണ്ടും സൈബർ പരിശോധനകൾക്കു വിധേയമാക്കാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജി കഴിഞ്ഞ 9നു തള്ളിയതായി കോടതി ഇന്നലെ പ്രോസിക്യൂഷനെ അറിയിച്ചിരുന്നു.
9നു ശേഷം 13, 19 തീയതികളിൽ കേസിന്റെ ആവശ്യങ്ങൾക്കു വേണ്ടി അന്വേഷണ സംഘം വിചാരണക്കോടതിയിൽ എത്തിയെങ്കിലും ഹർജി തള്ളിയ ഉത്തരവ് കണ്ടിരുന്നില്ല. എന്നാൽ ഈ കേസ് രജിസ്റ്റർ ചെയ്ത നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലേക്ക് ഉത്തരവ് 17ാം തീയതി സാധാരണ പോസ്റ്റായി കോടതിയിൽ നിന്ന് അയച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് 9ാം തീയതിയിലെ ഉത്തരവ് പ്രോസിക്യൂഷനും അന്വേഷണ സംഘവും അതിനു ശേഷം 2 തവണ കോടതിയിൽ നേരിട്ട് എത്തിയിട്ടും അറിയാതെ പോയതെന്നു കണ്ടെത്താൻ പൊലീസ് സമാന്തര അന്വേഷണം ആരംഭിച്ചു.
നേരത്തെ നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസെന്റിനെതിരെ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു. സാഗർ നൽകിയത് കള്ള പരാതിയാണെന്നും പിന്നിൽ ദിലീപിന്റെ സ്വാധീനമുണ്ടെന്നും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി ബൈജു പൗലോസ് അങ്കമാലി ജെ.എഫ്.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. സാഗറിനെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബൈജു പൗലോസ് വ്യക്തമാക്കി.
ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗർ മൊഴിമാറ്റിയത്. ദിലീപിന്റെ സഹോദരൻ അനൂപും കാവ്യാമാധവന്റെ ഡ്രൈവർ സുനീറൂം അഭിഭാഷകരും ചേർന്നാണ് സാഗറിനെ സ്വാധീനിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിലെ മറ്റൊരു സാക്ഷി ശരത് ബാബുവിന്റെ മൊഴിമാറ്റാൻ സാഗർ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ടെലിഫോൺ രേഖകൾ അടക്കം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും സാഗറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും അങ്കമാലി ജെ.എഫ്.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗർ മൊഴിമാറ്റിയതെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും ടെലിഫോൺ രേഖകളും ലഭിച്ചതായും ബൈജു പൗലോസ് കോടതിയിൽ അറിയിച്ചു. തുടരന്വേഷത്തിന്റെ പേരിൽ ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്ന ആശങ്കയുള്ളതായും തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ബൈജു പൗലോസ് നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സാഗർ വിൻസെന്റ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ