പാലക്കാട്: പാലക്കാട് മേലാമുറിയിലെ ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ പൊലീസിന്റെ റെയ്ഡ്. എസ്ഡിപിഐയുടെ പാർട്ടി ഓഫീസുകളിലും വീടുകളിലും ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ സംഘമാണ് പരിശോധന നടത്തുന്നത്.കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.

പട്ടാമ്പി, തൃത്താല മേഖലകളിലെ എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലാണ് പൊലീസിന്റെ റെയ്ഡ്. മേഖലയിലെ എസ്.ഡി.പി.ഐ. നേതാക്കളുടെ വീടുകളിലും പരിശോധന നടക്കുന്നതായാണ് വിവരം.

കഴിഞ്ഞദിവസം പാലക്കാട്ടെ എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പൊലീസ് റെയ്്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പട്ടാമ്പി, തൃത്താല മേഖലകളിലും പരിശോധന നടത്തുന്നത്.

ജില്ലയിൽ പട്ടാമ്പിയും പരിസര പ്രദേശങ്ങളും എസ്ഡിപിഐ സ്വാധീന മേഖലകൾ. ഇവിടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.ശ്രീനിവാസനെ വധിച്ച ശേഷം പ്രതികൾ പട്ടാമ്പിയിൽ ഒളിച്ച് താമസിച്ചതായും വിവരം ലഭിച്ചിരുന്നു.

ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കാളിയായ ഫയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം ഐ.ജി. അശോക് യാദവും ഞായറാഴ്ച സ്ഥിരീകരിച്ചു. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ശ്രീനിവാസൻ വധക്കേസിലെ പ്രധാന പ്രതികൾ കേരളം വിട്ട് പോയിട്ടില്ലെന്ന് ഐ ജി അശോക് യാദവ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊലപാതത്തിൽ നേരിട്ട് പങ്കെടുത്തവരിൽ രണ്ട് പേരെ മാത്രമാണ് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. ശേഷിക്കുന്ന അഞ്ച് പേർക്കുള്ള തിരച്ചിലിന്റെ ഭാഗമായാണ് പരിശോധന. പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടെത്തി ചോദ്യം ചെയ്ത് പ്രതികളിലേക്കെത്താനാണ് ഈ റെയ്ഡെന്ന് പൊലീസ് പറയുന്നു. ഇപ്പോൾ പരിശോധന നടത്തുന്ന പ്രദേശങ്ങളിലെ പലരും ഒളിവിലാണ്.

ശ്രീനിവാസൻ വധത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. നേരത്തെ കോങ്ങാട് സ്വദേശി ബിലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ കൊലയാളി സംഘത്തിലുൾപ്പെട്ട ആളാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കഴിഞ്ഞ ദിവസം പിടിയിലായ മൂന്ന് പേരും ശംഖുവാരത്തോട് സ്വദേശികളാണ്. ഗൂഢാലോചനയിൽ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത് എന്നാണ് പൊലീസ് പറയുന്നത്.

ഇതിലൊരാൾ കൃത്യം നടക്കുമ്പോൾ മേലാമുറിയിലെത്തിയിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും തെളിവെടുപ്പിനിടെ കണ്ടെത്തിയിട്ടുണ്ട്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പേരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ് . ബിലാൽ, റിസ്വാൻ, സഹദ്, റിയാസുദ്ദീൻ എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്.

ഏപ്രിൽ 15, 16 തിയതികളിലാണ് എസ് ഡി പി ഐ പ്രവർത്തകനായ സുബൈറും ആർ എസ് എസ് പ്രവർത്തകനായ ശ്രീനിവാസനും കൊല്ലപ്പെട്ടത്. മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊന്നതിന് പ്രതികാരാമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സുബൈർ വധത്തിന്റെ പ്രതികാരമെന്നോണമാണ് ശ്രീനിവാസനും പിന്നീട് കൊല്ലപ്പെട്ടത്.