മലപ്പുറം: യുഎഇയിൽ ഏഴു കോടിയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ച പ്രതികളെ കുരുക്കാൻ തിരൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. കൊടുങ്ങല്ലൂർ സ്വദേശികളും ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. റഷീദ് പടിയത്ത് മണപ്പാട്ടിന്റെ മകനുമായ മുഹമ്മദ് നാസർ, ഭാര്യ സാജിത മുഹമ്മദ് നാസർ, ചാവക്കാട് സ്വദേശികളായ മരീഷ് മുഹമ്മദലി സഹോദരൻ ഫാസിൽ മുഹമ്മദലി എന്നിവരാണ് യഥാക്രമം ഒന്നു മുതൽ നാലു വരെ പ്രതികൾ.

ഇതിൽ മൂന്നാം പ്രതി മരീഷ് മുഹമ്മദിന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്തേയ്ക്ക് കടന്നതിനെ തുടർന്ന് വാറണ്ടിലാണ്. നടന്ന കുറ്റകൃത്യത്തിൽ ഒന്നും രണ്ടും പ്രതികളാണ് പവർ ഓഫ് അറ്റോണിയിൽ വ്യാജരേഖ ചമച്ചതെന്നു കാട്ടിയാണ് മരീഷ് അന്ന് ജാമ്യം നേടിയത്.

2012ലാണ് കേസിനാസ്പദമായ സംഭവം. തിരൂർ സ്വദേശിയുടെ ദുബായിലെ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനായി പാർട്ട്ണർ കൂടിയായിരുന്ന നാസറിന്റെ ഭാര്യ സാജിതയുടെ പേരിൽ പവർ ഓഫ് അറ്റോണി നൽകിയിരുന്നു. പ്രസ്തുത പവർ ഓഫ് അറ്റോണി ഉപയോഗിച്ച് പരാതിക്കാരന്റെ രണ്ടു സ്ഥാപനങ്ങൾ വിൽക്കുകയും ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.

വഞ്ചന, പവർ അറ്റോണിയിലെ നിബന്ധനകൾ ലംഘിക്കയ്ക്കൽ, വ്യാജരേഖ ചമയ്ക്കൽ, പണം തട്ടിയെടുക്കൽ എന്നീ വകുപ്പുകൾ് ചുമത്തിയാണ് കോടതി പ്രതികൾക്കെതിരെ അന്വേഷണത്തിന്് ഉത്തരവിട്ടുള്ളത്. ഉടമയറിയാതെ ഏഴു കോടി രൂപയാണ് നാലു പ്രതികളും ചേർന്ന് തട്ടിയെടുത്തത്. നിലവിൽ കേസുമായി ബന്ധപ്പെട്ട് കോടതി ഉടമകളുടെ സ്വത്തു വകകൾ കണ്ടുകെട്ടിയിട്ടുണ്ട്.

പ്രതികളുടെ പിതാവ് ഡോ. റഷീദ് പടിയത്ത് മണപ്പാട്ടിന്റെയും മുൻ ചാവക്കാട് നഗരസഭാ ചെയർമാൻ എം. അക്‌ബറിന്റെയും മധ്യസ്ഥതയിൽ പണം നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. തുടർന്നും പണം നൽകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസായതിനാൽ അറസ്റ്റ് ഒഴിവാക്കാനും കേസ് സിവിലാക്കാനും പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി കേസ് തള്ളിയതോടെ പ്രതികൾ വിദേശത്തേയ്ക്ക് മുങ്ങി.

വാറണ്ട് നിലനിൽക്കെ പ്രതികൾ നാട്ടിലെത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ സിഎച്ച്ഒ ജിജോ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് പരാതിക്കാരൻ മലപ്പുറം എസ്‌പിക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് തുടരന്വേഷണത്തിനായി തിരൂർ ഡിവൈഎസ്‌പിക്ക് കേസ് കൈമാറിയത്. പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടു വരുന്നതിനായി ദുബായ് കോൺസുലേറ്റുമായി ബന്ധപ്പെടാനിരിക്കുകയാണ് പൊലീസ്. കൊടുങ്ങല്ലൂർ, വടക്കേക്കാട് പൊലീസിന്റെ കൂടി സഹകരണത്തോടെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്്.