- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത മാസ്‌ക് ഊരിച്ചതെന്തിന്? നാല് ജില്ലാ എസ്‌പിമാരോട് ഡിജിപി അനിൽ കാന്ത് വിശദീകരണം തേടിയത് സംഭവം വിവാദമായതോടെ; ഡിജിപി നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ പകർപ്പ് വിവരാവകാശം വഴി ചോദിച്ചപ്പോൾ പൊലീസിന് ഒളിച്ചുകളി; വിവരം ലഭ്യമല്ല എന്ന് കോട്ടയം സ്വദേശിക്ക് വിചിത്ര മറുപടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ കറുത്ത മാസ്‌ക് ഊരി വയ്‌പ്പിച്ചത് ഇടക്കാലത്ത് വിവാദമായിരുന്നു. ഇതേ തടുർന്ന് പൊതുജനങ്ങളിൽ നിന്ന് അടക്കം കറുത്ത മാസ്‌ക് നീക്കം ചെയ്യിച്ചതിൽ നാല് ജില്ലാ എസ്‌പിമാരോട് ഡിജിപി അനിൽകാന്ത് വിശദീകരണം തേടിയതായും ജൂണിൽ വാർത്ത വന്നിരുന്നു. കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിലെ എസ്‌പിമാരോടാണ് വിശദീകരണം തേടിയതെന്നായിരുന്നു വാർത്ത. സംഭവം വിവാദമായതോടെ കറുത്ത മാസ്‌ക് വയ്ക്കരുതെന്ന വിലക്കില്ലായിരുന്നുവെന്ന് പൊലീസ് അനൗദ്യോഗികമായി വിശദീകരിക്കുകയും ചെയ്തു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷയിൽ പൊലീസ് ആസ്ഥാനത്ത് നിന്ന് നൽകിയത് വിചിത്രമായ മറുപടി.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരുപറഞ്ഞ് കറുത്ത മാസ്‌ക് ധരിച്ചവരെയും, കറുത്ത വസ്ത്രം ധരിച്ചവരെയും പൊലീസ് വേട്ടയാടിയതിന്റെ പേരിൽ, എറണാകുളം സിറ്റി, കോട്ടയം, മലപ്പുറം, കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപി അനിൽ കാന്ത് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ടത്. കോട്ടയം, ചാമംപതാൽ സ്വദേശി കെ.ജെ.ജോസ്പ്രകാശ് കിടങ്ങയിൽ നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസിന്റെ ഒളിച്ചുകളി.
അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട സെക്ഷനിലെ ലഭ്യമായ രേഖകൾ പരിശോധിച്ചതിൽ അത്തരം വിവരം ലഭ്യമല്ലായെന്ന് കാണുന്നു എന്നാണ് മറുപടി. കൂടുതൽ വ്യക്തമായ വിശദാംശങ്ങൾ ( ഫയൽ നമ്പർ, തീയതി) സഹിതം അപേക്ഷിച്ചാൽ പരിശോധിച്ച് മറുപടി ലഭ്യമാക്കും എന്നുമാണ് മറുപടി. നാല് ജില്ലാ എസ്‌പിമാരോട് ഡിജിപി വിശദീകരണം തേടിയോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ഇക്കാര്യം വിശദീകരിക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നു എന്നാണ് ആക്ഷേപം.
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ വെളിപ്പെടുത്തൽ നടത്തുകയും വലിയ വിവാദമുണ്ടാകുകയും പ്രതിപക്ഷം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് കറുപ്പ് മാസ്‌കിനും വസ്ത്രത്തിനും, ജൂണിലെ വിവിധ പരിപാടികളിലായി പൊലീസ് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത്. പലരുടെയും കറുപ്പ് മാസ്‌ക് അഴിപ്പിച്ചു, പകരം മാസ്‌ക് നൽകി. കറുത്ത വസ്ത്രം ധരിച്ചവരെ പരിപാടികളിലേക്ക് കടത്തി വിട്ടില്ല. ഇതിനെല്ലാം പകരമായി കറുത്ത മാസ്‌കും വസ്ത്രവും ധരിച്ചെത്തിയായിരുന്നു പ്രതിപക്ഷ എംഎൽഎമാർ അടക്കമുള്ളവരുടെയും, പ്രവർത്തകരുടെയും പ്രതിഷേധം.
കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെങ്കിലും പൊലീസ് കറുത്ത മാസ്‌ക് അഴിപ്പിച്ചിരുന്നു. പൊലീസ് നടപടിയെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ന്യായീകരിക്കുക കൂടി ചെയ്തതോടെ സംഭവം പാർട്ടി കേന്ദ്രങ്ങളിൽ തന്നെ വലിയ ചർച്ച ആയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ