തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ ഡ്യൂലെക്‌സ് കമ്പനിയുടെ പെയിന്റ് അടിക്കണമെന്നു നിർദ്ദേശിക്കുന്ന മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനെതിരെ പുതിയ ഡിജിപി സെൻകുമാറിനും വിജിലൻസ് മേധാവിക്കും പരാതി. 26.04.2017ന് സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ പൊലീസ് ഹെഡ് കോട്ടേഴ്‌സിലെ അഡീഷണൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ ആണ് മുൻ ഡിജിപിക്കുവേണ്ടി ഉത്തരവ് ഇറക്കിയത്.

കേരളത്തിലെ 470 ഓളം പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂലക്‌സ് പെയിന്റ് ഉപയോഗിക്കുന്നതിനായി ഏകദേശം മൂന്ന് കോടിയോളം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത്രയും വലിയ തുകയുടെ പെയിന്റ് ടെൻഡർ നടപടികളോ, സർക്കാർ ഉത്തരവുകളോ ഇല്ലാതെ ഉപയോഗിക്കണം എന്ന ഉത്തരവിന്റെ പിന്നിൽ ഗൂഡാലോനയും അഴിമതിയും ഉണ്ടെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. 1988 ലെ അഴിമതി നിരോധന നിയമപ്രകാരം ഇത്തരം ഉത്തരവുകൾ കുറ്റകരമായതിനാൽ അടിയന്തിരമായി ഉത്തരവ് പിൻവലിക്കണമെന്നും കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപി ടിപി സെൻകുമാറിനും ഇപ്പോഴത്തെ വിജിലൻസ് മേധാവിയായ ബെഹ്‌റയ്ക്കും അയച്ച പരാതിയിൽ പറയുന്നു.

അതേസമയം, പൊലീസ് സ്റ്റേഷനുകളിൽ ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ഉത്തരവിട്ടിട്ടില്ലെന്നാണ് ബെഹ്‌റ ആഭ്യന്തര വകുപ്പിനു നൽകിയ വിശദീകരണത്തിൽ അറിയിച്ചത്. എന്നാൽ ഇതിനു പിന്നാലെ കമ്പനിയുടെ പേരടക്കം ബഹ്റ ഇറക്കിയ ഉത്തരവിന്റെ പകർപ്പും പുറത്തുവരികയായിരുന്നു.

പൊലീസ് മേധാവി ഡിജിപി ടി.പി. സെൻകുമാറിന്റെ അന്വേഷണ ഉത്തരവിനെത്തുടർന്നാണു ബഹ്റ വിശദീകരണം നൽകിയത്. പൊലീസ് സ്റ്റേഷനുകൾക്ക് ഒരേ നിറമാക്കാൻ തീരുമാനിച്ചത് സെൻകുമാറിന്റെ കാലത്താണെന്നാണ് ബഹ്റ നല്കിയ വിശദീകരണം. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിറം നിർദ്ദേശിച്ചതെന്നും ബെഹ്റ വ്യക്തമാക്കി.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഡ്യൂലക്‌സ് കമ്പനിയുടെ ഒലീവ് ബ്രൗൺ പെയിന്റ് അടിക്കണമെന്ന ബെഹ്റയുടെ വിവാദ ഉത്തരവിനെക്കുറിച്ച് ഇന്നലെ സെൻകുമാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബഹ്റ വിശദീകരണം നല്കിയത്. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനാണ് ബെഹ്റ വിശദീകരണ കത്ത് അയച്ചത്.

കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റടിക്കാൻ താൻ ഉത്തരവിട്ടുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബെഹ്റ കത്തിൽ വിശദീകരിച്ചു. 2015ൽ ടി.പി. സെൻകുമാർ ഡിജിപിയായിരുന്ന സമയത്താണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ഒരേ നിറമാക്കാൻ തീരുമാനിച്ചതെന്നും മുൻ ഡിജിപി വിശദീകരിക്കുന്നു.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിക്ക് കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ ചുമതലപ്പെടുത്തി. നിറമായി ഒലീവ് ബ്രൗൺ തിരഞ്ഞെടുക്കുകയും ചെയ്തു. പൈലറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്ത പേരൂർക്കട സ്റ്റേഷനിൽ അന്നത്തെ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി അനിൽകാന്തിന്റ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു സംതൃപ്തി രേഖപ്പെടുത്തി. ഇതിനുശേഷമാണ് എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും പുതിയ പെയിന്റടിക്കാൻ നിർദ്ദേശം നൽകിയത്. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണന്നും ബെഹ്റ കത്തിൽ പറയുന്നു.

എന്നാൽ ഇതിനുപിന്നാലെ ബഹ്റയുടെ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. ഏപ്രിൽ 26നു സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ് കോട്ടേഴ്‌സിലെ അഡീഷണൽ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ ഇറക്കിയതാണ് ഈ ഉത്തരവ്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾക്ക് മുഴുവനും ഒരേ നിറം തന്നെ നല്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശിക്കുന്നത്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിഐ, ഡിവൈഎസ്‌പി ഓഫീസുകളിലും ഒരേ കമ്പനിയുടെ ഒരേ കളർ പെയിന്റ് അടിക്കണമെന്ന കർശന നിർദ്ദേശമാണ് ബഹ്റ ഉത്തരവിലൂടെ നല്കിയിരിക്കുന്നത്. ഉത്തരവ് പ്രകാരം എറണാകുളം സെൻട്രൽ സ്റ്റേഷനിൽ അടക്കം ഇത് നടപ്പിലാക്കുകയും ചെയ്തു. 

ബെഹ്‌റയുടെ വിവാദ ഉത്തരവുകൾ സെൻകുമാർ പൊലീസ് മേധാവിയായതോടെ പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇത് പുറത്തായത്. സ്റ്റേഷനുകളുടെ പുറംഭാഗത്തിന്റെ ബോഡി കളർ ഒലിവ് ബ്രൗൺ ആയിരിക്കണമെന്നും വാതിലുകൾ, ബോർഡറുകൾ, തൂണുകൾ തുടങ്ങിയവയ്ക്ക് വെള്ളം നിറം നല്കണമെന്നും ഉത്തരവിൽ എടുത്തുപറയുന്നുണ്ട്. ജനലുകൾക്ക് വെള്ള ഇനാമൽ പെയിന്റ് അടിക്കണമെന്നു നിർദ്ദേശിക്കുന്നു.

സ്റ്റേഷനുകളുടെ അകത്ത് ഉപയോഗിക്കേണ്ട നിറത്തിന്റെ കാര്യത്തിലാണ് കമ്പനിയുടെ പേരു സഹിതം ബഹ്റ നിർദ്ദേശം നല്കിയിരിക്കുന്നത്. സ്റ്റേഷനുകളുടെ അകത്ത് അടിക്കേണ്ട നിറത്തിന്റെ കാര്യത്തിൽ 'ചില്ലി മോർണിങ് (ഡ്യൂലക്സ് 56ആഏ 8181/023)' എന്ന് പെയിന്റ് കമ്പനിയുടെ പേരു സഹിതം ഉത്തരവിൽ വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. നിറം തിരിച്ചറിയുന്നതിന് വേണ്ടിയാണ് പെയിന്റ് കമ്പനിയുടെ പേര് സഹിതം ഉത്തരവിറക്കിയതെന്നാണ് ബെഹ്‌റയുടെ വിശദീകരണം. എന്നാൽ ഒരേ കമ്പനിയുടെ പെയിന്റ് തന്നെ ഉപയോഗിക്കണമെന്ന് ഉത്തരവിലില്ലെന്നും അദ്ദേഹം പറഞ്ഞു.