കൊച്ചി: പൊലീസും ബന്ധുക്കളും കൊലപാതകമെന്നു സംശയിക്കുന്ന കേസിലെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നു ബന്ധുക്കൾക്കു വിട്ടുകൊടുത്തതു പോസ്റ്റ്‌മോർട്ടം പോലും നടത്താതെ. മോർച്ചറിയിലേക്കു കയറി അഞ്ചു മിനിറ്റു കഴിഞ്ഞു തിരികെ ഇറങ്ങിയ പൊലീസ് സർജൻ 'പോസ്റ്റ്‌മോർട്ടം കഴിഞ്ഞു, ഒരു കുഴപ്പവുമില്ല' എന്നു പറഞ്ഞതാണു ബന്ധുക്കൾക്കു സംശയമുണ്ടാക്കിയത്.

ഇക്കാര്യം അറിഞ്ഞ പൊലീസ് മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചു വീണ്ടും പരിശോധന നടത്തിയപ്പോഴാണു പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ലെന്നു ബോധ്യപ്പെട്ടത്. മെഡിക്കൽ കോളജിലെ രണ്ടു ഫൊറൻസിക് സർജന്മാരുടെ നേതൃത്വത്തിൽ മൃതദേഹം പിന്നീടു പോസ്റ്റ്‌മോർട്ടം നടത്തി.

മെഡിക്കൽ കോളജിൽ മൃതദേഹം കൊണ്ടു വരുമ്പോൾ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ലെന്നും, എന്നാൽ നെഞ്ചിലും വയറിലും ബ്ലേഡ്‌കൊണ്ടു വരിഞ്ഞു തുന്നിക്കെട്ടാത്ത നിലയിലാണു മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തതെന്നും മെഡിക്കൽ കോളജ് അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പെരുമ്പാവൂർ ജിഷ വധക്കേസിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം സംബന്ധിച്ച് ആരോപണങ്ങളുയർന്നതിനെത്തുടർന്നു കൊലപാതകമെന്നു സംശയിക്കുന്ന കേസുകളിൽ പോസ്റ്റ്‌മോർട്ടത്തിൽ വീഴ്ച സംഭവിക്കരുതെന്നു ഫൊറൻസിക് സർജന്മാർക്കു നിർദ്ദേശം നൽകിയിരുന്നു.

ഇതു നിലനിൽക്കെയാണു പോസ്റ്റ്‌മോർട്ടം ചെയ്യാതെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകാൻ പൊലീസ് സർജൻ ശ്രമം നടത്തിയതെന്നാണാക്ഷേപം. സംഭവത്തിൽ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്ക് ഒരുങ്ങുകയാണ് പൊലീസ്.

നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം റെയിൽപാളത്തിൽ ട്രെയിൻ കയറിയിറങ്ങിയ നിലയിൽ കണ്ടെത്തിയ ആലുവ മാറമ്പിള്ളിയിൽ താമസിക്കുന്ന പൂത്തോട്ട പഴമ്പള്ളി ജോൺസൺ പി. ജോസഫി (49) ന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുന്നതിലാണ് വീഴ്ച സംഭവിച്ചത്.

നോർത്തിലെ ഐഇഎൽടിഎസ് സ്ഥാപനത്തിൽ മാനേജരായിരുന്ന ജോൺസൺ രണ്ടു മാസം മുൻപാണ് കലൂർ എസ്ആർഎം റോഡിൽ സ്വന്തമായി അക്കാദമി തുടങ്ങിയത്. പുതിയ സംരംഭത്തിൽ ആദ്യ സ്ഥാപനത്തിലെ രണ്ടു ജീവനക്കാരെയും സഹകരിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതരായ പഴയ മാനേജ്‌മെന്റ് ജോൺസണെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പൊലീസിനു പരാതി നൽകിയിട്ടുണ്ട്.

സംഭവ ദിവസം രാവിലെ പത്തോടെയാണു ജോൺസൺ ഓഫിസിൽനിന്നിറങ്ങിയത്. 12നു ഭാര്യ മൊബൈൽ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. ഉച്ചതിരിഞ്ഞാണു ചിന്നിച്ചിതറിയ നിലയിൽ പാളത്തിൽ മൃതദേഹം കണ്ടെത്തിയത്. രണ്ടു ഫോൺ ഉപയോഗിച്ചിരുന്ന ജോൺസന്റെ ഒരു ഫോൺ മൃതദേഹത്തിനരികിൽനിന്നു പൊലീസിനു ലഭിച്ചു. രണ്ടാമത്തെ ഫോൺ മരണശേഷവും പ്രവർത്തിച്ചിരുന്നു