കോതമംഗലം : ആനവേട്ട കേസിൽ അറസ്റ്റിലാവുന്ന എല്ലാവരെയും നന്നായി പെരുമാറണമെന്ന് മുൻ വനംമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നതായി വെളിപ്പെടുത്തൽ. തന്നെ ഓരോ മർദ്ദനമുറകൾക്ക് വിധേയമാക്കുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നാണ് കുട്ടംപുഴ ആനവേട്ട കേസിൽ അറസ്റ്റിലായ കുട്ടംപുഴ സ്വദേശി സുകുവിന്റെ വെളിപ്പെടുത്തൽ.

ഇന്നു രാവിലെ കേസുമായി ബന്ധപ്പെട്ട് കറുപ്പംപടി കോടതിയിൽ ഹാജരാവാനെത്തിയപ്പോഴാണ് വനംവകുപ്പധികൃതരുടെ കസ്റ്റഡിയിലായിരുന്ന ദിവസങ്ങളിൽ താൻ നേരിട്ട കൊടിയ മർദ്ദനത്തെയും പീഡനങ്ങളയും കുറിച്ച് സുകു മറുനാടനോട് വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് താൻ നേരിട്ട കൊടിയ പീഡനത്തെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും സുകുവിന്റെ വെളിപ്പെടുത്തൽ ചുവടെ.

2015 മേയിലാണ് വനപാലകസംഘം കുട്ടംപുഴയിലെ വ്യാപാരസ്ഥാപനത്തിൽ അന്വേഷിച്ചെത്തുന്നത്. കേസിലെ ഒന്നാം പ്രതി വാസുവിന് തോക്ക് വിറ്റതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ജീവനക്കാർ തിരയുന്നതെന്ന് മനസ്സിലാക്കി, താമസിയാതെ വീട്ടിൽ നിന്നും മുങ്ങി. പിന്നെ ഹൈറേഞ്ചിലെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീട്ടിലുമായി മൂന്നുമാസത്തോളം ഒളിവിൽ കഴിഞ്ഞു. പിന്നീട് മുരിക്കാശ്ശേരിയിലെ കോൺഗ്രസ്സ് നേതാവ് കെ ജെ സെബാസ്റ്റ്യൻ കേസിൽ നിന്നും രക്ഷിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് കോടനാട് ഡി എഫ് ഒ ക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറായത്. സെബാസ്റ്റ്യൻ തന്നെയാണ് എന്നെ ഡി എഫ് ഒ ഓഫീസിലെത്തിച്ചത്. ഈ വകയിൽ നേതാവ് 30,000 രൂപ വാങ്ങി.

രാവിലെ എട്ടുമണിയോടെ ഓഫീസിലെത്തിയ ഡി എഫ് ഒ, മൊഴി രേഖപ്പെടുത്തിയ ശേഷം എന്നെ വിട്ടയയ്ക്കാമെന്ന് സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്ന എന്റെ ബന്ധുക്കൾക്കും ഉറപ്പുനൽകി. ഇതേത്തുടർന്ന് ഇവർ തിരിച്ചുപോന്നു. പിന്നീട് ഡി എഫ് ഒ അടക്കമുള്ളവരുടെ രീതിമാറി. ഒളിപ്പിച്ചുവച്ചിട്ടുള്ള തോക്ക് എടുത്തുനൽകാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥസംഘം ചീത്തവിളി തുടങ്ങി. ഉച്ചയോടെ ജീപ്പിൽ കുട്ടംപുഴ മണികണ്ടംചാലിലെത്തിച്ചു. ഇവിടെ പുരയിടത്തിന്റെ അതിർത്തിയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥസംഘം ഒരു നാടൻതോക്ക് എടുത്തു. എനിക്കങ്ങനെയൊരു തോക്കിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. തോക്ക് ഞാൻ ഒളിപ്പിച്ചതാണെന്നാണ് ഉദ്യോഗസ്ഥസംഘം പരിസരവാസികളെ ബോധിപ്പിച്ചു. പ്രദേശവാസിയായ യുവാവിനെ സാക്ഷിപട്ടികയിൽ ചേർത്ത് തോക്ക് കണ്ടെടുത്തത് ഉദ്യോഗസ്ഥസംഘം രേഖയിലാക്കി.

വീണ്ടും എന്നെ കോടനാട്ടേക്കു കൊണ്ടുപോയ ഉദ്യോഗസ്ഥർ ഇവിടെ എത്തിച്ച ശേഷം തോക്ക് സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടർന്നു. തോക്ക് സ്വന്തമായി ഒളിപ്പിച്ചതാണെന്ന് സമ്മതിക്കാതെ വിടില്ലെന്ന് ഉദ്യോഗസ്ഥസംഘം വ്യക്തമാക്കിയതോടൈ നിവൃത്തികെട്ട് കുറ്റം സമ്മതിച്ചു. ഇത്രയുമായപ്പോഴേക്കും സമയം രാത്രി എട്ടുമണിയോടടുത്തിരുന്നു.തുടർന്ന് രാത്രി പത്തുമണിയോടെ ഇവിടെ നിന്നും ജീപ്പിൽ തുണ്ടത്തിൽ റെയ്‌ഞ്ചോഫീസിലേക്ക് കൊണ്ടുവന്നു. സെല്ലിലാക്കി.ഒരു മെഴുകുതിരി മാത്രമായിരുന്നു സെല്ലിലെ വെട്ടം. ഇതിനകത്തായി പേനയും പേപ്പറുമായി ഒരാൾ ഇരിക്കുന്നത് കാണാമായിരുന്നു. ചുറ്റും ആറേഴു പേരുണ്ടെന്നത് അവ്യക്തമായി കാണാമായിരുന്നു

ഇവരിലൊരാൾ നിലത്ത് കാൽനീട്ടി ഇരിക്കാൻ ആവശ്യപ്പെട്ടു.പീന്നീട് ഇരുവശത്തുനിന്നും കാൽവെള്ളയിൽ ചൂരൽകൊണ്ട് ഇവർ മാറിമാറി അടിക്കാൻ തുടങ്ങി. എന്തിനാണ് അടിക്കുന്നതെന്നു ചോദിച്ചപ്പോൾ ചൂരൽ പ്രയോഗം നിർത്തി. പിന്നീട് റൂൾത്തടി കൊണ്ടുവന്ന് കാലിന്റെ മുട്ടിനു താഴ്ഭാഗത്തു വച്ച് അപ്പുറത്തും ഇപ്പുറത്തും ഓരോരുത്തർ കയറിനിന്ന് ഉരുട്ടാൻ തുടങ്ങി. പ്രാണൻപോകുന്ന വേദനതോന്നി. ഞാൻ വാവിട്ടു കരഞ്ഞുപോയി. അരമണിക്കൂറോളം ഇത്തരത്തിൽ പീഡനം തുടർന്നു. ഇത് നിർത്തിയ ഉടൻ പിന്നിൽ നിന്നും ഒരാൾ തുണി ഉപയോഗിച്ച് കണ്ണുമൂടിക്കെട്ടി. പിന്നെ ചുറ്റും നിന്ന് തുരുതുരാ ഇടിയും തൊഴിയും തുടർന്നു. ഇതിനിടയിൽ തന്നെ ഷഡ്ഡിക്ക് ഉള്ളിലേക്ക് കാന്താരിമുളക് അരച്ചിടുകയും ചെയ്തു. വേദനയും പുകച്ചിലും കൊണ്ട് അലറിവിളിച്ചപ്പോൾ മർദ്ദനത്തിന്റെ ശക്തി കൂടി.

ഇതിനിടയിൽ തല ഭിത്തിയിൽ ചേർത്തുവച്ച് പലവട്ടം ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ചെവിയിൽനിന്നും ചോര ഒഴുകിത്തുടങ്ങി. ഈ സ്ഥിതിയിൽ തന്നെ തുണിപിരിച്ചുണ്ടാക്കിയ കുരുക്ക് ഇരുകൈകളിലുമായി കുരുക്കി സെല്ലിലെ ഹുക്കിൽ കെട്ടിത്തൂക്കി. പിന്നീട് ചുറ്റുംനിന്ന് ദേഹത്ത് തലങ്ങുംവിലങ്ങും അടിക്കാൻ തുടങ്ങി.മിനിട്ടുകൾക്കുള്ളിൽ ബോധം നഷ്ടമായി. ബോധംവരുമ്പോൾ നേരം പുലർന്നിരുന്നു. മുളംകമ്പുകളും തുണി ചുറ്റിയ ഇരുമ്പു കമ്പികളും കൊണ്ടാണ് അടിച്ചതെന്ന് പിന്നീട് മനസ്സിലായി. ചെവിയിൽ നിന്നും രക്തം വന്നിരുന്നതിനാൽ ചികത്സക്കായി കോതമംഗലം, കോട്ടയം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ എത്തിച്ച് ചികത്സ നൽകി. പിന്നീട് കോടതിയിൽ ഹാജരാക്കി.റിമാന്റിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയപ്പോഴും കുട്ടുമ്പുഴ ഫോറസ്റ്റ് റെയിഞ്ചോഫീസിലെത്തിച്ച് ഇടിച്ച് ഇഞ്ചപ്പരുവമാക്കി.റിമാന്റിൽ നിന്നും ജാമ്യത്തിലിറങ്ങി മൂന്നുമാസത്തോളം വിവിധ ആശുപത്രികളിൽ ചികത്സ നടത്തിയ ശേഷമാണ് നിവർന്നു നടക്കാനായത്.

ചുമയ്ക്കുമ്പോഴും മറ്റും ചങ്കുനുറുങ്ങുന്ന വേദന അനുഭവപ്പെടുന്നതിനാൽ ഇപ്പോഴും ആശുപത്രികൾ കയറി ഇറങ്ങുകയാണെന്ന് വെളിപ്പെടുത്തിയ സുകു താനിനി അധികനാൾ ജിവിക്കുമെന്ന് തോന്നുന്നില്ലെന്നും പരിതപിച്ചു. കുറ്റം ചെയ്‌തെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണ്.അത് നേരാംവണ്ണം തെളിയിക്കാൻ ആധുനീക സംവിധാനങ്ങൾ ഏറെയാണ്.എന്നാൽ ഈ ആനവേട്ട കേസിൽ അന്വേഷകസംഘം ഇല്ലാത്ത കുറ്റങ്ങൾകൂടി പ്രതികളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. കേസിൽ പുനരന്വേഷണം നടന്നാൽ ഇക്കാര്യം പകൽപോലെ വ്യക്തമാവും; സുകു വ്യക്തമാക്കി.

കേസിലെ തിരുവനന്തപുരം സ്വദേശി പ്രതി അജി ബ്രൈറ്റിന്റെ ദുരവസ്ഥയെക്കുറിച്ച് മാദ്ധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനംമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് സുകുവിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുള്ളത്.