- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരലടയാളം മുതൽ രക്ത സാംപിൾ വരെ ഇനി പൊലീസ് റെക്കോർഡിൽ എത്തും; 'കുറ്റവാളി തിരിച്ചറിയൽ ചട്ട ബിൽ' ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും; രേഖകൾ 75 വർഷം സൂക്ഷിക്കാനും പൊലീസിന് അധികാരം ലഭിക്കും
ന്യൂഡൽഹി: രാജ്യത്ത് അറസ്റ്റിലാകുന്നവരുടെയും കുറ്റവാളികളുടെയും ബയോമെട്രിക് വിവരങ്ങൾ സൂക്ഷിക്കാൻ പൊലീസിന് ഇനി അവസരം ലഭിക്കും. അറസ്റ്റിലാകുന്നവരുടെയും വിവിധ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെയും രക്തസാംപിൾ, ബയോമെട്രിക് രേഖകൾ എന്നിവയടക്കം ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്ന ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും.
102 വർഷം പഴക്കമുള്ള 'ദി ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് ആക്ടി'ലെ (1920) വ്യവസ്ഥകൾ ഭേദഗതി ചെയ്താണു കുറ്റവാളി തിരിച്ചറിയൽ ചട്ട ബിൽ കേന്ദ്രം അവതരിപ്പിക്കുന്നത്. കേന്ദ്ര മന്ത്രിസഭായോഗം അടുത്തിടെ ബില്ലിന് അംഗീകാരം നൽകിയിരുന്നു.
ഒരു വർഷത്തിലധികം ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും വിരലടയാളം, കൈ, കാൽ മുദ്രകൾ, ഫോട്ടോ എന്നിവ ശേഖരിക്കാനുള്ള അധികാരമാണു നിലവിൽ പൊലീസിനുള്ളത്. നിയമം ഭേദഗതി ചെയ്യുന്നതോടെ, ഇവയ്ക്കു പുറമേ രക്ത, മൂത്ര സാംപിൾ, കണ്ണിന്റെ കൃഷ്ണമണി അടക്കമുള്ള ബയോമെട്രിക് രേഖകൾ, ശാരീരിക അളവുകൾ എന്നിവ ശേഖരിക്കാനും 75 വർഷം അവ സൂക്ഷിക്കാനും പൊലീസിന് അധികാരം ലഭിക്കും. ആളുടെ സ്വഭാവ സവിശേഷതകൾ, കയ്യക്ഷരം എന്നിവയും രേഖപ്പെടുത്തും.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്നവർ, 7 വർഷത്തിലധികം ശിക്ഷിക്കപ്പെട്ടവർ എന്നിവർ നിർബന്ധമായും സാംപിൾ നൽകണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
മറുനാടന് മലയാളി ബ്യൂറോ