ന്യൂഡൽഹി: സുനന്ദാ പുഷ്‌കറിന്റെ കൊലപാതകത്തിൽ ശശി തരൂരിനെ ഡൽഹി പൊലീസ് വീണ്ടും ചോദ്യം ചെയ്യും. തരൂരിൽ നിന്ന് നിന്ന് രേഖപ്പെടുത്തിയ മൊഴി വിലയിരുത്തിയ ശേഷമാണ് ഡൽഹി പൊലീസിന്റെ തീരുമാനം.

രണ്ട് ദിവസത്തിനുള്ളിൽ തരൂരിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഉദ്ദേശ്യം. മറ്റ് സാക്ഷികളിൽ നിന്നും സാഹചര്യത്തെളിവുകളും വിലയിരുത്തുമ്പോൾ തരൂരിന്റെ മൊഴിയിൽ അവ്യക്തതയുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്ത ശേഷം കേസിൽ അന്തിമ നിഗമനങ്ങളിൽ പൊലീസ് എത്തും. എന്തിന് ആര് സുനന്ദയെ കൊന്നു എന്നതിൽ ഇനിയും ഡൽഹി പൊലീസിന് വ്യക്തത വന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

സംശയത്തിന്റെ പേരിൽ ശശി തരൂരിനെ കേസിൽ പ്രതിയാക്കരുതെന്നാണ് ഡൽഹി പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. വ്യക്തമായ തെളിവുൾ കിട്ടയശേഷമേ അതുകൊണ്ട് തന്നെ അറസ്റ്റുകൾക്ക് പോലും ഡൽഹി പൊലീസ് മുതിരൂ. തരൂരിന്റെ ആദ്യ ഘട്ട മൊഴിയെടുക്കലിൽ സുനന്ദയുടെ മരണവും അതിനിടയാക്കിയ സാഹചര്യവും മാത്രമാണ് വിശകലനം ചെയ്തത്. ഇതിനിടെയിൽ അഭിപ്രായ ഭിന്നത തരൂർ സമ്മതിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിൽ മറ്റ് സാക്ഷികളിൽ നിന്ന് ലഭിച്ച മൊഴിയും തെളിവുകളും അടിസ്ഥാനമാക്കി ചോദ്യം ചെയ്യും. ഇതിൽ അവ്യക്ത ഉണ്ടായാൽ തരൂരിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യും. എന്നാൽ ആരാണ് സുനന്ദയെ കൊന്നത് എന്നതിൽ ഇനിയും വ്യക്തത അന്വേഷണ ഉദ്യോഗസ്ഥർക്ക് വന്നിട്ടില്ല. കൊലപാതകം സ്ഥിരീകരിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സുനന്ദ കൊല്ലപ്പെട്ട ദിവസം ലീലാ ഹോട്ടലിൽ വ്യജ പാസ്‌പോർട്ടുമായി താമസിച്ചവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നതും കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അതിനിടെ ഐപിഎല്ലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സുനന്ദയുടെ മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ് എന്നാണ് സൂചന. ആദ്യ ഘട്ട മൊഴിയെടുക്കലിൽ ഐപിഎല്ലിന്റേയും വിഷയം തരൂരിനോട് ചോദിച്ചിരുന്നു. ഐപിഎൽ രഹസ്യങ്ങൾ പുറത്തു പറയുമെന്ന ഭയത്തിൽ നിന്നാണ് സുനന്ദയെ കൊലപ്പെടുത്തിയത് എന്നതിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്യുന്നത്. പണം തട്ടുന്നതിനുള്ള കള്ളത്തരത്തിന്റെ തീച്ചൂളയായ ഐപിഎല്ലിലേക്ക് വിരൽ ചൂണ്ടുന്ന നിർണ്ണായ വഴിത്തരിവിൽ കേസ് എത്തിയെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്. ഈ സാഹചര്യത്തിൽ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഐപിഎല്ലിന്റെ കള്ളകളിൽ ആക്ഷേപം ഉന്നയിച്ച മാദ്ധ്യമ പ്രവർത്തക നളിനി സിംഗിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. പാക്കിസ്ഥാനി മാദ്ധ്യമ പ്രവർത്തക മെഹർ തരാറിന്റേയും മൊഴിയെടുക്കും.

 

ഐ.പി.എൽ. ക്രിക്കറ്റ് ഇടപാടുകളിൽ താൻ ശശി തരൂരിന്റെ ബിനാമി മാത്രമായിരുന്നെന്നു സുനന്ദ പുഷ്‌കർ പറഞ്ഞിരുന്നെന്നു സുനന്ദയുടെ സുഹൃത്തും പ്രമുഖ എഴുത്തുകാരിയുമായ ശോഭാ ഡേയും വെളിപ്പെടുത്തിയിരുന്നു. എല്ലാ സത്യങ്ങളും പുറത്തു പറയുമെന്നും വളരെ അപകടകാരികളായ ആളുകളാണ് ഇതിനൊക്കെ പിന്നിലുള്ളതെന്നും സുനന്ദ പറഞ്ഞിരുന്നെന്നും ഒരു പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ശോഭാ ഡേയേയും ചോദ്യം ചെയ്‌തേയ്ക്കും. ഈ വെളിപ്പെടുത്തലുകളാകും രണ്ടാം ഘട്ട മൊഴിയെടുക്കലിൽ തരൂരിനോട് അന്വേഷണ ഉദ്യോഗസ്ഥർ ചോദിക്കുക.

ഡൽഹി സൗത്ത് ഡിസിപി പ്രേംനാഥ്, അഡീഷണൽ ഡിസിപി പി. എസ്. കുഷ്‌വാഹ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് തരൂരിനെ ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്തത്. എഴുതി തയാറാക്കിയ നൂറോളം ചോദ്യങ്ങളുണ്ടായിരുന്നു. ഇതിൽ അമ്പതോളം ചോദ്യങ്ങൾക്ക് തരൂർ മറുപടി പറഞ്ഞു. സുനന്ദയുണ്ടായിരുന്ന ദാമ്പത്യ പ്രശ്‌നങ്ങൾ വിശദമായി തരൂരിനോട് ചോദിച്ച് വിവരങ്ങൾ രേഖപ്പെടുത്തി . മെഹർ തരാർ വിഷയത്തിൽ ഉയർന്ന തർക്കങ്ങൾ, കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പുള്ള ദിവസത്തെ തർക്കങ്ങളും വഴക്കുകളും, സുനന്ദയുടെ ശരീരത്തിൽ മുറിവുകൾ വരാനിടയായ സാഹചര്യം എന്നിവ പൊലീസ് ചോദിച്ചു. സുനന്ദയുടെ അസുഖങ്ങൾ, കഴിച്ചിരുന്ന മരുന്നുകൾ എന്നിവയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.

ഐപിഎൽ വിവാദവും അതുമായുള്ള ഇടപാടുകളും, മെഹർ തരാർ ദുബായിൽ തരൂരുമായി കണ്ടിരുന്നോ എന്ന കാര്യം, സുനന്ദയുടെ വ്യവസായ ഇടപാടുകൾ, 'വിയർപ്പ് ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും ചോദ്യം ചെയ്യലിൽ ഉൾപ്പെട്ടിരുന്നു. അതിനിടെ ഡൽഹി ഹൈക്കോടതിയിൽ ആന്റി കറപ്ഷൻ ഫ്രണ്ട് ഫയൽ ചെയ്ത ഹർജിയിൽ കേസിന്റെ അന്വേഷണത്തിൽ ഹൈക്കോടതി ഇടപെടണം എന്ന് ആവശ്യപ്പെടുന്നു. സുനന്ദയുടെ കൊലപാതകം സംഘടിതമായി നടത്തിയ കുറ്റകൃത്യമാണ്. അന്വേഷണത്തിൽ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.