ചെന്നൈ: മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ലോകത്തിന്റെ കണ്ണ്വെട്ടിച്ച് കാട്ടിൽ വിളയാടിയ വീരപ്പൻയുഗത്തിന് അന്ത്യം കുറിച്ചത് മലയാളി പൊലീസ് ഓഫീസർ. വീരപ്പനെ തന്ത്രപൂർവ്വം കുടുക്കിയത് തമിഴ്‌നാട് പ്രത്യേകദൗത്യസേനയുടെ തലവനായ കെ. വിജയകുമാർ എന്ന 51കാരനാണ്. ഇദ്ദേഹം വേരുകൾകൊണ്ട് മലയാളിയാണ്. വിജയകുമാറിന്റെ തന്ത്രമാണ് വീരപ്പിനെ കുടുക്കിയത്.

കാടിനെ മതിച്ച് വാണിരുന്ന വീരപ്പിന് ഉന്നതരുമായുള്ള ബന്ധവും കുപ്രസിദ്ധമായിരുന്നു. അത്തരത്തിലൊരു വ്യവസായ പ്രമുഖനെ ഉപയോഗിച്ചാണ് വീരപ്പിനെ വിജയകുമാർ കുടുക്കിയത്. തമിഴ് പുലികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഈ വ്യവസായിയായിരുന്നു വീരപ്പിന് കാടിനുള്ളിൽ സുഖവാസമൊരുക്കാൻ കൂട്ടുനിന്നത്. ആയുധവും മരുന്നും ഭക്ഷണവുമെല്ലാം വീരപ്പന് എത്തിച്ച് നൽകിയ ഇടനിലക്കാരൻ. ഇയാളെ തന്ത്രപൂർവ്വം കുടുക്കിയാണ് വീരപ്പനെന്ന കാട്ടുകള്ളനിലേക്ക് പൊലീസ് എത്തിയത്. വീരപ്പന്റെ അനുയായിയും ഈ വ്യവസായിയും തമ്മിലുള്ള സംഭാഷണം ചോർന്ന് കിട്ടിയാതാണ് നിർണ്ണായകമായത്. ഇതോടെ വ്യവസായിയെ പ്രത്യേക ദൗത്യ സേന സമ്മർദ്ദത്തിലാക്കി. തമിഴ് പുലികളുമായുള്ള ബന്ധം പരസ്യമാക്കുമെന്ന പൊലീസിന്റെ ഭീഷണിയിൽ ഇയാൾ വീണു.

ഈ വ്യവസായിയുടെ പേരുപയോഗിച്ച് വീരപ്പന്റെ അടുത്ത് എത്തിയ പ്രത്യേക ദൗത്യസേനാ അംഗമാണ് കാട്ടുകള്ളനെ ഇല്ലായ്മ ചെയ്യുന്ന ദൗദ്യത്തിൽ നിർണ്ണായക പങ്ക് വഹിച്ചത്. വിജയകുമാറിന്റെ തന്ത്രമാണ് ഇതിന് വഴിയൊരുക്കിയത്. വീരപ്പിന്റെ അനുയായി വ്യവസായിയെ ഫോണിൽ വിളിച്ച് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുന്നു. അടുത്ത ടൗണിലെ ഗസ്റ്റ് ഹൗസിൽ വരാനായിരുന്നു നിർദ്ദേശം. വീരപ്പന്റെ കണ്ണിന് തിമിര ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ട സഹായവും ആയുധങ്ങളുമായിരുന്നു വ്യവസായിയോട് ആവശ്യപ്പെട്ടത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രത്യേക ദൗത്യ സംഘം വ്യവസായിയെ പൊക്കി. സമ്മർദ്ദം ശക്തമാക്കിയതോടെ ഒറ്റുകാരനാകാൻ വ്യവസായി സമ്മതിച്ചു. ഈ ഓപ്പറേഷനാണ് വീരപ്പന്റെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. തന്റെ ആത്മകഥയിൽ വിജയകുമാർ തന്നെയാണ് ഈ കഥ തുറന്നു പറയാൻ പോകുന്നതും. വീരപ്പൻ; ചെയ്‌സിങ് ദി ബ്രിഗേഡ് എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും.

ദൗത്യസേനയിലെ രണ്ട് ഉദ്യോഗസ്ഥരായ മുരുകേശനും വെള്ളതുറൈയും ഇതിനകം വീരപ്പന്റെ വിവരങ്ങൾ ശേഖരിക്കാവുന്ന നിലകളിൽ ഈ സംഘത്തിൽ നുഴഞ്ഞു കയറിയിരുന്നു. വെള്ളതുറൈയ്ക്ക് വീരപ്പന്റെ അടുത്ത അനുയായികളുമായി ബന്ധമുണ്ടായിരുന്നു. പ്രായമേറുന്തോറും വീരപ്പന്റെ ശാരീരിക അവശതകൾ വർധിച്ചതും സേനയ്ക്ക് ഗുണകരമായി. കാട്ടിലെ സ്ഥിരവാസം അദ്ദേഹത്തിന്റെ ആസ്തമരോഗം വർധിപ്പിച്ചു. ഒപ്പം കണ്ണിനെ തിമിരവും ബാധിച്ചു. വീരപ്പന് ചികിത്സ അത്യാവശ്യമായി. ധർമ്മപുരിയിലെ ഡോക്ടറെ കാണാൻ വീരപ്പൻ തീരുമാനിച്ചു. സംഭവദിവസം ആംബുലൻസ് ഓടിക്കാൻ വിജയകുമാർ നിയോഗിച്ചത് സ്വന്തം കാർ ഡ്രൈവറായായിരുന്നുവെന്നും സൂചനയുണ്ട്. ഇങ്ങനെ വീരപ്പനുമായി ചർച്ചയായ വിവരങ്ങളിലേക്കാണ് ആത്മകഥയിലൂടെ വെളിച്ചം വീശാൻ വിജയകുമാർ എത്തുന്നത്. കാടറിയുന്ന വീരപ്പനെ നാട്ടിൽകൊണ്ട് വന്ന് പിടികൂടുക എന്ന തന്ത്രം വിജയകുമാറിന്റെ സ്വന്തം തന്ത്രമായിരുന്നുവെന്നാണ് വിലയിരുത്തൽ.

പാലക്കാട് ജില്ലയിലെ പല്ലശ്ശനയാണ് വിജയകുമാറിന്റെ ജന്മനാട്. 1953 സപ്തംബർ 15നാണ് വിജയകുമാർ കസല്യ-കൃഷ്ണൻനായർ ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചത്. ചെറുപ്പം മുതലേ പൊലീസ് വേഷത്തോട് വല്ലാത്ത അഭിനിവേശമായിരുന്നു വിജയകുമാറിന്. 1975ലാണ് വിജയകുമാർ തമിഴ്‌നാട് ഐപിഎസിൽ ചേരുന്നത്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ അംഗമായിരുന്നു. പിന്നീട് അസമിൽ ഉൾഫ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ വിജയകുമാർ പങ്കെടുത്തു. 2000ൽ ജയലളിത അധികാരത്തിൽ വന്നപ്പോൾ വിജയകുമാറിനെ തന്റെ സേവനത്തിനായി വിട്ടുതരാൻ ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിജയകുമാറിനെ തന്റെ പേഴ്‌സണൽ സെക്രട്ടറിയായി ജയലളിത നിയോഗിച്ചു.

വീരപ്പനെ പിടികൂടാനുള്ള പ്രത്യേക ദൗത്യസേനയുടെ ചുമതല വാൾട്ടർ ദേവാരത്തിനായിരുന്നു. നേരത്തെ 1993ൽ ഒരു മാസക്കാലം വിജയകുമാർ വാൾട്ടർ ദേവാരത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ദേവാരത്തിന് കീഴിൽ ജോലി ചെയ്യാൻ ജയലളിത വിജയകുമാറിനെ 2001ൽ വീണ്ടും അയച്ചു. ഇക്കുറി മൂന്ന് മാസം മാത്രമാണ് വിജയകുമാർ ദേവാരത്തിന് കീഴിൽ ജോലി ചെയ്തത്. ഇരുവരും തമ്മിലുണ്ടായ തർക്കം മൂലം വിജയകുമാറിനെ ജയലളിത മടക്കിവിളിച്ചു. ചെന്നൈ പൊലീസ് കമ്മീഷണറായി ജയലളിത വിജയകുമാറിനെ നിയോഗിച്ചു. ചെന്നൈയിൽ പൊലീസ് കമ്മീഷണറായിരുന്നപ്പോൾ വിജയകുമാർ ഗുണ്ടകളുടെ പേടിസ്വപ്നമായിരുന്നു. അന്ന് രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ വിജയകുമാർ വകവരുത്തി. വീരമണിയെയും വെങ്കടേശ പന്ന്യാറെയും. ചെന്നൈ നഗരത്തെ വിറപ്പിച്ചവരായിരുന്നു ഇവർ ഇരുവരും.

2004 ഫെബ്രുവരിയിൽ ജയലളിത വിജയകുമാറിനെ വീരപ്പനെ പിടികൂടാനുള്ള തമിഴ്‌നാടിന്റെ പ്രത്യേക ദൗത്യസേനയുടെ തലവനായി ചുമതലയേല്പിച്ചു. ഈ തീരുമാനമാണ് വീരപ്പനെ ഇല്ലായ്മ ചെയ്തതും. അങ്ങനെ ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പൻ പൊലീസ് വെടിയേറ്റ് 2004-ൽ കൊല്ലപ്പെട്ടു.