കൽപ്പറ്റ: സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച പല്ലൻ ഷൈജു എന്ന ഗുണ്ടയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിയവേയാണ് ഇയാളെ കോട്ടക്കൽ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി പൊക്കിയത്.പിടികൂടി ജയിലിലടക്കുന്ന ദൃശ്യങ്ങൾ ട്രോൾ രൂപത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് കേരളപൊലീസ്. ഷൈജുവിന്റെ വെല്ലുവിളിക്ക് മറുപടിയായി പല്ലൻ ഷൈജു ഇങ്ങു കേറിപ്പോരെ എന്ന സംഭാഷണത്തോടെയാണ് ട്രോൾ.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കഞ്ചാവ് കടത്ത്, ആയുധം കൈവശം വയ്ക്കൽ, കുഴൽപ്പണ കവർച്ച, സ്വർണക്കടത്ത് എന്നിവയിൽ പ്രതിയായ ഷൈജുവിനെ കഴിഞ്ഞ മാസം തൃശൂർ റൂറൽ പൊലീസ് ഗുണ്ടാ നിയമപ്രകാരം കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്നായിരുന്നു ഉത്തരവ്.ജില്ലയിൽ പ്രവേശിച്ചു എന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാം.

ഇതിന് പിന്നാലെയാണ് കരയിലാണെങ്കിലലെ തന്നെ പിടിക്കാൻ പറ്റു..കടലിലാണെങ്കിൽ പറ്റില്ലലോ എന്നു പറഞ്ഞ് പൊലീസിനെ വെല്ലുവിളിച്ച് വീഡിയോ ഇട്ടത്.ഇതിന് പിന്നാലെ 'താൻ കടലിലാണ് ഉള്ളത്. അതിർത്തികളിൽ താൻ ഉണ്ട്' എന്നുപറഞ്ഞ് ഇയാൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.പല്ലൻ ഷൈജു പറയുന്ന വീഡിയോക്ക് പിന്നാലെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച് സെല്ലിൽ അടയ്ക്കുന്ന വീഡിയോയാണ് പൊലീസ് പങ്കുവെച്ചിരിക്കുന്നത്.ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് സിനിമാ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ട്രോൾ വീഡിയോ കേരള പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

 

വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ കോട്ടക്കൽ പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്. മലപ്പുറം എസ് പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ സിഐയുടെ നേതൃത്വത്തിലുള്ള സംഘം റിസോർട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.

തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ ഗുണ്ടാസംഘ നേതാവായ ഷൈജു പിന്നീട് കുഴൽപ്പണം തട്ടുന്ന സംഘത്തിന്റെ നേതാവായി മാറി. ഇയാൾ തൃശ്ശൂരിൽനിന്ന് പന്തല്ലൂരിലേക്ക് വർഷങ്ങൾക്കുമുൻപ് താമസംമാറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ജില്ലയിൽ തന്നെ നിരവധി വീടുകളിൽ കയറി ആക്രമിച്ചതിന്റെ പേരിലുള്ള കേസുകളിലും കൊലപാതക ശ്രമ കേസുകളിലും പ്രതിയാണ് പല്ലൻ ഷൈജു.