തിരുവനന്തപുരം: തിരക്കേറിയ സമയത്ത് നാഗരങ്ങളിൽ ഗതാഗത കുരുക്കുന്നതിന്റെ പ്രധാന കാരണം ക്യൂ പാലിക്കാൻ മടിക്കുന്ന ഡ്രൈവർമാർ ആണ് എന്ന് എല്ലാവർക്കും അറിയാം. എതിരെ വരുന്ന വാഹനങ്ങൾക്ക് പോകാനുള്ള റോഡിലേയ്ക്ക് കയറി കിടക്കുന്ന വാഹനങ്ങൾ സംസ്ഥാനത്ത് മുഴുവൻ പാഴാക്കുന്നത് കാർ യാത്രക്കാരുടെ മണിക്കൂറുകളാണ്. ടോമിൻ ജെ തച്ചങ്കരി ട്രാൻസ്‌പോർട്ട് കമ്മിഷണറായി ചുമതല ഏറ്റ ശേഷം ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന നടപടികളിൽ ഒന്ന് വഴി മുടക്കുന്ന ധൃതിക്കാരെ പിടിക്കാൻ ആണ്. എന്നാൽ പൊലീസുകാർ തന്നെ വഴി മുടക്കിയാലോ?

ഇന്ന് രാവില തലസ്ഥാനത്തെ പ്രശസ്തമായ കവലയിൽ ഉണ്ടായ ഗതാഗത സ്തംഭനം അതിനുള്ള ഉദാഹരണമാണ്. അമ്പലമുക്ക് നിന്നും മുട്ടടയ്ക്ക് പോകുന്ന വഴിക്കുള്ള വയലിക്കട ജംഗ്ഷൻ സ്‌കൂൾ സമയത്ത് തിരക്കിന്റെ കാര്യത്തിൽ റെക്കോർഡ് ഇടുന്ന സ്ഥലമാണ്. ഈ കവലയിൽ ഉള്ള ഇൻഫന്റ് ജീസസ് സ്‌കൂളിലേയ്ക്ക് കുട്ടികളുമായി പോകുന്ന വാഹനങ്ങളാണ് ബ്ലോക്ക് ആവുന്നതിന്റെ പ്രധാന കാരണം. നിരവധി വിഐപികൾ മുമ്പ് വീതി കുറഞ്ഞ നാല് റോഡുകൾ ചേർന്ന് ഈ കവലയിൽ കുടുങ്ങി കിടന്നിട്ടുണ്ട്. രണ്ട് വശത്ത് നിന്നും വരുന്ന വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ നിർത്തിയാൽ മാത്രമേ ഈ കവല വഴി കടന്ന് പോകാൻ സാധിക്കൂ.

നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഈ കവലയിൽ സ്ഥിരമായി ഇപ്പോൾ തിരക്കുള്ള സമയത്ത് ട്രാഫിക് പൊലീസിനെ നിയോഗിച്ചത്. കൃത്യമായി അവർ ഗതാഗതം നിയന്ത്രിച്ചാൽ മാത്രമേ ബ്ലോക്ക് ഒഴിവാക്കാൻ പറ്റൂ. ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ കിറുകൃത്യമായി ഇത് നിർവ്വഹിച്ചു വരുന്നതിനിടയിലാണ് വഴിമുടക്കി പൊലീസ് ഉന്നതന്റെ വാഹനം എത്തിയത്. വാഹനങ്ങൾ ക്യൂ ആയി കിടന്നു സാവകാശം മുമ്പോട്ട് പോകുന്നതിനിടയിൽ ക്യൂ തെറ്റിച്ച് ഇൻഫന്റ് ജീസസ് സ്‌കൂൾ സൈഡിൽ നിന്നും വന്ന വാഹനം മുമ്പോട്ട് കയറി എത്തിയത്. ഇതോടെ മുട്ടട ഭാഗത്ത് നിന്നും വന്ന ഇന്നോവയ്ക്ക് കടന്നു പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.

എസ്‌പി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന മഹീന്ദ്ര സൈലോ വാഹനമാണ് ക്യൂ തെറ്റിച്ച് കടന്നു വന്നത്. ഇന്നോവയ്ക്ക് കടന്നുപോകാൻ കഴിയാതെ വന്നതോടെ റോഡ് മുഴുവൻ ബ്ലോക്കായി. ഇന്നോവക്കാരനെ പിറകോട്ട് എടുപ്പിച്ച് കുരുക്ക് അഴിക്കാൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ശ്രമിച്ചെങ്കിലും എസ് പി വാഹനം മാറ്റട്ടെ എന്ന പറഞ്ഞ് അയാൾ വിസമ്മതിച്ചു. മറ്റ് യാത്രക്കാരും ഇന്നോവക്കാരന് പിന്തുണ കൊടുത്തതോടെ റോഡ് പൂർണമായും നിശ്ചലമായി. റോഡ് ബ്ലോക്കായതോടെ വെപ്രാളപ്പെട്ട പൊലീസുകാരനോടുള്ള സഹതാപം മൂലം ഒടുവിൽ ഇന്നോവക്കാർ പിറകോട്ട് എടുത്തു കുരുക്ക് അഴിക്കുക ആയിരുന്നു.

സംഭവത്തിൽ പൊലീസ് വാഹനത്തിന്റെ ഫോട്ടോ സഹിതം ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് പരാതി നൽകുമെന്ന് ഒരു യാത്രക്കാരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. മാതൃക ആവേണ്ട പൊലീസ് വാഹനങ്ങൾ ഇങ്ങനെ ക്യൂ തെറ്റിച്ച് ബ്ലോക്ക് ഉണ്ടാക്കുന്നത് കേരളത്തിലെ മിക്ക നഗരങ്ങളിലും വൻ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ ഉള്ള തലസ്ഥാന നഗരത്തിൽ ഇത് പതിവ് സംഭവണ്. മന്ത്രിമാരുടെ ചീറിപ്പായലിന് വഴിയൊരുക്കുമ്പോഴും സമാനമായ വിധത്തിൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാകാറുണ്ട്.

നേരത്തെ ഋഷിരാജ് സിങ് ട്രാൻസ്‌പോർട്ട് മേധാവി ആയിരിക്കവേ മന്ത്രിവാഹനങ്ങളുടെ ചീറിപ്പായലിന് തടയിടാൻ വേണ്ടി ശ്രമം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു സർക്കുലർ പുറത്തിറക്കിയെങ്കിലും പിന്നീട് കാര്യങ്ങളൊന്നു മുന്നോട്ടു പോയില്ല. അതുകൊണ്ട് തന്നെ ട്രാഫിക് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി മന്ത്രിവാഹനങ്ങൾ യഥേഷ്ടം ചീറിപ്പായുന്നത് പതിവുപോലെ നഗരത്തിൽ തുടരുകയും ചെയ്യുകയാണ്.