- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതൃവാത്സല്യവും ചൈൽഡ് ലൈൻ പീഡനമാക്കുന്നുവോ? ബാലപീഡനത്തിൽ കേസ് എടുക്കുക വിശദ അന്വേഷണത്തിന് ശേഷം മാത്രം; കരുതലോടെ നീങ്ങാൻ പൊലീസിൽ തീരുമാനം
കോതമംഗലം: കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കുള്ള ചൈൽഡ് ലൈന്റെ പ്രവർത്തനം അതിരുവിടുന്നുണ്ടോ എന്ന് പൊലീസിന് സംശയം. ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ലങ്കിലും ചൈൽഡ് ലൈൻ പ്രവർത്തകർ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസ്സുകളിൽ വിശദമായ അന്വേഷണത്തിന് ശേഷം നടപടി മതിയെന്ന നില
കോതമംഗലം: കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കുള്ള ചൈൽഡ് ലൈന്റെ പ്രവർത്തനം അതിരുവിടുന്നുണ്ടോ എന്ന് പൊലീസിന് സംശയം. ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ലങ്കിലും ചൈൽഡ് ലൈൻ പ്രവർത്തകർ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസ്സുകളിൽ വിശദമായ അന്വേഷണത്തിന് ശേഷം നടപടി മതിയെന്ന നിലപാട് പൊലീസ് സ്വീകരിച്ചു തുടങ്ങിയെന്നാണ് ലഭ്യമായ വിവരം.
സ്‌കൂളുകളിൽ കൗൺസിലിംഗിലും മറ്റും ലഭിക്കുന്ന വിവരങ്ങൾ പൊലീസിന് കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തിൽ മുൻപിൻ നോക്കാതെ കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു ഇതുവരെ പൊലീസ് ചെയ്തിരുന്നത്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചിലർ യഥാർത്ഥത്തിൽ കുറ്റം ചെയ്തവരല്ലെന്നുള്ള കണ്ടെത്തലുകളാണ് പൊലീസ് മുൻനിലപാടിൽ നിന്നും അയയാൻ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇപ്പോൾ അനുദിനമെന്നവണ്ണം റിപ്പോർട്ട് ചെയ്യപ്പെടുന്ന പീഡനക്കേസ്സുകൾ സംസ്ഥാനത്തെ ഗുരുതരമായ കുറ്റകൃത്യങ്ങളായി ചിത്രീകരിക്കപ്പെടുന്നതിന് കാരണമാവുന്നുണ്ടെന്നുള്ള ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തലുകളും ഇതിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ആലുവയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത പൊലീസിലെ ഉന്നതർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളതായും അറിയുന്നു . ചൈൽഡ് ലൈന്റെ കൗൺസിലിംഗിന് വിധേയരാവുന്ന കുട്ടികളെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിക്കാൻ രഹസ്യാന്വേഷണ വിഭാഗം നീക്കങ്ങൾ നടത്തിവരുന്നതായും അറിയുന്നു. അഞ്ചോ പത്തോ വയസുള്ള സ്വന്തം പെൺമക്കളെ സ്‌നഹത്തോടെ മാറോടു ചേർത്ത് ഉമ്മ വച്ചാലോ വീട്ടിൽ മറ്റാരും സഹായത്തിനില്ലാത്തപ്പോൾ ഇവരെ ഒന്നു കുളിപ്പിച്ചാലോ പിതാവ് പീഡനക്കേസിൽ അകപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് യോഗം വിലയിരുത്തി.
കൗൺസിലിംഗിനിടെയുള്ള ചോദ്യങ്ങൾക്ക് ഒളിമറയില്ലാതെ കുട്ടികൾ നൽകുന്ന മറുപടികളുടെ അടിസ്ഥാനത്തിലാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിലേക്ക് വിവരങ്ങൾ കൈമാറുന്നത്. പരാതി പൊലീസ് രേഖപ്പെടുത്തുന്നതോടെ പത്രവാർത്തകളാവുകയും അതോടെ കുടുംബം കുളമാകുകയും ചെയ്യും. വിവിധ പ്രശ്‌നങ്ങളുടെ പേരിൽ കലഹിച്ച് വേർപെട്ടുകഴിയുന്ന ദമ്പതികളിലെ അമ്മമാരും ബന്ധുക്കളും ശത്രുതയുടെ പേരിൽ പെൺകുട്ടികളിൽ സമ്മർദ്ദം ചെലത്തി ചൈൽഡ് ലൈന്റെ സഹായത്തോടെ പിതാവിനെ കുടുക്കാൻ ആസൂത്രിതനീക്കങ്ങൾ നടത്തുന്നുണ്ടോ എന്നുപോലും സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് പൊലീസിലെ തന്നെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
ചൈൽഡ് ലൈന്റെ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമായി കുട്ടികൾക്കെതിരെയുള്ള നിരവധി കുറ്റകൃത്യങ്ങൾ വെളിച്ചത്തുവരികയും കുറ്റവാളികൾ ജയിലഴിക്കുള്ളിലാവുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തനം അംഗീകരിക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പ്രവർത്തന പരിചയക്കുറവുമൂലം ഈ പ്രസ്ഥാനത്തിലെ ചിലരുടെ കൗൺലിംഗുകൾ ശരിയായ ഫലം ചെയ്യുന്നില്ലെന്നും ഇത് തിരുത്തപ്പെടേണ്ടതാണെന്നുമാണ് ഇക്കൂട്ടരുടെ നിഗമനം.