പന്തളം: വേലിതന്നെ വിളവുതിന്നാൽ എന്ന പ്രയോഗം കേരളാ പൊലീസിന്റെ കാര്യത്തിൽ നിരവധിതവണ ഉയർന്നുകേട്ട് ചെവി തഴമ്പിച്ച മലയാളിക്ക് അക്കൂട്ടത്തിൽ ചേർക്കാൻ ഒരു കഥകൂടി. ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ അമിതലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് മുപ്പതു ലക്ഷത്തോളം രൂപാ പലരിൽനിന്നായി തട്ടിയെടുത്ത കേസിൽ പൊലീസുദ്യോഗസ്ഥനും സഹായിയായ യുവതിയും പന്തളം പൊലീസിന്റെ പിടിയിലായി. ഷെയർമാർക്കറ്റ് എന്തെന്നുപോലും അറിയാത്ത പാവപ്പെട്ട സ്ത്രീകളെ കബളിപ്പിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. 

ആലപ്പുഴ കൈനടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ താമരക്കുളം ഫസിൽ മൻസിലിൽ ഫസൽഖാൻ(47), പന്തളം അമ്പലത്തിനാൽ ചൂര കവലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന മാവേലിക്കര തഴക്കര, കല്ലുമല, വെട്ടുവേലിൽ രഞ്ജു(31) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യംനൽകി വിട്ടയച്ചു. 

പന്തളം മങ്ങാരം സ്വദേശി പുഷ്പവല്ലിയുടെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പക്ഷേ, പ്രദേശത്തെ നിരവധി പേരെ ഇവർ ഇരുവരും ചേർന്ന് കെണിയിൽ വീഴ്‌ത്തിയതായി സംശയമുയർന്നിട്ടുണ്ട്. പ്രതികൾ പിടിയിലായതോടെ ഏഴുപേർകൂടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ പരാതിക്കാരെത്തിക്കൊണ്ടിരിക്കുന്നതായി പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2015 ഡിസംബർ മുതലാണ് ഇരുവരും ചേർന്ന് സാധാരണക്കാരായ സ്ത്രീകളെ പറഞ്ഞു വലയിലാക്കി പണംതട്ടിയെടുക്കുകയായിരുന്നു. ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചാൽ നല്ല ലാഭവിഹിതം കിട്ടുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇത്തരത്തിൽ പറഞ്ഞതല്ലാതെ കുറേക്കാലമായിട്ടും ലാഭമൊന്നും പണം നൽകിയവർക്ക് കിട്ടിയില്ല.

ഇതോടെയാണ് തട്ടിപ്പാണെന്ന് സംശയം തോന്നി പുഷ്പവല്ലി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണം നടത്തിയപ്പോൾ ഇവർ തട്ടിപ്പുനടത്തുന്നതായി വ്യക്തമായതോടെ അടൂർ ഡിവൈ.എസ്‌പി. എസ്.റഫീക്കിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. സൂഫി ഇരുവരേയും അറസ്റ്റുചെയ്യുകയായിരുന്നു.