പത്തനംതിട്ട: ചിട്ടി തട്ടിപ്പ്, സെയിൽസ് ടാക്സ് വെട്ടിപ്പ് എന്നീ കേസുകളിൽ മുങ്ങി നടന്നിരുന്ന പ്രതിയെ പിടികൂടാനെത്തിയ ഷാഡോ പൊലീസിന് നേരെ ആക്രമണം. കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റിട്ടും പ്രതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോൾ അവിടെ നിന്ന് പ്രചരിപ്പിച്ചത് പ്രതിയെ മർദിച്ച് അവശനാക്കിയെന്ന്.

നിജസ്ഥിതി അന്വേഷിച്ച് ചെന്ന മറുനാടന് ലഭിച്ചത് പ്രതിക്ക് ഒരു എസ്‌പിയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്.

വെട്ടിപ്രം സ്വദേശി രാജീവാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ എസ്‌പിയുടെ ഷാഡോ പൊലീസ് ടീമംഗങ്ങളായ എൽടി ലിജു, ബിജു മാത്യു എന്നിവരെ ആക്രമിച്ചത്. വാറണ്ട് കേസിൽ പ്രതിയായ രാജീവ് ഏറെ നാളായി ഒളിവിലായിരുന്നു. രാജീവിന്റെ അയൽവാസികളായ ഭാര്യയും ഭർത്താവും ഇന്നലെ മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചിരുന്നു.

മരണ വിവരം അറിഞ്ഞ് ഇവരുടെ സംസ്‌കാര ചടങ്ങിൽ പങ്കു കൊള്ളാനാണ് രാജീവ് എത്തിയത്. ഇക്കാര്യം രഹസ്യമായി മനസിലാക്കിയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു മാത്യു, എൽടി ലിജു എന്നിവർ ഇവിടെയെത്തിയത്.

സംസ്‌കാരം കഴിയുന്നതു വരെ കാത്തിരിക്കാൻ ഇയാൾ പൊലീസുകാരോട് ആവശ്യപ്പെട്ടു. അവർ ഇതിന് വഴങ്ങാതെ വന്നതോടെ ബലപ്രയോഗമായി. വീടിനോട് ചേർന്നുള്ള ഗോഡൗണിൽ കയറി ഇയാൾ ഒളിച്ചു. പൊലിസ് പിടിക്കുമെന്നായതോടെ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ബിജു മാത്യുവിന്റെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റു. ലിജുവിനും ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്. പരുക്കേറ്റെങ്കിലും ഇരുവരും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു പത്തനംതിട്ട സ്റ്റേഷനിൽ എത്തിച്ചു.

എന്നാൽ ഇതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സ്വന്തം സഹപ്രവർത്തകരെ ആക്രമിച്ച പ്രതിയെ ന്യായീകരിക്കുന്ന നിലപാടാണ് സ്റ്റേഷനിലെ ചില പൊലീസുകാർ പ്രചരിപ്പിച്ചത്. രാജീവിന്റെ സുഹൃത്തുക്കളാണ് ഇതിന് മുൻകൈയെടുത്തതെന്നാണ് വിവരം. പ്രതിയെ ഷാഡോ പൊലീസുകാർ മർദിച്ച് അവശനാക്കിയെന്നാണ് പ്രചരണം നടക്കുന്നത്.

ഇക്കാര്യം അന്വേഷിച്ചതോടെ പ്രതിയും ഐപിഎസുകാരനല്ലാത്ത ഒരു എസ്‌പിയും തമ്മിൽ ബന്ധമുണ്ടെന്ന വിവരങ്ങളാണ് മറുനാടന് ലഭിക്കുന്നത്. മുൻപ് പത്തനംതിട്ട ഡിവൈഎസ്‌പി ആയിരിക്കുമ്പോഴാണ് ഇയാൾ രാജീവുമായി ബന്ധം സ്ഥാപിച്ചത്. അതിപ്പോഴും തുടരുന്നുവെന്നും അടുപ്പക്കാരനായ ഈ എസ്‌പി ഇടപെട്ടിട്ടാണ് പൊലീസുകാർ ഇത്തരമൊരു പ്രചാരണം നടത്തിയതെന്നും പറയുന്നു. പരുക്കേറ്റ പൊലീസ് ഉദ്ദ്യോഗസ്ഥർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.