തിരുവനന്തപുരം: തൊണ്ടി മുതൽ വിറ്റ് പുട്ടടിക്കുന്ന പരിപാടി കേരളത്തിലെ മറ്റു പൊലീസ് സ്റ്റേഷനുകളിൽ ഉണ്ടോയെന്ന് അറിവില്ല. ഏതായാലും തിരുവനന്തപുരത്തെ മംഗലപുരം സ്റ്റേഷനിൽ ഉണ്ട്. ഇവിടെ കോവിഡ് കാലത്തെ മീൻ വില്പനയാണ് പ്രശ്‌നം. കഠിനംകുളം കായലിൽ നിന്ന് നിരോധനം ലംഘിച്ച് നാട്ടുകാർ വലവീശി മീൻ പിടിച്ചുവെന്നാണ് ആരോപണം. കായൽ മീൻ പിടിച്ചെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി പാചകം ചെയ്തും, മിച്ചം വന്നത് മറിച്ചു വിൽക്കുകയും ചെയ്തു പൊലീസുകാർ.

വലവീശി പിടിച്ച കരിമീൻ, തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽപന നടത്തിയപ്പോൾ ആൾക്കൂട്ടം ഒഴിവാക്കാനെത്തിയതായിരുന്നു പൊലീസ്. എല്ലാവരെയും ഓടിച്ച ശേഷം മീൻ പിടിച്ചെടുത്തു. ഇതിനിടെ ഒരാൾ കായൽ വെട്ടിലേക്ക് എടുത്തു ചാടി. ഭയന്ന പൊലീസ് സ്ഥലം വിടുകയായിരുന്നു. ജീപ്പിൽ കടത്തിയ മീനാണ് പിന്നീട് ഇടനിലക്കാരെ ഉപയോഗിച്ച് കച്ചവടം നടത്തിയതെന്നാണ് ആരോപണം. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

ഏതായാലും മംഗലപുരം സ്റ്റേഷനിലെ മൂന്ന് എ എസ് ഐമാർക്കെതിരെ നടപടി വന്നു. മൂന്നുപേരെ നെയ്യാറ്റിൻകര പുളിങ്കുടിയിലെ എആർ ക്യാംപിലേക്ക് മാറ്റി റൂറൽ എസ് പി ഉത്തരവിറക്കി.. കൂടാതെ സ്റ്റേഷനുള്ളിലും മീൻ പാചകം ചെയ്തു.സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന എസ് ഐയെ രാഷ്ട്രീയ സമ്മർദ്ദത്തിൽ ഒഴിവാക്കിയിട്ടുമുണ്ട്. നടപടികളിൽ നിന്നും രക്ഷനേടാൻ ഇയാൾ സി പി എമ്മിന്റെ ഒരു മുൻ എം എൽ എയുടെ വീട്ടിൽ കയറിയിറങ്ങി ശ്രമം നടത്തുന്നതായാണ് വിവരം.സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡി ജി പി ഉൾപ്പെടെ വിശദീകരണം തേടിയിരുന്നു. തുടർന്നായിരുന്നു റൂറൽ എസ്‌പിയുടെ നിർദ്ദേശപ്രകാരം അന്വേഷണവും നടപടിയും.

സംഭവം മുരുക്കുംപുഴയിലെ ജനകീയ സമിതി പ്രവർത്തകർ ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെയും രഹസ്യ വിഭാഗത്തിൻെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. വിഷയം പുറത്തറിയാതെ തീർക്കാൻ ശ്രമം നടക്കുന്നുവെന്നു ആരോപണമുണ്ടായിരുന്നു. ചെമ്പഴന്തിക്കു സമീപം വനിതാ എസ് ഐയും പൊലീസുകാരനും ചേർന്ന് രാത്രി പൊലീസ് ജീപ്പിൽ അലങ്കാരച്ചെടി മോഷ്ടിച്ചു കടത്തിയ വാർത്തയ്ക്ക് പിന്നാലെയാണ് മീൻ കച്ചവടവും പാചകവിശേഷവും.