കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചവരോടുള്ള പ്രതികാര അക്രമങ്ങൾ ജില്ലയിൽ തുടരുന്നു. അമ്മ ബിജെപി. സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ പേരിൽ ഏഴുവയസ്സുകാരനെ വെട്ടിയ കാക്കയങ്ങാട്ടെ അതേ വീടിനു നേരെ വീണ്ടും അക്രമമുണ്ടായി. മൂന്നാഴ്ച മുമ്പ് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കാർത്തിക്കിനെ വെട്ടി പരിക്കേൽപ്പിച്ചത് ഒരു സംഘം സിപിഐ.(എം). കാരായിരുന്നു.

അക്രമികൾ സിപിഐ.(എം). കാരായിരുന്നുവെന്ന് ബിജെപി. നേതൃത്വവും കുടുംബാംഗങ്ങളും പരാതിയുമായി രംഗത്ത് വന്നപ്പോൾ കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്ന് സിപിഐ.(എം) ഉം വാദിച്ചിരുന്നു. ബിജെപി. പ്രവർത്തകരായ ഇടക്കാട്ടിൽ വീട്ടിൽ രാഹുൽ-രമ്യ ദമ്പതികളുടെ മകനായ കാർത്തിക്കിനെ മെയ് 30 ന് വീട്ടിലെത്തിയ അക്രമികൾ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പിതാവിനെ അന്വേഷിച്ചെത്തിയ സംഘം കാർത്തിക്കിനെ വെട്ടിയത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കാർത്തിക്കിന്റെ അമ്മാവൻ മനു ഉൾപ്പെടെ മുന്ന് സിപിഐ.(എം). പ്രവർത്തകരാണ് സംഭവത്തോടനുബന്ധിച്ച് അറസ്റ്റിലായത്.

രാഷ്ടീയ പ്രശ്‌നങ്ങളിൽ കുട്ടികളെ അക്രമിക്കുന്നതും വലിച്ചിടുന്നതും ഏറെ ചർച്ചാ വിഷയമായിരുന്നു. ഇന്നലെ പുലർച്ചെയാണ് കാർത്തിക്കിന്റെ വീട്ടിനു നേരെ അക്രമം അഴിച്ചു വിട്ടത്. വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മറിച്ചിട്ടിരിക്കയാണ്. ശബ്ദം കേട്ട് കാർത്തിക്കിന്റെ പിതാവ് രാഹുലും അമ്മ രമ്യയും പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. മൂന്നംഗ സംഘമാണ് അക്രമത്തിനു പിന്നിൽ എന്ന് സംശയിക്കുന്നതായി രാഹുൽ ഇരിട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കാർത്തിക്കിന്റെ അമ്മ രമ്യ പാർട്ടി ഗ്രാമമായ മുഴക്കുന്നിലാണ് ബിജെപി. സ്ഥാനാർത്ഥിയായി മത്സരിച്ചത്. അതോടെയാണ് ഈ കുടുംബത്തെ സിപിഐ.(എം). കാർ വേട്ടയാടാൻ തുടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് മനു ജാമ്യം കിട്ടി പുറത്തിറങ്ങിയത്. ഇതിനുശേഷം തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് ചിലരോട് മനു പറഞ്ഞതായും രാഹുൽ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ മെയ് മുപ്പതിന് സന്ധ്യയോടെ കാർത്തികിന്റെ പിതാവായ രാഹുലിനെ അന്വേഷിച്ചെത്തിയ കാർത്തിക്കിന്റെ അമ്മാവൻ മനു ഉൾപ്പെടെയുള്ള രണ്ടംഗ സിപിഐ(എം) രാഹുലിനെ കയ്യിൽ കിട്ടാതെ വന്നപ്പോൾ മകനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. എന്നാൽ ഇത് കുടുംബ വഴക്കെന്നായിരുന്നു സിപിഐ(എം) പ്രചരിപ്പിക്കാൻ ശ്രമിച്ചത്. അതേസമയം പത്രസമ്മേളനം നടത്തിയ രാഹുലും രമ്യയും അങ്ങിനെ ഒരു കുടുംബവഴക്ക് നിലവിലില്ലെന്നും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി രമ്യ മത്സരിച്ചതിലുള്ള വിരോധം തീർക്കുകയായിരുന്നു സിപിഐ(എം) മനുവിലൂടെ ചെയ്തതെന്നും വ്യക്തമാക്കിയിരുന്നു.

ബിജെപി. പ്രവർത്തകനായ സന്തോഷ് എന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ രാഹുൽ പൊലീസിന് ഒറ്റു കൊടുത്തു എന്ന ആക്ഷേപവും ഇവർക്കെതിരെ സിപിഐ.(എം). ഉന്നയിക്കുന്നുണ്ട്. അതോടെയാണ് രാഹുലിനെ അക്രമിക്കാൻ ഒരുങ്ങിയതെന്ന് പറയുന്നു. മെയ് 30 ന് രാഹുലിനെ അന്വേഷിച്ച് അക്രമി സംഘം വീട്ടിലെത്തിയെങ്കിലും അയാളെ കണ്ടെത്താനായില്ല. അതോടെ വീടിനു നേരെ അക്രമം അഴിച്ചു വിട്ടു. തിരിച്ചു പോകുമ്പോഴാണ് വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴു വയസ്സുകാരൻ കാർത്തിക്കിനെ കണ്ടത്. നിന്റെ അച്ഛനു പകരമായി നിനക്കൊരു അടയാളമിരിക്കട്ടെ എന്നു പറഞ്ഞ് അക്രമി സംഘം കാർത്തിക്കിനെ പിടിച്ചു. കരഞ്ഞു കൊണ്ടിരിക്കുകയായിരുന്ന അവനെ ചുവരിൽ തലയിടിപ്പിച്ചു. ആക്രോശിച്ചു കൊണ്ട് മറ്റൊരാൾ കൊടുവാൾ കൊണ്ട് കാർത്തിക്കിന്റെ ഇടതു കൈയിൽ ആഞ്ഞു വെട്ടുകയായിരുന്നു.

പരിക്കേറ്റ കാർത്തിക്കിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ കാർത്തിക്ക് സ്‌ക്കൂളിൽ പോയി തുടങ്ങിയിട്ടേയുള്ളൂ. അതിനിടയിലാണ് വീണ്ടുമൊരക്രമം. ഒരു മാസത്തിനുള്ളിൽ തന്നെ വീടിനു നേരെ വീണ്ടു അക്രമം നടത്തിയതിനാൽ വിറങ്ങലിച്ചു കഴിയുകയാണ് ഈ കുടുംബം. ജനൽ ചില്ലുകൾ തകരുന്നതു കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോൾ തന്നെ അക്രമികൾ കടന്നു കളഞ്ഞതായി രാഹുൽ പറയുന്നു. ഇരിട്ടി പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ വെട്ടി പരിക്കേൽപ്പിച്ചതിന്റെ തുടർച്ചയാണ് വീടിനു നേരെയുണ്ടായ അക്രമമെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യ പ്രകാശ് ആരോപിച്ചു.

സിപിഐ(എം) ഒഴികെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ബാലികേറാ മലയായിരുന്ന മുഴക്കുന്നു പഞ്ചായത്തിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എല്ലാ വാർഡുകളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിച്ചതും രണ്ടു വാർഡുകളിൽ വിജയിക്കാനായതും സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നുവെന്ന് ബിജെപി പറയുന്നു. തുടർന്ന് സിപിഐ(എം) പഞ്ചായത്തിലുടനീളം വ്യാപകമായ അക്രമം അഴിച്ചുവിട്ടിരുന്നു. ബന്ധുക്കളെക്കൊണ്ടുതന്നെ ബിജെപി കുടുംബങ്ങളെ ആക്രമിക്കുകയും അത് കുടുംബവഴക്കാണെന്ന് വരുത്തിത്തീർക്കുവാനുള്ള ശ്രമമാണ് സിപിഐ(എം) ഇവിടെ നടത്തി വരുന്നതെന്നും രാഹുലും രമ്യയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.