- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഭിച്ചത് ആയിരത്തിലേറെ പരാതികൾ; നിക്ഷേപകർക്കു നഷ്ടമായത് പത്തുകോടിയിലേറെ രൂപ; തുഞ്ചത്ത് ജൂവലേഴ്സിന്റെ നിക്ഷേപത്തട്ടിപ്പിൽ കേസെടുക്കാതിരിക്കാൻ രാഷ്ട്രീയ സമ്മർദവും; ജൂവലറി ഉടമകൾ ഒളിവിൽ തന്നെ
മലപ്പുറം: നിരവധി ശാഖകളുള്ള തുഞ്ചത്ത് ജൂവലേഴ്സ് നിക്ഷേപ പദ്ധതിയിൽ വഞ്ചിതരായ കൂടുതൽ പേർ ഇന്നലെ തിരൂർ പൊലീസ് സ്റ്റേഷനിലേക്കെത്തി. ആയിരത്തിലേറെ പരാതികളിൽ നിന്നായി പത്തു കോടിയിലേറെ രൂപ നിക്ഷേപകർക്കു നഷ്ടപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. ഒളിവിൽ പോയ ജൂവലറി ഉടമകൾ ഇതുവരെയും തിരിച്ചെത്തുകയോ ജൂവലറി തുറക്കാൻ തയ്യാറാവുകയോ ചെയ്തിട്ടില്ല. ഇന്നലെയായിരുന്നു പൊലീസ് ഇടപെട്ട് അവസാന തിയ്യതി നിക്ഷേപകർക്കു നൽകിയത്. എന്നാൽ ഉടമകളായ എം.ജയചന്ദ്രൻ, സനിൽ, അനിൽ എന്നിവർക്കെതിരെ നൂറു കണക്കിനാളുകൾ ഇന്നലെയും പരാതി നൽകി. നേരം ഇരുട്ടുവോളം പൊലീസ് സ്റ്റേഷനു മുന്നിൽ ജനം തടിച്ചു കൂടിയിരുന്നു. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നിട്ട് ആയിരക്കണക്കിനാളുടെ പരാതി ലഭിച്ചിട്ടും പൊലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ല. കേസെടുക്കാതിരിക്കാൻ നിക്ഷേപകരുടെ പേരിൽ ചില രാഷ്ട്രീയ നേതാക്കളും ഭൂമാഫിയക്കരും പൊലീസിൽ സമ്മർദവുമായെത്തിയിട്ടുണ്ട്. തിരൂർ, എടപ്പാൾ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജൂവലറി ശാഖകളും മറ്റു ബിസിനസ് സംരംഭങ്ങളുമുള്ള ത
മലപ്പുറം: നിരവധി ശാഖകളുള്ള തുഞ്ചത്ത് ജൂവലേഴ്സ് നിക്ഷേപ പദ്ധതിയിൽ വഞ്ചിതരായ കൂടുതൽ പേർ ഇന്നലെ തിരൂർ പൊലീസ് സ്റ്റേഷനിലേക്കെത്തി. ആയിരത്തിലേറെ പരാതികളിൽ നിന്നായി പത്തു കോടിയിലേറെ രൂപ നിക്ഷേപകർക്കു നഷ്ടപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. ഒളിവിൽ പോയ ജൂവലറി ഉടമകൾ ഇതുവരെയും തിരിച്ചെത്തുകയോ ജൂവലറി തുറക്കാൻ തയ്യാറാവുകയോ ചെയ്തിട്ടില്ല.
ഇന്നലെയായിരുന്നു പൊലീസ് ഇടപെട്ട് അവസാന തിയ്യതി നിക്ഷേപകർക്കു നൽകിയത്. എന്നാൽ ഉടമകളായ എം.ജയചന്ദ്രൻ, സനിൽ, അനിൽ എന്നിവർക്കെതിരെ നൂറു കണക്കിനാളുകൾ ഇന്നലെയും പരാതി നൽകി. നേരം ഇരുട്ടുവോളം പൊലീസ് സ്റ്റേഷനു മുന്നിൽ ജനം തടിച്ചു കൂടിയിരുന്നു.
കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നിട്ട് ആയിരക്കണക്കിനാളുടെ പരാതി ലഭിച്ചിട്ടും പൊലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ല. കേസെടുക്കാതിരിക്കാൻ നിക്ഷേപകരുടെ പേരിൽ ചില രാഷ്ട്രീയ നേതാക്കളും ഭൂമാഫിയക്കരും പൊലീസിൽ സമ്മർദവുമായെത്തിയിട്ടുണ്ട്.
തിരൂർ, എടപ്പാൾ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജൂവലറി ശാഖകളും മറ്റു ബിസിനസ് സംരംഭങ്ങളുമുള്ള തുഞ്ചത്ത് ജൂവലഴ്‌സ് വിവിധ നിക്ഷേപ പദ്ധതികളും വായ്പാ പദ്ധതികളും നടത്തിയിരുന്നു. സ്വർണ വ്യാപാരം നടത്താൻ മാത്രം ലൈസൻസുണ്ടായിരുന്ന തുഞ്ചത്ത് ജൂവലറി നിയമ വിരുദ്ധമായിട്ടായിരുന്നു ഈ പദ്ധതികളെല്ലാം നടത്തിയത്. ജൂലൈ 15ന് വെള്ളിയാഴ്ചയായിരുന്നു മിക്ക നിക്ഷേപകർക്കും അവസാന തിയ്യതി അനുവദിച്ചിരുന്നത്. എന്നാൽ പാൻബസാറിലെ ജൂവലറിക്കു മുന്നിലെത്തിയ നിക്ഷേപകർ ജൂവലറി അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. ഇതോടെ നിക്ഷേപകർ രേഖാമൂലം തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി പരിശോധിച്ച പൊലീസ് 20നുള്ളിൽ പരിഹാരമുണ്ടാക്കാമെന്നറിയിച്ചെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ല.
പദ്ധതിയിൽ കുടുങ്ങിയവർ അധികവും സാധാരണക്കാരായ വീട്ടമ്മമാരും മത്സ്യത്തൊഴിലാളി കുടുംബങ്ങളുമാണ്. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരുമിച്ചു പണം നൽകാനില്ലാത്ത ഇവർ ചെറിയ തുക മാസം തോറും നിക്ഷേപിച്ച് വിവാഹാവശ്യത്തിനുള്ള ആഭരണം വാങ്ങാമെന്ന ഉദ്ധേശത്തിലായിരുന്നു. കൂടാതെ പലിശ രഹിത വായ്പ ലഭിക്കുമെന്ന ഏജന്റുമാരുടെ വാക്കിൽ സ്വർണാപരണങ്ങൾ നിക്ഷേപിച്ച് ലോണെടുത്തവരും നിരവധിയാണ്. എന്നാൽ ഇവരെല്ലാം പണം തിരികെ നൽകിയിട്ടും സ്വർണം നൽകാൻ ജൂവലറി ഉടമകൾ തയ്യാറായില്ല.
തുഞ്ചത്ത് ജൂവലറിയുടെ നിക്ഷേപ പദ്ധതി കൂടുതൽ രൂക്ഷമായതോടെ പരാതി തിട്ടപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണ് പൊലീസിന്. ഇന്നലെ രാവിലെ മുതലേ തിരൂർ പൊലീസ് സ്റ്റേഷനിലേക്ക് ആളുകൾ എത്തിയിരുന്നു. അഞ്ഞൂറിലേറെ പേർ ഇന്നലെ മാത്രം പൊലീസ് സ്റ്റേഷനിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ജൂവലറിയിലെത്തിയ പലർക്കും ഇന്നലെ പണം തിരിച്ചുനൽകുമെന്ന് ജൂവലറി ജീവനക്കാർ ഉറപ്പ് നൽകിയിരുന്നു. ഇത് വിശ്വസിച്ചാണ് ആളുകൾ ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തിയത്. നൂറിലേറെ ആളുകൾ മലപ്പുറം റോഡിലെ തുഞ്ചത്ത് ജൂവലേഴ്സിനു മുന്നിലുമെത്തി. ഇതോടെ നിക്ഷേപ പദ്ധതിയിൽ വഞ്ചിതരായവരുടെ എണ്ണം ആയിരത്തിനു മുകളിലായി.
തീരദേശ നിവാസികളടക്കമുള്ള സാധാരണക്കാരായ സ്ത്രീകളാണ് പണം തേടി ഇന്നലെ പൊലീസ് സ്റ്റേഷനു മുന്നിലെത്തിയവരിൽ അധികവും. ചെറു പ്രായത്തിലുള്ള കുട്ടികളുടെ പേരിലും വിവാഹാവശ്യത്തിനായും പദ്ധതിയിൽ ചേർന്നവരും എത്തിയിരുന്നു. നിക്ഷേപകരുടെ മുന്നിൽ പൊലീസ് കൈമലർത്തിയതോടെ വന്നവർ വിഷമവൃത്തത്തിലായി. നിക്ഷേപകർ തയാറാണെങ്കിൽ കേസെടുക്കാമെന്നും മറ്റൊന്നും തങ്ങൾക്ക് അറിയില്ലെന്നുമായിരുന്നു പൊലീസ് നിലപാട്. ഇതിനിടെ പുതിയ പരാതിക്കാരും എത്തിയതോടെ സ്റ്റേഷൻ വളപ്പിൽ നിക്ഷേപകരുടെ തിരക്കായി. പുതിയ പരാതികൾ സ്വീകരിക്കാൻ പൊലീസ് ക്യൂ സംവിധാനം ഏർപ്പെടുത്തിയതോടെ വരി പൊലീസ് സ്റ്റേഷന് പുറത്തേക്ക് വരെ നീണ്ടു.
നിക്ഷേപകരിൽപ്പെട്ട ഒരു വിഭാഗം ആളുകൾ ശേഖരിച്ച കണക്കുകളനുസരിച്ച് 190 പേർക്ക് മാത്രമായി 1.40 കോടി രൂപ നൽകാനുണ്ട്. പൊലീസിൽ ലഭ്യമായ പരാതികളടക്കം പത്തു കോടിയിൽ അധികം രൂപയുടെ നിക്ഷേപം വിവിധ പദ്ധതികളിലായി നടന്നതായാണ് പൊലീസിന്റെ വിലയിരുത്തൽ. സാധാരണക്കാർക്കു പുറമെ കൂടുതൽ മുതൽ മുടക്കി ജൂവലറിയിൽ നിക്ഷേപിച്ചവരും വഞ്ചിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് അറിയുന്നത്. കൂടാതെ ജൂവലറിയുമടകൾ നൽകിയ വണ്ടിച്ചെക്കുകളുമായും ചിലർ ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി. പണം തിരിച്ചു തരേണ്ട സമയപരിധി കഴിഞ്ഞപ്പോൾ ചെക്ക് നൽകിയെന്നും ബാങ്കിൽ സമർപ്പിച്ചപ്പോൾ അക്കൗണ്ടിൽ പണമില്ലെന്നു പറഞ്ഞ് മടങ്ങിയെന്നും നിക്ഷേപകർ പറഞ്ഞു. പണം നൽകാമെന്നു പറഞ്ഞ് പല തിയ്യതികൾ നീട്ടികൊണ്ടുപോയെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള തീരുമനത്തിലാണെന്നും നിക്ഷേപകർ പറഞ്ഞു. നിക്ഷേപകരുടെ വിശദാംശങ്ങൾ ശേഖരിച്ചു സംഘടിതമായ പ്രതിഷേധം നടത്താനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. 190 നിക്ഷേപകർക്കു മാത്രം ഓരു കോടി നാൽപത് ലക്ഷത്തോളം രൂപ നൽകാനുണ്ടെന്നത് ഇവർ ശേഖരിച്ച കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. 1300രൂപ മുതൽ പത്ത് ലക്ഷം രൂപവരെ ലഭിക്കാനുള്ളവർ പരാതിക്കാരിലുണ്ട്. രണ്ടര പവൻ സ്വർണം മുതൽ 44പവൻ സ്വർണം വരെ നിക്ഷേപമായി നൽകിയവരുമുണ്ട്. 43 പവന്റെ സ്വർണാഭരണങ്ങൾ ഈടായി നൽകി പണം വായ്പ വാങ്ങുകയും യഥാസമയം പണം തിരിച്ചു നൽകിയിട്ടും ആഭരണം മടക്കി നൽകുന്നില്ലെന്ന് തലക്കാട് സ്വദേശിനിയായ വീട്ടമ്മ മറുനാടൻ മലയാളിയോടു പറഞ്ഞു.
ലഭിക്കുന്ന പരാതികളെല്ലാം സ്വീകരിച്ച് പ്രത്യേകം രജിസ്റ്ററിൽ ചേർത്ത് സൂക്ഷിക്കുക മാത്രമാണ് ഇപ്പോൾ പൊലീസ് ചെയ്യുന്നത്. നിക്ഷേപകർ കൂട്ടത്തോടെയെത്തിയ കഴിഞ്ഞ വെള്ളിയാഴ്ച ഇരുനൂറിലേറെ പരാതികൾ ലഭിച്ചിരുന്നു. അന്ന് 20നകം പണം നൽകിയില്ലെങ്കിൽ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെയുമായി പിന്നെയും ഒട്ടേറെ പരാതികൾ ലഭിച്ചിട്ടും കേസെടുക്കാൻ മടിച്ച് നിൽക്കുകയാണ് പൊലീസ്. പരാതികൾ പെരുകിയതോടെ പൊലീസിനെ ആശയക്കുഴപ്പത്തിലുമാക്കുന്നു. ജില്ലാ പൊലീസ് ചീഫ് അവധിയിലായതിനാൽ അദ്ദേഹവുമായി ബന്ധപ്പെടാനായിട്ടില്ലെന്നും രണ്ട് ദിവസത്തിനകം വിദഗ്ധോപദേശം സ്വീകരിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും തിരൂർ ഡിവൈ.എസ്‌പി കെ.വി സന്തോഷ് പറഞ്ഞു. കച്ചവടം മാത്രം നടത്താൻ ലൈസൻസുള്ള തുഞ്ചത്ത് ജൂവലറി നിയമ വിരുദ്ധമായാണ് വിവിധ നിക്ഷേപ പദ്ധതികൾ നടത്തിയതെന്നും ഡി.വൈ.എസ്‌പി വ്യക്തമാക്കി.
അതേസമയം വിവിധ നിക്ഷേപ പദ്ധതികളിൽ ചേർന്നു വഞ്ചിതരായവർക്ക് ഭൂമി വിറ്റ് ഇടപാട് തീർക്കാമെന്നു പറഞ്ഞ് നിക്ഷേപകരുടെ പേരിൽ ഒരു വിഭാഗം ഭൂമാഫിയയും രാഷ്ട്രീയ നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് നിക്ഷേപരെന്ന പേരിൽ എത്തിയ ഒരു സംഘം ആളുകൾ തിരൂർ ഡി.വൈ.എസ്‌പി കെ.വി സന്തോഷിനു മുമ്പാകെയാണ് ഇടപാട് തീർക്കുന്നതിനായി പുതിയ നിർദ്ദേശം മുന്നോട്ടു വച്ചത്. വിവിധ സ്ഥലങ്ങളിലായി ജൂവലറി ഉടമക്ക് സെന്റിന് 35 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയുണ്ടെന്നും ഇത് നിക്ഷേപകർ നിശ്ചയിക്കുന്ന ഏതാനും വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്യാമെന്നുമായിരുന്നു ഇവരുടെ നിർദ്ദേശം. ശേഷം നിക്ഷേപകർ മുഖാന്തരം ഭൂമി വിൽപ്പന നടത്തി പദ്ധതിയിൽ വഞ്ചിതരായവർക്കു വീതിച്ചു നൽകാമെന്നും ഇവർ നിർദേശമായി മുന്നോട്ടു വച്ചു. ഇതിനു പിന്നാലെ ജൂവലറി ഉടമയെന്ന പേരിൽ ഒരാൾ ഡി.വൈ.എസ്‌പിയെ ഫോണിൽ ബന്ധപ്പെടുകയും ഈ നിർദേശങ്ങൾ അംഗീകരിക്കുന്നതായി അറിയിക്കുകയും ചെയ്തു. എന്നാൽ നിക്ഷേപകരെന്നു പറഞ്ഞി പൊലീസിൽ എത്തിയവർ പ്രദേശത്തെ ഭൂമാഫിയക്കാരും കോൺഗ്രസിന്റെ ഏതാനും നേതാക്കളുമായിരുന്നു.
ജൂലൈ 15ന് ജൂവലറിക്കു മുന്നിൽ തടിച്ചു കൂടി നിക്ഷേപകർ പൊലീസിൽ സമർപ്പിക്കുന്നതിനായി ഒപ്പു ശേഖരണം നടത്തിയ പേപ്പർ കീറി നശിപ്പിച്ചത് ജൂവലറി അധികൃതരുടെ ആളെന്ന് സംശയിക്കുന്ന നൗഷാദ് എന്ന പ്രദേശത്തെ കോൺഗ്രസ് നേതാവാണെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ നിക്ഷേപകരുടെ പേരിൽ ഡിവൈഎസ്‌പിയുമായി സംസാരിച്ചവരും സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടിയാണെന്ന് നിക്ഷേപകർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യേണ്ടന്നും നിക്ഷേപകരുടെ പേരു വിവരം വാട്‌സ് ആപ്പിലൂടെ ശേഖരിക്കുന്നതായും ഇവർ ഡിവൈഎസ്‌പിയെ ധരിപ്പിച്ചിരുന്നുവത്രെ. ഇതിനു പുറമെ പ്രദേശത്തെ പ്രമുഖ സിപിഐഎം നേതാവും കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നു പറഞ്ഞ് ഡി.വൈ.എസ്‌പിയെ ബന്ധപ്പെട്ടിട്ടുണ്ട്. കേസെടുത്താൽ ഒരു പണവും കിട്ടില്ലെന്നു പറഞ്ഞും നിക്ഷേപകരെ പരാതി നൽകുന്നതിൽ നിന്നും ഒരു സംഘം പിൻതിരിപ്പിക്കുന്നതിനായി രംഗത്തുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതിനുള്ള കാല താമസം വരുത്തുന്നതിലൂടെ നിക്ഷേപകർക്ക് പണം തിരികെ കിട്ടാനുള്ള സാധ്യതകളാണ് യഥാർത്ഥത്തിൽ ഇതോടെ മങ്ങി വരുന്നത്. സാധാരണക്കാരിൽ സാധാരണക്കാരായ നിരവധി കുടുംബങ്ങൾ അകപ്പെട്ട നിക്ഷേപ തട്ടിപ്പിന്റെ മറവിൽ സ്വന്തം പോക്കറ്റ് വീർപ്പിക്കാനുള്ള തിരക്കിലാണ് ചില രാഷ്ട്രീയ-ഭൂമാഫിയാ നേതാക്കളുടെ കൂട്ടുകെട്ട്.