ന്യൂഡൽഹി: പൊതു പ്രവർത്തനം എന്നത് മറന്ന് സാമ്പത്തിക ലാഭത്തിനായി രാഷ്ട്രീയത്തിലിറങ്ങിയ നേതാക്കൾ സൂക്ഷിക്കുക. നിങ്ങൾക്ക് പിടി വീഴുന്നു. ചുരുങ്ങിയ സമയം കൊണ്ട് വരുമാന വർദ്ധനവ് ഉണ്ടാക്കിയ നേതാക്കളെ പിടികൂടാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാത്തതിന് കേന്ദ്രസർക്കാരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

രാഷ്ട്രീയ പ്രവർത്തനത്തിൽ അഴിമതി കാണിക്കുന്ന നേതാക്കളെല്ലാം ഇതോടെ പേടിയിലാണ്. കണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദിച്ചവരും കൃത്യമായ വരുമാന സ്രോതസ് ഇല്ലാതെ പണം കൈകാര്യം ചെയ്യുന്നവരും കുടുങ്ങുമെന്നാണ് സൂചന. ചുരുങ്ങിയ സമയത്തിനുള്ളിൽ വരുമാനത്തിൽ പലമടങ്ങ് വർദ്ധനവുണ്ടാക്കിയ രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങൾ സമർപ്പിക്കാത്തതിന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

വരുമാനത്തിൽ കാര്യമായ വർദ്ധനവുണ്ടാക്കിയ നേതാക്കളുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങൾ സമർപ്പിക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വിവരങ്ങളില്ലാതെ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിന് ഒരു വെള്ള പേപ്പറിന്റെ വിലപോലുമില്ലെന്ന് പരിഹസിച്ച ജസ്റ്റിസ് ജെ.ചെലമേശ്വർ അദ്ധ്യക്ഷനായ ബെഞ്ച് മുഴുവൻ വിവരങ്ങൾ 12ന് രാവിലെ കോടതിയിൽ സമർപ്പിക്കണമെന്ന് അന്ത്യശാസനം നൽകി.

അന്വേഷണം പൂർത്തിയായിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദം തള്ളിയ കോടതി, ഇത്രയും കാലം എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ചു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി താരതമ്യം ചെയ്യുമ്പോൾ ചുരുങ്ങിയ കാലം കൊണ്ട് വരുമാനം കാര്യമായി വർദ്ധിച്ച നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട ലോക്പ്രഹരി എന്ന സംഘടന നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.