വടകരയിലെ അങ്കത്തട്ടിൽ ചതി ഭയന്ന് കെ കെ ശൈലജ!
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: വടക്കൻ പാട്ടുകളിലെ അങ്കത്തട്ടിൽ ആരോമൽ ചേകവരുടെയും പിന്നിൽ നിന്നും ചതിച്ചു വീഴ്ത്തിയ ചന്തുവിന്റെയും കഥകൾ വടകരക്കാർക്ക് കേട്ടു പരിചിതമാണ്. വടക്കൻ പാട്ടുകളിലേത് പോലെ രാഷ്ട്രീയ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിൽ അപ്രതീക്ഷിതമായി പിന്നിൽ നിന്നും കുത്തേറ്റ അവസ്ഥയിലാണ് വടകരയിലെ ഇടതു സ്ഥാനാർത്ഥി കെ കെ ശൈലജ എന്നാണ് മലബാറിലെ രാഷ്ടീയ നിരീക്ഷകർ അടക്കം പറയുന്നത്. തെരഞ്ഞെടുപ്പു പ്രചരണം പുരോഗമിക്കുമ്പോൾ സ്വന്തം പാളയത്തിൽ നിന്നു തന്നെ ചതി പ്രതീക്ഷിച്ചാണ് ഇടതു സ്ഥാനാർത്ഥി മുന്നോട്ടു നീങ്ങുന്നത്.
കേരളത്തിന്റെ പൊതുരാഷ്ട്രീയ ചിത്രത്തിൽ കെ കെ ശൈലജയെ വടകരയിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചപ്പോൾ മുതൽ പലവിധത്തിലുള്ള സംശയങ്ങളുണ്ട്. സിപിഎമ്മിൽ മുഖ്യമന്ത്രി പദവിയിലേക്ക് പോലും ഉയർത്തി കാണിക്കാൻ കെൽപ്പുള്ള നേതാവായിരുന്നു ശൈലജ. അവരുടെ ഇമേജിനെ വോട്ടാക്കി വടകരയിൽ വിജയിക്കാം എന്നതായിരുന്നു സിപിഎം നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന് കെ കെ ശൈലജയിൽ അത്രയ്ക്ക് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ കണ്ണൂരിൽ പി ജയരാജനെ ഒതുക്കിയ ലൈൻ ശൈലജക്ക് വേണ്ടി സ്വീകരിക്കുകയാണ് എന്ന സംശയവും ശക്തമായിരുന്നു.
എന്നാൽ കെ മുരളീധരന് പകരം ഷാഫി പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ ശൈലജ കടുത്ത മത്സരമാണ് നേരിടുന്നത്. ഷാഫിയുടെ യുവത്വത്തിന്റെ പ്രസരിപ്പിനെ അതിജീവിക്കാൻ ശൈലജ തന്നാൽ കഴിയുന്ന വിധം കഠിനപ്രയത്ന്നം നടത്തുകയും ചെയ്യുന്നുണ്ട്. സിപിഎം നേതൃത്വവും ഇക്കാര്യത്തിൽ അവർക്കൊപ്പം സജീവമായി നിന്നു. എന്നാൽ പാനൂർ ബോംബ് സ്ഫോടനം എല്ലാ കണക്കൂ കൂട്ടലുകളും തെറ്റിച്ച അസ്ഥയിലാണ്.
ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ ഷെറിന്റെ മരണത്തിൽ കലാശിച്ച ബോംബ് നിർമ്മാണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടാണ് കെ കെ ശൈലജക്ക് കനത്ത തിരിച്ചടി ആയിരിക്കുന്നത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നുമാണ് സിപിഎം നേതൃത്വം വിശദീകരിച്ചിരുന്നത്. എന്നാൽ, രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് റിമാൻഡ് റിപ്പോർട്ടിൽ വന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞ അവസ്ഥയിലായി.
ഡിവൈഎഫ്ഐ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനു ചെന്നവരാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ വാദം. പ്രദേശിക സംഘങ്ങളുടെ കുടിപ്പകയാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇത് പാടെ തള്ളിക്കളയുകയാണ് റിമാൻഡ് റിപ്പോർട്ട്. സിപിഎം നിലപാടിനെതിരായ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് തന്നെ കോടതിയിൽ നൽകിയത് തെരഞ്ഞെടുപ്പ് വേളയിൽ വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിൽ. മുഖ്യമന്ത്രിയുടെ വിശ്വസ്തായ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. ഇവർ ഈ നിർണായക വേളയിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് നൽകിയത് ചതിയായാണ് കെ കെ ശൈലജയും അവരെ അനുകൂലിക്കുന്ന വിഭാഗങ്ങളും കാണുന്നത്. മുൻകാലങ്ങളിൽ പോലും ഇത്തരം സംഭവങ്ങളിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇപ്പോഴത്തെ സംഭവം സിപിഎം നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.
പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്താനും ഉദ്ദേശിച്ചാണെന്ന് ഡിവൈഎഫ്ഐയുടെ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.സായൂജ്, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി പി.വി.അമൽബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി സിജാൽ, അക്ഷയ് എന്നിവരുടെ പങ്കും റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേസിൽ പിടിയിലായ 12 പ്രതികളും സിപിഎം പ്രവർത്തകരാണ്. ദൃക്സാക്ഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളെയും കുറ്റസമ്മത മൊഴിയെയുമാണ് പൊലീസിനു മുൻപിലുള്ളത്. സംഭവദിവസം അമലും സായൂജും സ്ഥലത്തുണ്ടായിരുന്നു. കൂട്ടുപ്രതികൾ സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതായി ഇവർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇവർ മുൻകയ്യെടുത്തതായും പൊലീസ് കണ്ടെത്തി. സ്ഫോടനം നടന്നയുടൻ അമൽബാബു സ്ഥലത്തെത്തി മറ്റു ബോംബുകൾ തൊട്ടടുത്ത പറമ്പിൽ ഒളിപ്പിക്കുകയായിരുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് മണൽ കൊണ്ടുവന്നിട്ട്, തെളിവു നശിപ്പിക്കാനും ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കെ കെ ശൈലജ മത്സരിക്കുന്ന മണ്ഡലത്തിൽ രാഷ്ട്രീയ അതിക്രമം അഴിച്ചു വിട്ടാൽ അതിന്റെ ദോഷം സ്ഥാനാർത്ഥിക്ക് തന്നെയാണ് ഉണ്ടാകുക എന്ന് ബോധ്യവും എല്ലാവർക്കുമുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിന് കീഴിലുള്ള പൊലിസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് യുഡിഎഫിന് ആയുധം താലത്തിൽ വെച്ചു നൽകുന്നതായി മാറിയത്.
സി.പി. എം സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന് പുറമേ ഭരണതലത്തിൽ പ്രധാനറോൾ വഹിക്കുന്ന മറ്റൊരു സംസ്ഥാന കമ്മിറ്റിയംഗത്തിനും വടകര പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മറ്റൊരു നേതാവിനെ സഹായിക്കാനാണ് ഇവരെ നിയോഗിച്ചിരുന്നത്. ടി.പി ചന്ദ്രശേഖരൻ വധത്തിനെ തുടർന്ന് നഷ്ടപ്പെട്ട വടകര പാർലമെന്റ് മണ്ഡലം എങ്ങനെയെങ്കിലും തിരിച്ചു പിടിക്കുന്നതിനാണ് മൂന്ന് നേതാക്കളെ പാർട്ടി സംസ്ഥാന നേതൃത്വം മണ്ഡലത്തിന്റെ ചുമതലയേൽപ്പിച്ചത്.
കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരിൽ ചിലർ വഴങ്ങാത്തതു കാരണമാണ് റിമാൻഡ് റിപ്പോർട്ട് പാർട്ടിക്ക് എതിരായി മാറിയത്. പൊലിസിന്റെതലപ്പത്തുള്ള ഉദ്യോഗസ്ഥൻ തന്നെ കണ്ണൂരിലെത്തിയ സംഭവം ഒതുക്കി തീർക്കാനും ഗ്യാങ് വാറാക്കി മാറ്റാനും ശ്രമിച്ചുവെങ്കിലും അതിവേഗം അന്വേഷണം നടത്തി ഡി.വൈ. എഫ്. ഐ നേതാക്കളെ വരെ പ്രതിപട്ടികയിൽ ചേർക്കുകയാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ, കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാൽ, പാനൂർ സി. ഐ പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെയ്തത്.
തെരഞ്ഞെടുപ്പു കാലമായതിനാൽ ശരിയായ രീതിയിൽ മുന്നേറിയ അന്വേഷണ സംഘത്തിൽ നിന്നും ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനും മാറ്റി നിർത്താനും കഴിയാത്ത അവസ്ഥയിലുമായി പാർട്ടിയും സർക്കാറുമെന്ന് വിശദീകരണങ്ങളെല്ലാം ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥർ എങ്ങനെ പാർട്ടിയെ വെട്ടിലാക്കുന്ന റിപ്പോർട്ടു നൽകിയെന്ന ചോദ്യവും സിപിഎമ്മിനുള്ളിൽ നിന്നും ഉയരുന്നുണ്ട്.