കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്തു
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: വടകരയിൽ തെരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോൾ സൈബർ ആക്രമണവും സജീവ ചർച്ചയാകുന്നു. വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സാപ് ഗ്രൂപ്പിൽ അസ്ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് എതിരെ വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കാണ് ശൈലജ ഇന്നലെ പരാതി നൽകിയത്. ഷാഫിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്.
"ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നു. തേജോവധം നടത്താനുള്ള പ്രചാരണമാണ് യുഡിഎഫിന്റേത്. പൊലീസിൽ പരാതി നൽകിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ല. ജനങ്ങളുടെ അംഗീകാരത്തിൽ വിറളി പൂണ്ട യുഡിഎഫ് സ്ഥാനാർത്ഥി വളഞ്ഞ വഴിയിൽ ആക്രമിക്കുന്നു. സമൂഹമാധ്യമ പേജിലൂടെ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നു.
വാട്സാപ് ഗ്രൂപ്പുകളിലും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ലെറ്റർ പാഡ് കൃത്രിമമായി ഉണ്ടാക്കി ടീച്ചറമ്മയല്ല, ബോംബ് അമ്മ എന്ന് വിളിക്കണം എന്ന് എഴുതി പ്രചരിപ്പിച്ചു. ഓൺലൈൻ മാധ്യമങ്ങളുടെ പേരിലും വ്യാജ വാർത്തകൾ സൃഷ്ടിച്ചു പ്രചാരണം നടത്തുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള പ്രചാരണത്തിനെതിരെ സത്വര നടപടി ഉണ്ടാകണം" പരാതിയിൽ ശൈലജ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീർത്തികരവുമായ ആക്രമണത്തിനെതിരെ വാർത്താസമ്മേളനത്തിൽ വൈകാരികമായാണ് ശൈലജ പ്രതികരിച്ചത്. ഇതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുകയും ചെയ്തിരുന്നു. സംഭവം ഷാഫി പറമ്പിലും യുഡിഎഫും നിഷേധിക്കുമ്പോഴും സൈബർ ആക്രമണം സജീവമായി ചർച്ചാ വിഷയമാക്കുകയാണ് എൽഡിഎഫ്. കഴിഞ്ഞ ദിവസം സൈബറാക്രമണത്തിനെതിരെ സോഷ്യൽ മീഡിയാ കാമ്പയിനും നടന്നിരുന്നു.
കെ.കെ. ശൈലജയ്ക്ക് നേരെയുള്ള സൈബർ ആക്രമണം യു.ഡി.എഫ്. നേതൃത്വമോ വടകരയിലെ സ്ഥാനാർത്ഥിയോ അറിയാതെ നടക്കില്ലെന്നാണ് സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. കെ.കെ. ശൈലജക്കെതിരേ നവമാധ്യമങ്ങളിൽ വ്യാപകമായി അശ്ലീലം പ്രചരിപ്പിച്ചതിനെക്കുറിച്ച് തൊടുപുഴയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ വടകര KL 18' എന്ന പേജിലാണ് ഏറ്റവുംകൂടുതൽ അശ്ലീലം പ്രചരിപ്പിച്ചത്. സ്വന്തം ഐ.ഡി.കളിൽനിന്നാണ് യു.ഡി.എഫ്. പ്രവർത്തകർ ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നത്. നേതൃത്വം ഒപ്പമുണ്ടെന്ന ബലത്തിലാണിത്. രാഷ്ട്രീയമായി നേരിടാൻ കഴിയാതെവരികയും ശൈലജയുടെ വിജയം ഉറപ്പാകുകയും ചെയ്തതോടെയാണ് ഇത്തരം പ്രവർത്തികൾ.
അശ്ലീലം പ്രചരിപ്പിച്ച് സൈബർ ആക്രമണം നടത്താനുള്ള യു.ഡി.എഫ്. ശ്രമം കേരളത്തിൽ വിലപ്പോകില്ല. അശ്ലീലപ്രചാരണത്തിന് പിന്നിൽ ചില മാധ്യമങ്ങളുടെ ബോധപൂർവമായ ഇടപെടലുമുണ്ട്. യു.ഡി.എഫ്. സ്ഥാനാർത്ഥി സൈബർ ആക്രമണത്തിനായി പ്രത്യേകസംഘത്തെ വടകരയിൽ ഇറക്കിയിട്ടുണ്ടെന്നും കേരളത്തിൽ എൽ.ഡി.എഫ്. ഏറ്റവും ആദ്യം ജയിക്കുന്ന മണ്ഡലം വടകരയായിരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.