- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൂത്ത് സന്ദർശനത്തിനെത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം
കൊൽക്കത്ത: ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പിനിടെ ബിജെപി സ്ഥാനാർത്ഥിയെ വളഞ്ഞിട്ട് ആക്രമിച്ച് ഒരു സംഘമാളുകൾ. ജാർഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി പ്രണത് ടുഡുവിനാണ് മർദനമേറ്റത്. മംഗലപോട്ടയിലെ 200-ാം നമ്പർ ബൂത്ത് സന്ദർശിച്ച് മടങ്ങുന്നതിനിടെയായിരുന്നു ഒരുകൂട്ടം ആളുകൾ ചേർന്ന് പ്രണതിനെ മർദിച്ചത്. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റു. മർദനത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് സംഘമാണെന്ന് പ്രണത് ആരോപിച്ചു.
മംഗലപോട്ടയിൽ ബിജെപി വോട്ടർമാരെ വോട്ടുചെയ്യാൻ തൃണമൂൽ പ്രവർത്തകർ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബൂത്ത് സന്ദർശിക്കാനെത്തിയതായിരുന്നു താനെന്നും പ്രണത് എ.എൻ.ഐ യോട് പ്രതികരിച്ചു. എന്നാൽ 200 ഓളം വരുന്ന അക്രമിസംഘം ലാത്തിയും കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പ്രണത് പറഞ്ഞു. കേന്ദ്രപൊലീസ് ഉടൻ സ്ഥലത്തെത്തിയാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. അല്ലാത്തപക്ഷം തങ്ങൾ കൊല്ലപ്പെടുമായിരുന്നു. പ്രാദേശിക പൊലീസിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും പ്രണത് ആരോപിച്ചു.
പ്രണതിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രണതിന്റെ ആരോപണം തൃണമൂൽ നേതൃത്വം നിഷേധിച്ചു. ബിജെപി സ്ഥാനാർത്ഥി വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും ഇത് കണ്ട വോട്ടർമാർ ക്ഷുഭിതരാവുകയും പ്രതിഷേധിക്കുകയുമായിരുന്നുവെന്ന് തൃണമൂൽ നേതൃത്വം വ്യക്തമാക്കി. മധ്യമങ്ങളുടെയടക്കം നിരവധി വാഹനങ്ങളും സംഘർഷത്തിൽ തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
2019-ൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപി പിടിച്ചടക്കിയ മണ്ഡലമാണ് ജാർഗ്രാം. 2014-ൽ തൃണമൂലിന്റെ ഉമസറൻ വിജയിച്ച മണ്ഡലത്തിൽ 2019-ൽ വിജയിച്ചത് ബിജെപിയുടെ കുമാർ ഹെംബ്രാം ആണ്. എന്നാൽ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജാർഗ്രാമിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയം തൃണമൂലിനൊപ്പമായിരുന്നു.