കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സിബിഐയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും വിമർശിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്തു കൊണ്ടാണ് ഇ.ഡി.യും സിബിഐയും കേരളാ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന മഹാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും 24 മണിക്കൂറും വിമർശിക്കുമ്പോൾ തനിക്കെതിര 24 മണിക്കൂറും വിമർശിക്കുകയാണ് കേരള മുഖ്യമന്ത്രി. ഈക്കാര്യം ജനങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു ഇന്ത്യയിലെ രണ്ടു മുഖ്യമന്ത്രിമാരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ജയിലിൽ അടച്ചിരിക്കുകയാണ് നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടും ഇതുവരെ കേരള മുഖ്യമന്ത്രിയെ തേടി കേന്ദ്ര ഏജൻസികൾ എത്തിയിട്ടില്ല. പദപ്രശ്നം പോലെ ഈ കാര്യത്തിൽ എന്തു ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ല. 56മണിക്കൂറാണ് തന്നെ ഇ.ഡി ചോദ്യം ചെയ്തത്.
ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് താൻ ഓരോ ദിവസവും ആലോചിക്കുന്നത്. പാർലമെന്റിലേക്ക് പോകുമ്പോൾ ബിജെപി എം പിമാർ ഇയാൾ ഞങ്ങളെ അസ്വസ്ഥപെടുത്തുന്നു എന്ന് പറയും. അതിനു ഞാൻ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. ബിജെപി മാധ്യമങ്ങളെ ഉപയോഗിച്ച് എന്നെ വേട്ടയാടുകയാണ്. ലോക്സഭാ അംഗത്വം എടുത്തുകളഞ്ഞു. ഇ ഡി ചോദ്യം ചെയ്തു. ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. ആ വൃത്തികെട്ട വീട് വേണ്ടെന്ന സന്തോഷമാണ് എനിക്ക് തോന്നിയത്. ഈ രാജ്യത്ത് തനിക്ക് ലക്ഷക്കണക്കിന് വീടുകളുണ്ടെന്നും രാഹുൽ പറഞ്ഞു.
ഭരണഘടനയെ കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്ന രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു പാർട്ടിയും ചെയ്യാത്തത് ബിജെപി ചെയ്യുകയാണ്. ഭാഷ അടിച്ചേൽപ്പിച്ച് ബിജെപി ഓരോ കേരളീയനെയും അപമാനിക്കുന്നു. മലയാള ഭാഷയിൽ മലയാളിയുടെ ചരിത്രവും എല്ലാ വികാരങ്ങളുമുണ്ട്. മലയാളം സംസാരിക്കേണ്ട എന്ന് പറയുമ്പോൾ ഏത് ഭാഷയിൽ കേരളം അതിന്റെ ചരിത്രം പറയും? കേരളത്തിലെ ദോശയും തമിഴ്നാട്ടിലെ ദോശയും വ്യത്യസ്തമാണെന്ന് മോദി മനസ്സിലാക്കണം. തമിഴ്നാടിന്റെ ചരിത്രം മനസ്സിലാക്കാതെ അവിടുത്തെ ദോശ ഇഷ്ടമാണെന്ന് മാത്രം മോദി പറയുന്നു. ഇന്ത്യയുടെ അടിസ്ഥാന ആശയം നശിപ്പിക്കാൻ മോദിക്ക് കഴിയില്ല. താൻ ഭാരത് ജോഡോ യാത്ര നടത്തി, 4000 കി മി നടന്നു. അതിന്റെ മുട്ടുവേദന ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ചെയ്യാൻ പോകുന്നത് രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങളിലെയും ഒരു സത്രീയെ തിരഞ്ഞെടുത്ത് ഒരു ലക്ഷം ഒരു വർഷം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. സർക്കാർ പൊതു മേഖല സ്ഥാപനങ്ങളിലും ജോലി റെപ്പാക്കും അങ്കണവാടി ആശ പ്രവർത്തകർക്കും ശമ്പളം ഇരട്ടിയായി കൂട്ടും.
30 ലക്ഷം സർക്കാർ ജോലികൾ രാജ്യത്തുണ്ട്. സർക്കാർ ' പൊതുമേഖല സ്ഥാപനങ്ങളിലെ കരാർ ജോലികൾ പൂർണ്ണമായും റദ്ദാക്കി സ്ഥിര നിയമനം കൊണ്ടുവരും. ഓരോ ബിരുദ ധാരികൾക്കും തൊഴിൽ പരിശീലനം ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് അധ്യക്ഷനായി. കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി കെ.സുധാകരൻ, കാസർഗോഡ് മണ്ഡലം സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ വടകര മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിൽ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല , കെ.എം ഷാജി, അബ്ദുറഹിമാൻ കല്ലായി, അബ്ദുൽ കരീം ചേലേരിഎന്നിവർ പങ്കെടുത്തു. കണ്ണൂർ പൊലിസ് മൈതാനിയിലാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ എത്തിയത്.