- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിക്‌സിലേക്ക് ആറ് രാജ്യങ്ങൾ കൂടി; പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം പൊളിഞ്ഞു; നിലവിലെ അംഗരാജ്യങ്ങളുടെ താൽപര്യം പരിഗണിച്ചുമാത്രമേ വിപുലീകരണം പാടുള്ളുവെന്ന് നരേന്ദ്ര മോദി; ലോകത്തെ ആറ് വൻ എണ്ണ ഉത്പാദക രാജ്യങ്ങൾ ഇനി കൂട്ടായ്മയുടെ ഭാഗം
ജൊഹന്നാസ് ബർഗ്: ബ്രിക്‌സിലേക്ക് ആറ് രാജ്യങ്ങളെ കൂടി പുതുതായി പൂർണ അംഗങ്ങളായി ചേർക്കും. ജോഹന്നാസ്ബർഗിൽ ചേർന്ന ഉച്ചകോടിയിലാണ് തീരുമാനം. അതേസമയം ബ്രിക്സിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം പരാജയപ്പെട്ടു.
ഈജിപ്റ്റ്, എത്യോപ്യ, ഇറാൻ, അർജന്റീന, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ചേരുകയെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ അറിയിച്ചു. അടുത്ത വർഷം ജനുവരി ഒന്നുമുതലാണ് അംഗത്വം പ്രാബല്യത്തിൽ വരിക. ബ്രസീൽ, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവയാണ് നിലവിൽ ബ്രിക്‌സ് രാജ്യങ്ങൾ. ഇതോടെ ലോകത്തെ ഒമ്പത് വൻ എണ്ണ ഉത്പാദക രാജ്യങ്ങളിൽ ആറെണ്ണവും ബ്രിക്സിൽ അംഗങ്ങളായി.
ബ്രിക്സ് അംഗരാജ്യങ്ങളുടെ എണ്ണം കൂട്ടുന്നതിനോട് ഇന്ത്യ യോജിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. നിലവിലുള്ള അംഗരാജ്യങ്ങളുടെ താൽപ്പര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള വിപുലീകരണം മാത്രമേ പാടുള്ളൂ. സമവായത്തിലൂടെ, നിലവിലെ എല്ലാ അംഗരാജ്യങ്ങളുടേയും പിന്തുണയോടെയുള്ള വിപുലീകരണത്തെയാണ് ഇന്ത്യ അനുകൂലിക്കുന്നതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ഇതോടെയാണ് പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം പരാജയപ്പെട്ടത്.
ബ്രിക്‌സിന്റെ വികസനത്തിനായി നയങ്ങളും യോഗ്യതയും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള നടപടിക്രമങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുത്തുവെന്ന് റാംപോസ പറഞ്ഞു. ആദ്യഘട്ട വികസനമാണ് ഇപ്പോൾ നടത്തുന്നത്. അടുത്ത ഘട്ടം വികസനം വൈകാതെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്‌സ് സമ്മേളനം വിജയകരമായി നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റാംപോസയെ അഭിനന്ദിച്ചു. ബ്രിക്‌സിലേക്ക് കൂടുതൽ അംഗങ്ങളെത്തുന്നത് സംഘടനയുടെ ശക്തി വർധിപ്പിക്കുമെന്നും നരേന്ദ്ര മോദി പറഞു.'ഈ മൂന്നു ദിവസത്തെ ഉച്ചകോടി നല്ല ഫലമുണ്ടാക്കിയതിൽ സന്തോഷമുണ്ട്. ബ്രിക്‌സിലെ അംഗങ്ങളുടെ വിപുലീകരണത്തെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ട്,' ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ മോദി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ