- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡ ഭീകരവാദികൾക്ക് താവളം ഒരുക്കുന്നു; അമേരിക്കയെ വിവരം ധരിപ്പിച്ചതായി ഇന്ത്യ; ഭീകരർക്ക് ഇടം കൊടുക്കുന്നത് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്ന് എസ് ജയശങ്കർ; നിലപാട് മയപ്പെടുത്തി ജസ്റ്റിൻ ട്രൂഡോ
വാഷിങ്ടൺ: ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളായിരിക്കുന്നതിനിടെ, കാനഡ ഭീകരർക്ക് താവളം ഒരുക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇക്കാര്യത്തിലുള്ള ആശങ്ക യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനെയും ധരിപ്പിച്ചുവെന്ന് എസ്.ജയശങ്കർ വ്യക്തമാക്കി. അമേരിക്ക സന്ദർശനത്തിന്റെ ഭാഗമായാണ് ജയശങ്കർ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയത്. വാഷിങ്ടൺ ഡിസിയിലെ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ സംവാദത്തിനിടെയാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്.
' കനേഡിയൻ പ്രധാനമന്ത്രി ആദ്യം സ്വകാര്യമായും, പിന്നീട് പരസ്യമായും ചില ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ, ആ ആരോപണങ്ങൾ ഇന്ത്യയുടെ നയവുമായി ചേരുന്നതല്ലെന്ന് ഞങ്ങൾ മറുപടി നൽകി. വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ, അത് പരിശോധിക്കാമെന്നും വ്യക്തമാക്കി', ജയശങ്കർ പറഞ്ഞു.
ഭീകരർക്ക് പ്രവർത്തനത്തിന് കാനഡ ഇടം കൊടുക്കുന്നു
' നിഷ്‌ക്രിയമായിരുന്ന ഭീകരവാദികൾ വീണ്ടും തലപൊക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി, ഭീകരവാദികൾക്കും, മൗലികവാദികൾക്കും, അക്രമത്തെ പരസ്യമായി പ്രചരിപ്പിക്കുന്നവർക്കും, പ്രവർത്തിക്കുന്നതിന് കാനഡ ഇടം കൊടുക്കുന്നതായി ശ്രദ്ധയിൽ പെട്ടു. കനേഡിയൻ രാഷ്ട്രീയത്തിലെ സമ്മർദ്ദങ്ങൾ കാരണമാണ് അത്തരത്തിൽ ഭീകരരർക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകിയത്.'
അമേരിക്കയ്ക്കു കാനഡയെക്കുറിച്ചു വ്യത്യസ്തമായ കാഴ്ചപ്പാടാവും ഉണ്ടായിരിക്കുക. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് അങ്ങനെയല്ല. ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ കാനഡയിൽ ഒട്ടും സുരക്ഷിതരല്ല. കാനഡയിലെ എംബിസികളിലും കോൺസുലേറ്റുകളിലും സുരക്ഷിതമായി അവർക്കു പോകാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വീസ സർവീസ് നിർത്തിവച്ചതെന്നും ജയശങ്കർ പറഞ്ഞു.
നിലപാടിൽ അയവുവരുത്തി കാനഡ
ഇന്ത്യ-കാനഡ നയതന്ത്ര തർക്കങ്ങൾക്കിടെ നിലപാട് മയപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം ശക്തമാക്കുമെന്നും വികസന നയങ്ങളിൽ ഒന്നിച്ച് നീങ്ങുമെന്നും ട്രൂഡോ വ്യക്തമാക്കി.
എന്നാൽ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യ അന്വേഷണത്തോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ പ്രതികരിച്ചു. കാനഡയുടെ നിലപാടിനെതിരേ വിവിധ രാജ്യങ്ങൾ രംഗത്തുവന്നതോടെയാണ് ട്രൂഡോ നിലപാട് മയപ്പെടുത്തിയതെന്നാണ് നിഗമനം. നേരത്തേ കനേഡിയൻ പാർലമെന്റിൽ ഇന്ത്യയ്ക്കെതിരേ ട്രൂഡോ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയുടെ ഏജന്റുമാരാണെന്നും ഇതിന് തെളിവുകൾ ലഭിച്ചെന്നും ട്രൂഡോ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ