- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിലെ വിസ നടപടികൾ നിർത്തി വച്ചത് ഇന്ത്യൻ പ്രതിനിധികൾക്ക് നേരേ ഭീഷണി ഉയർന്നതുകൊണ്ട്; ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം രാഷ്ട്രീയപ്രേരിതം; ഇന്ത്യയിലെ നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ടു എന്നും വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളാലാണ് കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സുരക്ഷാ കാരണങ്ങളാൽ വിസ അപേക്ഷകൾ തീർപ്പാക്കുന്ന ജോലി പൂർത്തിയാക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷനും, കാനഡയിലെ കോൺസുലേറ്റുകൾക്കും സാധിക്കാതെ വന്നിരിക്കുകയാണ്. വ്യത്യസ്ത സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമുകളിൽ ഇന്ത്യൻ നയതന്ത്രപ്രതിനിധികൾ ഭീഷണി നേരിടുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു..വിഷയം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ ഇന്ത്യാക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് മാർഗനിർദ്ദേശം ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യാക്കാർക്കെതിരായ ഭീഷണിയെ അപലപിക്കുന്നു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
'സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം മുൻവിധിയോടെയും രാഷ്ട്രീയ ലക്ഷ്യത്തോടെയുമുള്ളതാണ്. ഹർദീപ് സിങ് നിജ്ജാറിന്റെ കേസിനെക്കുറിച്ച് തെളിവ് കാനഡ പങ്കുവച്ചിട്ടില്ല. തെളിവ് നൽകിയാൽ പരിശോധിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. കാനഡയിൽ ഇന്ത്യക്കാർക്കെതിരായ ഭീഷണിയെ അപലപിക്കുന്നു': അരിന്ദം ബാഗ്ചി പറഞ്ഞു.
കാനഡയോട് ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെന്ന് ബാഗ്ചി പറഞ്ഞു. കാനഡയിലുള്ള ഇന്ത്യൻ പ്രതിനിധികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലുള്ള കാനഡ പ്രതിനിധികളുടെ എണ്ണം. ഇക്കാര്യം കാനഡയെ അറിയിച്ചിരുന്നു. തുടർന്നാണ് നടപടി. ഇന്ത്യാക്കാർക്ക് വിസ നൽകുന്നതിൽ കാനഡ വിവേചനം കാണിക്കുന്നുണ്ട്. അത്തരം പരാതികൾ ഉയർന്നിട്ടുണ്ട്. ജി20 ഉച്ചകോടിക്ക് എത്തിയപ്പോൾ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി അത് നിഷേധിച്ചു. ഇന്ത്യ അന്നു തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഈ സാഹചര്യം ഇനിയുള്ള ഓരോ ആഴ്ചയും അവലോകനം ചെയ്യും. ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനങ്ങൾ സംബന്ധിച്ച തെളിവുകൾ കാനഡയ്ക്ക് കൈമാറിയിട്ടുണ്ട്. കാനഡയുമായുള്ള നയതന്ത്ര വിഷയത്തിൽ ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ പരാമർശം ആരെങ്കിലും ഗൗരവത്തിലെടുക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കാനഡയുമായുള്ള നയതന്ത്ര പ്രശ്നത്തിൽ സഖ്യകക്ഷികളോട് രാജ്യത്തിന്റെ കാഴ്ചപ്പാട് അറിയിച്ചോയെന്ന ചോദ്യത്തോട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം തള്ളി കാനഡ രംഗത്തെത്തി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിതെന്നും കാനഡ സർക്കാർ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ