ബിജീങ്: ചൈനയുടെ ചാര ബലൂൺ അമേരിക്ക വെടിവച്ചിട്ടതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. യുഎസ് വ്യോമാതിർത്തിയിൽ ഭീഷണിയായി നിലകൊണ്ട എയർഷിപ്പ് തങ്ങളുടേതാണെന്ന് പറയാൻ ആദ്യം മടിച്ചെങ്കിലും പിന്നീട് ചൈന തുറന്നുസമ്മതിച്ചിരുന്നു. എന്നാൽ, അത് സിവിലയൻ എയർ ബലൂൺ ആണെന്നാണ് ചൈനയുടെ വാദം. അമേരിക്ക വിഷയം ആവശ്യത്തിലധികം ഊതിപ്പെരുപ്പിച്ചുവെന്നും ചൈന കുറ്റപ്പെടുത്തുന്നു.

'അമേരിക്ക ഞങ്ങളുടെ സിവിലിയൻ എയർഷിപ്പ് വെടിവെച്ച് വീഴ്‌ത്തി. ഇതിൽ ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിക്കുന്നു' ബീജിംഗിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആളില്ലാത്ത സിവിലിയൻ എയർഷിപ്പ് വെടിവച്ചിട്ട രീതി അധികപ്രസംഗമെന്നാണ് ചൈനയുടെ പക്ഷം. ബലൂൺ ആകസ്മികമായാണ് യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്നും ചൈന അറിയിച്ചു. ഈ ബലൂണിൽ നിന്നും അമേരിക്കയ്ക്ക് സൈനിക ഭീഷണിയില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വളരെ സംയമനത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഏകദേശം മൂന്ന് സ്‌കൂൾ ബസ്സുകളുടെ വലിപ്പമുള്ള ചൈനീസ് ചാര ബലൂാണാണ് നിലം പൊത്തി. അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്കൻ സമുദ്രാർത്ഥിക്കുള്ളിലായിട്ടായിരുന്നു ഫൈറ്റർ ജറ്റുകൾ ബലൂണിനെ തകർത്തത്. ഈ ഓപ്പറേഷനു മുൻപായി വടക്കൻ കരോലിനയുടെയും തെക്കൻ കരോലിനയുടേയും തീരങ്ങൾക്ക് മുകളിലൂടേയും സമീപ പ്രദേശങ്ങളിലൂടെയും വ്യോമയാത്ര നിരോധിച്ചിരുന്നു. അതുപോലെ സമീപത്തുള്ള മൂന്ന് വിമാനങ്ങൾ പൂർണ്ണമായി അടച്ചിടുകയും ചെയ്തു.

അമേരിക്കയുടേ പരമാധികാരത്തിനു നേരെയുള്ള വെല്ലുവിളി എന്ന് അമേരിക്ക വിശേഷിപ്പിച്ച ഈ ബലൂണിനെ ഒരു എഫ് 22 ജറ്റ് ഫൈറ്റർ, ഒരു മിസൈൽ മാത്രം ഉപയോഗിച്ചായിരുന്നു തകർത്തത്. പ്രാദേശിക സമയം ഉച്ചക്ക് 2:39 ന് അമേരിക്കൻ തീരത്തു നിന്നും ആറ് നോട്ടിക്കൽ ദൂരെ മാറിയാണ് ഇത് സമുദ്രത്തിൽ പതിച്ചത്. കടലിന് ഏകദേശം 14 മീറ്റർ മാത്രം ആഴമുള്ള ഭാഗത്താണ് ഇത് വീണിരിക്കുന്നത് എന്നതിനാൽ, ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പ്രയാസമുണ്ടാകില്ല. നാവിക സേന അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച തന്നെ ബലൂൺ വെടിവെച്ചിടാനുള്ള ഉത്തരവ് ബൈഡൻ നൽകിയിരുന്നു. എന്നാൽ, അത് പറന്ന് കടലിനു മുകളിൽ എത്തുന്നത് വരെ കാത്തിരിക്കാനായിരുന്നു സൈന്യം തീരുമാനിച്ചത്. ജനവാസ കേന്ദ്രങ്ങൾക്ക് മുകളിൽ വെച്ച് ബലൂൺ തകർത്തിട്ടാൽ ഉണ്ടാകാൻ ഇടയുള്ള ആൾ നാശവും സ്വത്ത് നാശവും ഒഴിവാക്കുന്നതിനായിട്ടായിരുന്നു ഇത്. ഉച്ചയോടെ സമുദ്രത്തിനു മുകളിൽ ബലൂൺ എത്തി. സമീപത്തുള്ള മൂന്ന് വിമാനങ്ങൾ അടച്ചിട്ടതിനു ശേഷം, തീരദേശ സേനയോടും തത്ക്കാലത്തേക്ക് പിന്മാറാൻ ഉത്തരവിട്ടിരുന്നു.

ബലൂൺ തകർന്ന സമയത്ത് വലിയൊരു സ്‌ഫോടനം കേട്ടതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു.തന്റെ വീട് അതിൽ കുലുങ്ങി എന്നും അയാൾ പറയുന്നു. ജനുവരി 28 നായിരുന്നു ഇത് അമേരിക്കൻ അതിർത്തിയിൽ ആദ്യം പ്രവേശിച്ചതെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പിന്നീട് ഇത് കാനഡയുടേ വ്യാമമേഖലയിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് ജനുവരി 31 നാണ് ഇത് വീണ്ടും അമേരിക്കൻ അതിർത്തിയിൽ എത്തുന്നത്. ധാരാളം സുപ്രധാന ആണവ കേന്ദ്രങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉള്ള മൊണ്ടാനയിലായിരുന്നു ഇത് അമേരിക്കയിൽ ആദ്യം കാണപ്പെട്ടത്.