മോസ്‌കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുട്ടിൻ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ ചൈനീസ് പ്രസിഡന്റ് മോസ്‌കോയിൽ പുട്ടിനുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ഇരുരാഷ്ട്രത്തലവന്മാരും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ നാളെ ആരംഭിക്കും.

യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ചൈനീസ് പ്രസിഡന്റിന്റെ ആദ്യ റഷ്യൻ സന്ദർശനമാണിത്. സന്ദർശനം റഷ്യ - ചൈന ബന്ധത്തിന്റെ ആക്കം കൂട്ടുമെന്ന് ഷി ജിൻ പിങ് പറഞ്ഞു. റഷ്യയും ചൈനയും നല്ല അയൽക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ഷീ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് മോസ്‌കോയിൽ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയായിരുന്നു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നുട്ടുവച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെണെന്ന് പുട്ടിൻ ഷി ജിൻ പിങ്ങിനെ അറിയിച്ചു. എന്നാൽ ഇന്ന് ഔദ്യോഗിക ചർച്ചകൾ ഉണ്ടായില്ല. നാളെയാണ് ഔദ്യോഗിക കൂടിക്കാഴ്ചകളും ചർച്ചകളും. വരും ദിവസങ്ങളിലും ഉന്നത ഉദ്യോഗസ്ഥരും മറ്റുമായി കൂടിക്കാഴ്ച നടത്തും.

ചില സുപ്രധാന കരാറുകളിലൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചേയ്ക്കുമെന്നാണ് സൂചന. ഷി ജിൻ പിങ്ങിന്റെ സൗഹ്യദം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പക്കണമെന്ന് പുട്ടിനോട് ആവശ്യപ്പെടണമെന്ന് യുക്രെയ്‌നും ബ്രിട്ടണും ആവശ്യപ്പെട്ടു. ഷീയുടെ സന്ദർശനത്തിൽ ആയുധകരാറുകൾ ഒപ്പിടുന്നതിനെതിരെ അമേരിക്കയും നാറ്റോ രാജ്യങ്ങളും നേരത്തേ മുന്നറിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ടിൽ പുട്ടിനെ പിന്തുണച്ച് ഇന്ന് ചൈന പ്രസ്താവനയിറക്കിയിട്ടുണ്ട്.

ത്രിദിന സന്ദർശനത്തിനായാണ് ഷി ചിൻപിങ് റഷ്യയിലെത്തിയത്. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്‌നെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായിക്കുന്ന സാഹചര്യത്തിൽ ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനം റഷ്യയ്ക്കു പ്രധാനമാണ്.

റഷ്യയ്ക്ക് ആയുധം നൽകി സഹായിക്കാനാണ് ചൈനയുടെ നീക്കമെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. ഇക്കാര്യം ചൈന നിഷേധിച്ചു. സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാനും രാഷ്ട്രീയപരമായ വിശ്വാസം ഉറപ്പിക്കുന്നതിനുമാണ് സന്ദർശനമെന്ന് റഷ്യാ സന്ദർശനത്തിന് മുന്നോടിയായി ഷി പറഞ്ഞു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് 12 നിർദേശങ്ങളും ചൈന മുന്നോട്ട് വച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ പ്രത്യേക വിമാനത്തിലാണ് ഷി മോസ്‌കോയിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉഭയകക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്താനാണ് സന്ദർശനമെന്ന് ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയങ്ങൾ അറിയിച്ചിരുന്നു. പ്രധാന കരാറുകളിലും ഇരുരാഷ്ട്രങ്ങൾ ഒപ്പുവെക്കും. ശനിയാഴ്ച റഷ്യ പിടിച്ചെടുത്ത യുക്രെയ്ൻ തുറമുഖ നഗരമായ മരിയുപോൾ പുട്ടിൻ സന്ദർശിച്ചിരുന്നു. ക്രീമിയയിലും പുട്ടിൻ സന്ദർശനം നടത്തിയിരുന്നു.