ന്യൂഡൽഹി: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി വെളിപ്പെടുത്തിയതിന് പിന്നാലെ ദാവൂദ് ഇബ്രാഹിം കറാച്ചിയിലെന്ന റിപ്പോർട്ടും ചർച്ചകളിൽ. 1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയിൽ തന്നെയുണ്ടെന്ന് വെളിപ്പെടുത്തൽ. ഭീകരാക്രമണത്തിന് ഫണ്ട് നൽകിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവനാണ് വിവരങ്ങൾ വെളിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനം നടത്തുന്ന ഏറ്റവും വലിയ ക്രിമിനലാണ് ദാവൂദ് എന്നാണ് ഇന്ത്യൻ ഏജൻസികളുടെ നിലപാട്. രണ്ടാം ഭാര്യയുമായി ദാവൂദ് മധുവിധു പാക്കിസ്ഥാനിൽ ആഘോഷിക്കുമ്പോൾ എങ്ങനെ പാക്കിസ്ഥാനുമായി ആശയ വിനിമയം സാധ്യമെന്ന ചർച്ചകളും സജീവമാണ്. ദാവൂദിനെ കൈമാറിയാൽ മാത്രം ചർച്ചയെന്ന നിലപാടിലേക്ക് ഇന്ത്യ എത്താനും സാധ്യതയുണ്ട്.

ദാവൂദിന്റെ പരേതയായ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലിഷാ ഇബ്രാഹിം പാർക്കറാണ് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്തിയത്. 1986ഓടെ ദാവൂദ് ഇന്ത്യ വിട്ടെന്നായിരുന്നു മൊഴി. വർഷങ്ങൾക്ക് മുൻപ് ദാവൂദ് കറാച്ചിയിലേക്ക് താമസം മാറിയ സമയത്ത് താൻ ജനിച്ചിട്ടില്ലെന്നായിരുന്നു അലിഷാ അറിയിച്ചത്. എന്നാൽ തനിക്കും കുടുംബത്തിനും അദ്ദേഹവുമായി ഒരു അടുപ്പവുമില്ലെങ്കിലും ദാവൂദിന്റെ ഭാര്യ മെഹജാബിൻ ആഘോഷ ദിവസങ്ങളിൽ ബന്ധപ്പെടുകയും ആശംസകൾ അറിയിക്കുകയും ചെയ്യാറുണ്ടെന്നും അലി ഷാ പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പ് ദാവൂജ് ഇബ്രാഹിമിന്റെ തലയ്ക്ക് വിലയിട്ട് എൻ ഐ എ രംഗത്തെത്തിയിരുന്നു. 25 ലക്ഷം രൂപയാണ് എൻ ഐ എ പാരിതോഷികമായി പ്രഖ്യാപിച്ചത്. ദാവൂദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഈ പണം നൽകുമെന്നാണ് എൻ ഐ എ അറിയിച്ചത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പര ഉൾപ്പെടെ, ഇന്ത്യയിലെ ഒന്നിലധികം ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003-ൽ യുഎൻ സുരക്ഷാ കൗൺസിൽ 25 ദശലക്ഷം ഡോളർ വിലയിട്ടിരുന്നു. ദാവൂദിനെ പിടിക്കുകയെന്നത് മോദി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. പാക് പ്രധാനമന്ത്രിയുടെ സൗഹൃദ ചർച്ചാ ക്ഷണത്തിന് പിന്നാലെ ദാവൂദ് വിഷയം ഇന്ത്യ ചർച്ചയാക്കുന്നത് ബോധപൂർവ്വം തന്നെയാണ്.

ദാവൂദിന്റെ പരേതയായ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലിഷാ ഇബ്രാഹിം പാർക്കറാണ് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് അന്വേഷണ ഏജൻസിയോട് വെളിപ്പെടുത്തിയത്. കറാച്ചിയിലെ അബ്ദുല്ല ഗസ്സി ബാബ ദർഗയ്ക്ക് സമീപമുള്ള പ്രതിരോധ മേഖലയിലാണ് ദാവൂദ് ഇബ്രാഹിം താമസിക്കുന്നത്. ദാവൂദ് രണ്ടാമതും വിവാഹിതനായെന്നും ഇയാൾ വെളിപ്പെടുത്തി. രണ്ടാം ഭാര്യ പാക് പത്താൻ വിഭാഗമാണ്. ദാവൂദ് തന്റെ ആദ്യ ഭാര്യ മെഹ്ജബീനുമായി വിവാഹമോചനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യഭാര്യക്ക് മുംബൈയിലെ ബന്ധുക്കളുമായി ബന്ധമുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതായി കാണിക്കുന്ന രേഖകൾ തെറ്റാണെന്നും ഇയാൾ പറഞ്ഞു. താൻ ദാവൂദിന്റെ ആദ്യ ഭാര്യയെ കഴിഞ്ഞ വർഷം ജൂലൈയിൽ ദുബായിൽ വച്ചാണ് അവസാനമായി കണ്ടത്. അവർ വിശേഷ ദിവസങ്ങളിൽ തന്റ ഭാര്യയുമായി ഫോണിൽ സംസാരിക്കാറുണ്ട്. അവർ വാട്സ്ആപ്പ് കോളുകൾ വഴി ഭാര്യയുമായി സംസാരിക്കാറുണ്ടെന്നും അലിഷാ ഇബ്രാഹിം പാർക്കറുടെ പ്രസ്താവനയിൽ പറയുന്നു.

ആഗോള തീവ്രവാദ ശൃംഖലയുടെ നേതാവും രാജ്യാന്തര സംഘടിത കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനും കൂട്ടാളി ഛോട്ടാ ഷക്കീലിനും ഡി കമ്പനിയിലെ മറ്റ് മൂന്ന് അംഗങ്ങൾക്കുമെതിരെ കഴിഞ്ഞ വർഷം ഭീകരവിരുദ്ധ അന്വേഷണ ഏജൻസി മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡി-കമ്പനിയിലെ മുംബൈ സ്വദേശികളായ മൂന്ന് അംഗങ്ങളെ 2022 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ 'ഡി-കമ്പനി'യുടെ തീവ്രവാദ പ്രവർത്തനങ്ങളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിം ഹവാല മാർഗത്തിലൂടെ വൻതുക അയച്ചതായി എൻഐഎ ആരോപിച്ചു. മുംബൈയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഭീകരവാദം വളർത്തുന്നതിനായി പ്രതികൾക്ക് പണം ലഭിച്ചതായും അന്വേഷണ ഏജൻസി അവകാശപ്പെട്ടു. അലിഷാ പാർക്കറിന്റെ അഭിപ്രായത്തിൽ ദാവൂദ് ഇബ്രാഹിം ആരുമായും ബന്ധം പുലർത്തുന്നില്ല. എൻഐഎയ്ക്ക് നൽകിയ മൊഴി പ്രകാരം ദാവൂദിനും ആദ്യ ഭാര്യയ്ക്കും മൂന്ന് പെൺമക്കളും ഒരു മകനുമാണുള്ളത്. മൂത്ത മകളുടെ പേര് മരുഖ് (ജാവേദ് മിയാൻദാദിന്റെ മകൻ ജുനൈദിനെ വിവാഹം കഴിച്ചു), മറ്റേയാൾ മെഹ്റിൻ, മൂന്നാമത്തേത് മാസിയ (അവിവാഹിതൻ), മകൻ മോഹിൻ നവാസ്. കഴിഞ്ഞ ജൂലായിൽ ദുബായിൽ വച്ച് മെഹ്ജബീനെ കണ്ടപ്പോഴാണ് ദാവൂദിന്റെ രണ്ടാമത്തെ വിവാഹത്തെക്കുറിച്ച് അറിഞ്ഞതെന്ന് അലി ഷാ മൊഴി നൽകിയത്.

പാക്കിസ്ഥാനിലെ കറാച്ചിയിൽ ഒളിവ് ജീവിതം നയിക്കുന്ന ദാവൂദിന്റെ ഓരോ ചലനങ്ങളും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ശ്രദ്ധിക്കുന്നുണ്ട്. പാക് സർക്കാരിന്റെയും, ചാര സംഘടനയുടെയും സുരക്ഷാ വലയത്തിലാണ് ഭീകരൻ കഴിയുന്നത്. വിദേശത്ത് ഇരുന്നും ഇന്ത്യയിൽ ഇടപെടൽ നടത്താനുള്ള ദാവൂദിന്റെ ശ്രമങ്ങളെ പലതവണ സുരക്ഷാ ഏജൻസികൾ തടഞ്ഞിട്ടുണ്ട്. അടുത്തിടെയും ദാവൂദ് ഇബ്രാഹിമിന്റെ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്തു വന്നിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും അയൽ രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും ഒന്നിച്ച് നിൽക്കണം. ഇന്ത്യയുമായുള്ള മുന്ന് യുദ്ധങ്ങളും തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. അൽ അറബിയ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഷഹബാസ് ഷെരീഫ് അഭ്യർത്ഥന നടത്തിയത്.

സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക. അല്ലെങ്കിൽ പരസ്പരം കലഹിക്കുകയും സമയവും വിഭവങ്ങളും പാഴാക്കുകയും ചെയ്യേണ്ടി വരും. യുദ്ധങ്ങളിലൂടെ ഞങ്ങൾ ഒരു പാഠം പഠിച്ചു. യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിച്ച് സമാധാനപരമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു. ബോംബുകൾക്കും വെടിക്കോപ്പുകൾക്കും വേണ്ടി വിഭവങ്ങൾ പാഴാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്നും ഷഹബാസ് ഷെരീഫ് അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പാക്കിസ്ഥാൻ ഇപ്പോൾ ഭീകരതയോടും പട്ടിണിയോടും ഒരേസമയം യുദ്ധം ചെയ്യുകയാണ്. രാജ്യത്ത് ഇപ്പോൾ ഭക്ഷ്യവില കുതിച്ചുയരുകയാണ്. ജനം ഗോതമ്പ് ലോറിക്ക് പിന്നാലെ പായുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കനത്ത പൊലീസ് കാവലിലാണ് ധാന്യങ്ങൾ കയറ്റിയ ട്രക്കുകൾ കൊണ്ടുപോകുന്നത്.