ന്യൂഡൽഹി: സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാരയിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെയും, കോൺസുൽ ജനറലിനെയും തടഞ്ഞതിൽ ശക്തമായ പ്രതിഷേധ കുറിപ്പുമായി ഇന്ത്യ. അപമാനകരമായ സംഭവം എന്നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വിശേഷിപ്പിച്ചത്. യുകെ സർക്കാരിലും പൊലീസിലും വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഹൈമ്മീഷണറും, കോൺസുൽ ജനറലും ഗുരുദ്വാര കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് സംവാദത്തിനായി എത്തിയത്. ഗുരുദ്വാരയിലേക്കുള്ള അവരുടെ പ്രവേശനം സ്‌കോട്ട്‌ലൻഡിന് പുറത്തുനിന്നുള്ള മൂവർ സംഘം മനഃപൂർവം തടയുകയായിരുന്നു. സിഖ് സമുദായത്തിലെ മുതിർന്ന നേതാക്കളും, സ്ത്രീകളും, കമ്മിറ്റി അംഗങ്ങളും, ഒരു സ്‌കോട്ടിഷ് പാർലമെന്റ് അംഗവുമാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നത്. പ്രശ്‌നം ഒഴിവാക്കുന്നതിന് വേണ്ടി ഉടൻ തന്നെ ഹൈക്കമ്മീഷണറും, കോൺസുൽ ജനറലും മടങ്ങുകയായിരുന്നു, ഹൈക്കമ്മീഷന്റെ പ്രസ്താവനയിൽ പറഞ്ഞു.

ഹൈക്കമ്മീഷണറുടെ കാറിന്റെ ഡോർ ബലമായി തുറക്കാൻ, മൗലികവാദികൾ ശ്രമിച്ചത് ഗൗരവകരമായ കാര്യമാണ്. ഈ വിഷയത്തിൽ പൊലീസ് ഇടപെടൽ അത്യാവശ്യമാണ്. സംഘാടകരിലാരാൾ തക്ക സമയത്ത് ഇടപെട്ടതുകൊണ്ടുമാത്രമാണ് വലിയ അനിഷ്ട സംഭവങ്ങൾ ഒഴിവായത്. യുകെയിലെ വിദേശ, കോമൺവെൽത്ത് ഡവലപ്‌മെന്റ് ഓഫീസിൽ സംഭവം റിപ്പോർട്ട് ചെയ്തു. കൂടാതെ മെട്രോപോളിറ്റൻ പൊലീസിലും പരാതി നൽകി. ഗുരുദ്വാര കമ്മിറ്റി സംഘാടകരടക്കം വിവിധ സമുദായസംഘടകൾ സംഭവത്തെ അപലപിക്കുകയും, അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ഇന്ത്യൻ ഹൈക്കമ്മീഷന്റെ പ്രസ്താവനയിൽ പറഞ്ഞു.

ഗ്ലാസ്‌ഗോയിൽ ആൽബർട്ട് ഡ്രൈവിലുള്ള ഗുരുദ്വാരയിൽ ദൊരൈസ്വാമിയെ തടയുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സിഖ് യൂത്ത് യുകെ എന്ന് ഇൻസ്റ്റ്ഗ്രാം ചാനലിൽ പോസ്റ്റ് ചെയ്തു. ' അവർ സിഖുകാരെ കാനഡയിലും മറ്റുസ്ഥലങ്ങളിലും ദ്രോഹിക്കുകയാണ്. ഇവിടെ ഗ്ലാസ്‌ഗോയിൽ ഞങ്ങൾ ചെയ്തത് പോലെ ഓരോ സിഖുകാരനും, ഏത് ഇന്ത്യൻ അംബാസഡർക്കും എതിരെ പ്രതിഷേധിക്കണം', വീഡിയോയിലെ ഖലിസ്ഥാൻ അനുകൂലിയുടെ ആഹ്വാനം ഇങ്ങനെ.

പാർക്കിങ് ഏരിയിൽ കമ്മീഷണറുടെ കാറിന് അടുത്ത് രണ്ട് പേർ നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അതിൽ ഒരാൾ, ഉള്ളിൽ നിന്ന് പൂട്ടിയ കാറിന്റെ ഡോർ തുറക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് ഗുരുദ്വാര സമുച്ചയം വിട്ട് ഹൈക്കമ്മീഷണറുടെ കാർ മടങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. ഗുരുദ്വാര സന്ദർശിക്കുന്ന ഏത് ഇന്ത്യൻ അംബാസഡറെയും, ഇന്ത്യാ സർക്കാർ ഉദ്യോഗസ്ഥനെയും, ഇതുപോലെയാവണം കൈകാര്യം ചെയ്യേണ്ടതെന്നും മറ്റൊരാൾ വീഡിയോയിൽ പറയുന്നുണ്ട്.

ഗുരുദ്വാര അധികൃതരുമായി ചർച്ച നടത്തുന്നതിന്റെ ഭാഗമായി ഔദ്യാഗിക സന്ദർശനത്തിനെത്തിയതായിരുന്നു ദൊരൈസ്വാമി. ഖലിസ്ഥാൻ ഭീകരൻ ഹർദ്ദീപ് സിങ് നിജ്ജറിന്റെ മരണത്തെ തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനിടെയാണ് ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിക്കു നേരെയുണ്ടായ പ്രതിഷേധം.

ഔദ്യോഗിക സന്ദർശനത്തിനായി ഗുരുദ്വാരയിൽ എത്തുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വിലക്കുണ്ടെന്ന് സിഖ് യൂത്ത് യുകെ അവകാശപ്പെടുന്നു. ' എന്തുകളികളാണ് അവർ കളിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. എന്താണ് കാനഡയിൽ സംഭവിക്കുന്നത് എന്നറിയാം. കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയുടെ നടപടിയെ അപലപിക്കുകയും, ഇന്ത്യൻ പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു', വീഡിയോയിൽ ഒരാൾ പറയുന്നു.

സംഭവത്തിൽ, യുകെയിലെ വിദേശകാര്യ ഓഫീസിനെ അറിയിച്ചത് കൂടാതെ, പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കാനഡ ഭീകരർക്ക് താവളം ഒരുക്കുകയാണെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ഇന്നലെ യുഎസിൽ പറഞ്ഞിരുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കാനഡ ഇതുചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.