- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യ - യുക്രയ്ൻ സംഘർഷം ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ചരിത്രനേട്ടം; ഇന്ത്യ - ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചതും നേട്ടമായി; രാജ്ഘട്ടിൽ ലോകനേതാക്കൾ ഒത്തുചേർന്ന് ആദരമർപ്പിച്ചതും ആദ്യം; ജി 20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ സ്ഥാനം ബ്രസീലിന് കൈമാറി
ന്യൂഡൽഹി: റഷ്യ - യുക്രെയ്ൻ സംഘർഷം ഉൾപ്പെടുത്തി സംയുക്ത പ്രഖ്യാപനം അടക്കം നിർണായക ചർച്ചകൾക്ക് വേദിയായ ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം. ജി 20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നവംബർ അവസാനത്തിൽ ജി20യുടെ വെർച്വൽ സെഷൻ നടത്തണമെന്നും പ്രധാനമന്ത്രി ശുപാർശ ചെയ്തു. 2023 നവംബർ വരെ ജി20 അദ്ധ്യക്ഷപദവിയുടെ ഉത്തരവാദിത്തം ഭാരതത്തിനുണ്ട്. ഈ രണ്ട് ദിവസങ്ങളിൽ പങ്കുവെച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ അവസരത്തിൽ അവലോകനം ചെയ്യും.
ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി. നൽകിയ നിർദ്ദേശങ്ങൾ വിശകലനം ചെയ്യുകയെന്നത് ഭാരതത്തിന്റെ കടമയാണ്. അവയുടെ പുരോഗതി എപ്രകാരം ത്വരിതപ്പെടുത്താമെന്നറിയാനായാണ് ഒരിക്കൽകൂടി അവലോകനം നടത്തണം. നവംബർ അവസാനം ഞങ്ങൾ ജി20-യുടെ വെർച്വൽ സെഷൻ നടത്തണമെന്ന് നിർദ്ദേശിക്കുന്നു. ഉച്ചകോടിയിൽ തീരുമാനമായ വിഷയങ്ങൾ വെർച്വൽ സെഷനിൽ അവലോകനം ചെയ്യാം. ഇവിടെ പങ്കുച്ചേർന്ന എല്ലാവരും വെർച്വൽ സെഷനിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ജി20 ഉച്ചകോടി സമാപിച്ചതായി പ്രഖ്യാപിക്കുന്നു-പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷപദവി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്ക്ക് കൈമാറി.
#WATCH | G 20 in India | Prime Minister Narendra Modi hands over the gavel of G 20 presidency to the President of Brazil Luiz Inácio Lula da Silva. pic.twitter.com/ihEmXN9lty
- ANI (@ANI) September 10, 2023
ദശലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴും പട്ടിണി കിടക്കുന്ന, സുസ്ഥിര വികസനം ഇപ്പോഴും കൈവരിക്കാൻ കഴിയാത്ത ഒരു ലോകമാണ് ഇന്നുള്ളത്. ഇപ്പോഴും ഈ യാഥാർത്ഥ്യം ഭൂമിയിൽ പ്രതിഫലിക്കുന്നു. വരുമാനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭക്ഷണം, ലിംഗഭേദം, വംശം തുടങ്ങിയ കാര്യങ്ങളിൽ നേരിടുന്ന അസമത്വത്തെ അഭിമുഖീകരിച്ചാൽ മാത്രമാണ് പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ. ഈ അപാകതകളെ പരിഹരിക്കുന്നതിന് സാധ്യമാകുന്നതൊക്കെ ചെയ്യുമെന്ന് അദ്ധ്യക്ഷപദവി സ്വീകരിച്ച് ബ്രസീൽ പ്രസിഡന്റ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവസാന സെഷൻ തുടങ്ങുന്നതിനു മുൻപേ വിയറ്റ്നാമിലേക്കു തിരിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസെയും അവസാന സെഷനിൽ പങ്കെടുത്തില്ല.
സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു. കനത്ത മഴ അവഗണിച്ചാണ് നേതാക്കൾ രാജ്ഘട്ടിൽ ഒത്തുകൂടിയത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ മഹാത്മാവിന് ആദരമർപ്പിക്കാൻ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തിയതും പ്രത്യേകതയായി. സബർമതി ആശ്രമത്തിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഷാളണിയിച്ച് മോദി നേതാക്കളെ സ്വീകരിച്ചു. രാജ്ഘട്ടിൽ ഇത്രയും ലോകനേതാക്കൾ ഒത്തുചേർന്ന് ആദരമർപ്പിക്കുന്നത് ഇതാദ്യമായാണ്. പിന്നീട് ഭാരത് മണ്ഡപത്തിൽ അവസാന സെഷൻ തുടങ്ങും മുമ്പ് ഇന്തോനേഷ്യയുടെയും ബ്രസീലിന്റെയും പ്രസിഡന്റുമാർ പ്രധാനമന്ത്രിക്ക് വൃക്ഷതൈകൾ സമ്മാനിച്ചു.
ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ജി 20 അംഗങ്ങൾക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തു. യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ഡൽഹിയിൽ ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും വൻ നേട്ടമായി.
അതേ സമയം, യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനത്തിൽ റഷ്യയോട് വിട്ടുവീഴ്ച ചെയ്‌തെന്ന വിമർശനം അമേരിക്കൻ മാധ്യമങ്ങൾ ഉയർത്തി. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇതിനെതിരെയാണ് അമേരിക്കൻ മാധ്യമങ്ങൾ വിമർശനമുയർത്തുന്നത്. എന്നാൽ റഷ്യൻ കടന്നുകയറ്റത്തിൽ ശക്തമായ താക്കീതുണ്ടെന്നാണ് യുഎസ് എൻഎസ്എ ജേക്ക് സള്ളിവൻ പ്രതികരിച്ചത്. അഭിമാനിക്കാൻ ഒന്നുമില്ലെന്നായിരുന്നു യുക്രെയ്ൻ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ