ന്യൂഡൽഹി: 10 മണിക്കൂർ നിർത്താതെ പറക്കാൻ ശേഷി. ഇന്റലിജൻസ്, നിരീക്ഷണ വിവരങ്ങൾ ശേഖരിക്കുക മാത്രമല്ല, ക്രൂസ് മിസൈലുകൾ ക്യത്യം ലക്ഷ്യസ്ഥാനത്ത് തൊടുക്കാൻ വേണ്ടുന്ന വിവരം കൈമാറാനും ശേഷി. പേര് സോറിങ് ഡ്രാഗൺ. കഴിഞ്ഞ വർഷം വെളിച്ചം കണ്ട ചൈനയുടെ ഒരു അത്യാധുനിക ഡബ്ല്യുസെഡ്-7 ഡ്രോണാണിത്. അരുണാചൽ പ്രദേശ് അതിർത്തിക്ക് വടക്ക്-കിഴക്കായി 150 കിലോമീറ്റർ അകലെ ചൈനയുടെ ബാങ്ഡ വ്യോമതാവളത്തിലാണ് സോറിങ് ഡ്രാഗണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഡ്രോണുകൾ മാത്രമല്ല, വലിയതോതിൽ പോർവിമാനങ്ങളും ചൈനയുടെ പ്രധാന തിബറ്റൻ വ്യോമ താവളങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്. തവാങ്ങിലെ സംഘർഷം പിന്നിട്ട് ഏതാനും ദിവസം കഴിഞ്ഞപ്പോൾ കിട്ടിയ ഉപഗ്രഹ ചിത്രങ്ങളാണ് ഇത് തെളിയിച്ചത്. എൻഡി ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ചൈനയുടെ അതിക്രമങ്ങളെ നേരിടാൻ ഇന്ത്യയും വെറുതെയിരിക്കുന്നില്ല. അരുണാചലിൽ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിക്കുമെന്ന ഭീഷണി ഉയർത്തിയ ചൈനീസ് വിമാനത്തെ തുരത്താൻ രണ്ടുതവണയെങ്കിലും പോർ വിമാനങ്ങളെ വ്യോമസേന അയച്ചിരുന്നു. ചുരുക്കി പറഞ്ഞാൽ, ഇന്ത്യയുടെ വടക്ക്-കിഴക്കൻ മേഖലയെ ലാക്കാക്കിയാണ് ചൈനയുടെ അതിർത്തിയിലെ യുദ്ധ വിന്യാസം മുഴുവൻ.

ഡിസംബർ 14 ന് കിട്ടിയ ബാങ്ഡ വ്യോമതാവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങളിൽ, രണ്ട് ഫ്‌ളാങ്കർ ടൈപ്പ് പോർ വിമാനങ്ങളും കാണാം. റഷ്യൻ രൂപകൽപിതമായ സുഖോയ് എംകെഐ പോർ വിമാനങ്ങളുടെ മെയിഡ് ഇൻ ചൈന മോഡലുകളാണിവ. മേഖലയിൽ ചൈന തങ്ങളുടെ വ്യോമ പോരാട്ട ശേഷി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത് ഇന്ത്യൻ വ്യോമ സേനയ്ക്ക് വെല്ലുവിളിയാണെന്ന് സൈനിക വിശകലന വിദഗ്ധനായ സിം ടാക് അഭിപ്രായപ്പെട്ടു.

സോറിങ് ഡ്രാഗൺ ഡ്രോണുകളെ വടക്കു-കിഴക്കുള്ള അക്‌സായി ചിന്നിലെയും, മാക്‌മോഹൻ രേഖയിലെയും ദൗത്യങ്ങൾക്ക് സഹായമായി ചൈന ഉപയോഗിച്ചുവരുന്നതായാണ് സൂചന എന്ന് മുൻ വ്യോമ സേന പോർവിമാന പൈലറ്റ് സമീർ ജോഷി പറഞ്ഞു. ഇന്ത്യൻ കരസേന നീക്കങ്ങളെ നിരീക്ഷിക്കുക എന്നത് തന്നെയാണ് ഇവയുടെ മുഖ്യദൗത്യം.

ഇന്ത്യൻ വ്യോമസേനയുടെ തന്ത്രങ്ങൾ വിലയിരുത്തുക, റഡാർ വിവരങ്ങൾ ചോർത്തുക, തുടങ്ങി യഥാർത്ഥ സംഘർഷം ഉണ്ടായാൽ തിരിച്ചടിക്ക് വേണ്ടതെല്ലാം, പിഎൽഎ ആസൂത്രണം ചെയ്യുന്നുണ്ട് എന്നുവേണം മനസ്സിലാക്കാൻ. തവാങ് മേഖലയിൽ ഇരുപക്ഷവും തമ്മിൽ ഡിസംബർ 9 ന് ഉണ്ടായ ഏറ്റുമുട്ടലാണ് വീണ്ടും സംഘർഷത്തിലേക്ക് നയിച്ചത്. യഥാർത്ഥ നിയന്ത്രണരേഖയുടെ നിലവിലെ സ്ഥിതിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താനായിരുന്നു ചൈനയുടെ കടന്നുകയറ്റശ്രമം എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ പ്രസ്താവിച്ചിരുന്നു.

2020 ൽ ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം മൂർച്ഛിച്ചതിനെ തുടർന്ന് തങ്ങളുടെ വ്യോമ താവളങ്ങൾ നിരന്തരം പുതുക്കി വരികയായിരുന്നു ചൈന. ടിബറ്റിൽ വലിയതോതിൽ ഹെലിപോർട്ടുകളും, റെയിൽ ലൈനുകളും എല്ലാം അവർ നിർമ്മിച്ചു. സാധനങ്ങൾ വളരെ വേഗം എത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ ദ്രുതഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ.

ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, മൂന്നു സുപ്രധാന വ്യോമ താവളങ്ങളാണ് ചൈന വികസിപ്പിക്കുന്നത്- 1 ബാങ്ഡ( അരുണാചൽ അതിർത്തിയിൽ നിന്ന് 150 കിലോ.മീ), 2.ലാസ( അതിർത്തിയിൽ നിന്ന് 260 കിലോ.മീ) 3. ഷിഗാത്സെ( സിക്കിം അതിർത്തിയിൽ നിന്ന് 150 കിലോ.മീ). ലാസയിൽ വികസന പ്രവർത്തനങ്ങൾ തുടരുന്നതിന്റെ വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇവിടെ രണ്ടാമത് ഒരു റൺവേയും നിർമ്മിച്ചുവരുന്നു.

അസമിലും, ബംഗാളിലും അടക്കമുള്ള മുഖ്യവ്യോമതാവളങ്ങളിലായാണ് ഇന്ത്യൻ വ്യോമസേനയുടെ മുഖ്യ ഓപ്പറേഷൻ. തേസ് പൂർ, മിസാമാറി ജോർഹട്ട്, ഹാഷിമാറ, ബാഗ്‌ഡോഗ്ര എന്നിവയിൽ നിന്ന് പതിറ്റാണ്ടുകളായി ഇന്ത്യൻ വ്യോമ സൈനികർക്ക് ചൈനയ്ക്ക് എതിരെ മുൻതൂക്കമുണ്ടായിരുന്നു. ടിബറ്റിലെ ഉയർന്ന പ്രദേശങ്ങളിലെ വ്യോമ താവളങ്ങളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ചൈനീസ് ജെറ്റുകളെ അപേക്ഷിച്ച് ഇന്ത്യൻ ജെറ്റുകൾക്ക് മിസൈലുകളും ബോംബുകളും വഹിച്ച് ദീർഘദൂരം പറക്കാൻ കഴിയുമായിരുന്നു.

ഒരു നേർക്ക് നേർ പോര് വന്നാൽ, ഇന്ത്യൻ വ്യോമസേനയ്ക്ക് ഈ ആനുകൂല്യം മുതലെടുത്ത് കൂടുതൽ പറക്കാനും കൂടുതൽ ആയുധങ്ങൾ വഹിക്കാനും കഴിയുമെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഈ മുൻതൂക്കമാണ് ടിബറ്റിലെ മുഴുവൻ വ്യോമ പ്രതിരോധ സംവിധാനവും പുതുക്കുന്നതിലൂടെ ചൈന ഇല്ലാതാക്കാൻ നോക്കുന്നത്.