മൊസാദ്, കെജിബി മോഡലിൽ ഇന്ത്യയുടെ റോ പാക് മണ്ണിൽ ഭീകരരെ വകവരുത്തുന്നു;
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികളെ പാക് മണ്ണിൽ വച്ചുതന്നെ വകവരുത്താൻ ആസൂത്രണം ചെയ്തെന്ന ആരോപണം വിദേശ കാര്യ മന്ത്രാലയം തള്ളി. 2020 ന് ശേഷം രഹസ്യാന്വേഷണ ഏജൻസിയായ റോ വഴി ഇന്ത്യൻ സർക്കാർ പാക്കിസ്ഥാനിൽ 20 ഓളം ഭീകരെ വകവരുത്തിയെന്ന ആരോപണമാണ് എസ് ജയശങ്കർ തള്ളിയത്.
ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയനാണ് ഇന്ത്യൻ-പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടെന്ന പേരിൽ വിദേശ മണ്ണിൽ ഭീകരരുടെ ഉന്മൂലനം ഇന്ത്യ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. ഖലിസ്ഥാൻ വിഘടനവാദികളും ഇത്തരത്തിൽ ഉന്മൂലനം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. എന്നാൽ, തികച്ചും, ദുരുദ്ദേശ്യത്തോടെയുള്ള ഇന്ത്യ - വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാണു റിപ്പോർട്ടെന്നും മറ്റുരാജ്യങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു.
2023 ആയതോടെ കൊലപാതകങ്ങളുടെ എണ്ണം വർധിച്ചുവെന്നും അജ്ഞാതരായ തോക്കുധാരികളാണു കൊലപാതകത്തിനു പിന്നിലെന്നും ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു. 2019 ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം ആക്രമണ ഭീഷണികളെ മുൻകൂട്ടി കണ്ട് ചെറുക്കുകയെന്ന തന്ത്രമാണ് ഇന്ത്യ ആവിഷ്കരിച്ചതെന്ന ആരോപണം ഉയർന്നിരുന്നു.
ഇസ്രയേലിലെ മൊസാദിന്റെയും, റഷ്യയിലെ കെജിബിയുടെയും മാതൃകയിലാണ് ഇത്തരം ഉന്മൂലനം എന്നും ആക്ഷേപങ്ങളുണ്ടായിരുന്നു. എന്നാൽ, ഇന്ത്യൻ സർക്കാർ ഈ ആരോപണം ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ടെന്നും ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. യുഎഇയിൽ നിന്ന് പ്രധാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇന്റലിജൻസ് സ്ലീപ്പർ സെല്ലുകളാണ് ഈ കൊലപാതകങ്ങൾ നടത്തുന്നതെന്നാണ് പാക് ഇന്റലിജൻസ് ആരോപിക്കുന്നത്. കൊലപാതകത്തിനായി വ്യാജ സാഹചര്യങ്ങൾ സൃഷ്ടിച്ച് ജിഹാദിസ്റ്റുകളെയോ, പ്രാദേശിക ക്രിമിനലുകളെയോ ഉപയോഗിച്ചാണ് കൊല നടത്തുന്നതെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു.
എയർ ഇന്ത്യ വിമാനം തട്ടിയെടുത്ത കേസിലെ പ്രതിയായ ഭീകരൻ സാഹിദ് അഖുണ്ടിന്റെ കൊലപാതകമാണ് ഗാർഡിയൻ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. നിരവധി മാസങ്ങൾ അഖുണ്ടിന്റെ സഞ്ചാര പഥങ്ങളെ കുറിച്ച് റോയുടെ ഏജന്റ് വിവരം ശേഖരിച്ചിരുന്നുവെന്നും, 2022 മാർച്ചിൽ അഖുണ്ടിനെ കറാച്ചിയിൽ വെടിവച്ചുകൊന്ന ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ചിലർക്ക് വലിയ തുക കൈമാറിയെന്നും ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു. കൃത്യത്തിന് ശേഷം കൊലയാളികൾ അതിർത്തി വഴി രക്ഷപ്പെട്ടെങ്കിലും, അവരെ ഏകോപിപ്പിച്ചവരെ പിന്നീട് പാക് സുരക്ഷാ ഏജൻസികൾ പിടികൂടിയിരുന്നു.
'ഇന്ത്യൻ ഏജന്റുമാർ പാക്കിസ്ഥാനിൽ ഭീകരരെ കൊന്നൊടുക്കുന്ന നയം ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. യുഎഇയിൽ ഈ സ്ലീപ്പൽ സെല്ലുകളെ നിയോഗിക്കാൻ ഏകദേശം രണ്ടുവർഷം സമയമെടുത്തുകാണും', ഒരു പാക്കിസ്ഥാനി ഉദ്യോഗസ്ഥൻ ഗാർഡിയനോട് പറഞ്ഞു.
എന്നാൽ, ഭീകരരെ ഉന്മൂലനം ചെയ്യുന്നത് പാക്കിസ്ഥാൻ തന്നെയാകാമെന്നും അതിന്റെ പഴി ഇന്ത്യയുടെ തലയിൽ വയ്ക്കുകയാണെന്നുമാണ് റോയുടെ മുൻ ഉന്നത ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.