ന്യൂയോർക്ക്: അഫ്ഗാൻ ജനതയെ പിന്തുണച്ച് ശബ്ദം ഉയർത്തുന്നത് തുടരുമെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ആണ് അഫ്ഗാനിസ്ഥാനിൽ, സമാധാനവും, സ്ഥിരതയും കൈവരിക്കാനും, മാനുഷിക പിന്തുണ നൽകാനും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനിലെ ജനങ്ങളുമായി ഇന്ത്യക്കുള്ള ചരിത്രപരവും, നാഗരികവുമായ ബന്ധവും രുചിര കാംബോജ് എടുത്തുപറഞ്ഞു. യുഎൻ സുരക്ഷാ സമിതി യോഗത്തിലാണ് തൊട്ടടുത്തുള്ള അയൽരാജ്യവും സുഹൃത്തും എന്ന നിലയിൽ അഫ്ഗാൻ ജനതക്ക് സമാധാനവും സ്ഥിരതയും തിരികെ നൽകുന്നത് ഉറപ്പാക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ടെന്ന് കംബോജ് പറഞ്ഞത്. വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ നൽകിയും, യുഎൻ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിച്ചും, ഇന്ത്യ പ്രതിജ്ഞാബദ്ധത കാട്ടും.

അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് മാനുഷിക സഹായം നൽകുക, തീവ്രവാദവും, മയക്കുമരുന്ന് കടത്തും നേരിടുക, സ്ത്രീകളുടെയും, കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, എല്ലാവരെയും ഉൾക്കൊള്ളുന്ന, പ്രാതിനിധ്യ സ്വഭാവമുള്ള സർക്കാർ സംവിധാനം രൂപീകരിക്കുക എന്നീ കാര്യങ്ങൾക്കാണ് ഇന്ത്യ അടിയന്തര പരിഗണന നൽകുന്നത്.

ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ, വാക്‌സിനുകൾ, ദുരിതാശ്വാസ സഹായം, തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങൾ, വിദ്യാഭ്യാസ സഹായ സാമഗ്രികൾ എന്നിവ ഇന്ത്യ അഫ്്ഗാനിസ്ഥാന് നൽകിയിരുന്നു. അഫ്ഗാൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുന്നത് തുടരുകയാണ്. മാനുഷിക സഹായം എത്തിക്കുന്നതിന് യുഎന്നുമായി കൈകോർത്തും ഇന്ത്യ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നു, ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.

2021 ൽ, താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ ശേഷം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും, അന്താരാഷ്ട്രതലത്തിലെ ഒറ്റപ്പെടലും കാരണം, ദാരിദ്ര്യം അടക്കം നിരവധി പ്രശ്‌നങ്ങളാൽ വലയുകയാണ് ആ രാജ്യം. 97 ശതമാനം അഫ്ഗാൻകാരും, ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നതെന്നാണ് യുഎന്നിന്റെ കണക്ക്. പട്ടിണി മാറ്റാൻ, അവയവ കച്ചവടത്തിലേക്കും, ബാലവിവാഹത്തിലേക്കും മറ്റും നീങ്ങാൻ പല കുടുംബങ്ങളും നിർബന്ധിതരാവുകയാണ്. ജനങ്ങളുടെ അടിസ്ഥാനആവശ്യങ്ങൾ നിറവേറ്റുന്നതിന് മനുഷ്യാവകാശ സംഘടനകളുടെ സഹായം മതിയാവുന്നില്ല എന്നതാണ് നിലവിലെ സാഹചര്യം.