ന്യൂഡൽഹി: തീവ്ര ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ പിടികൂടാൻ കളമൊരുക്കി ഇന്ത്യ. ഒമാനിൽ എത്തുമ്പോൾ കസ്റ്റഡിയിലെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് നീക്കം. റമദാൻ കാലത്ത് മാർച്ച് 23 മുതൽ 25 വരെ സാക്കിർ നായിക് തന്റെ മതപ്രഭാഷണത്തിനായി മസ്‌കറ്റിൽ എത്തുന്നുണ്ട്. ഈ സമയത്ത് ഇയാളെ കസ്റ്റഡിയിൽ എടുക്കാനാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ ഒമാൻ അധികൃതരുമായി ചർച്ച നടത്തുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

നായിക്കിനെ കസ്റ്റഡിയിൽ എടുത്ത് ഇന്ത്യയിലേക്ക് നാടുകടത്താൻ മസ്‌കറ്റിലെ ഇന്ത്യൻ ഏംബസി ഇന്റലിജൻസ് ഏജൻസികളുമായി ബന്ധപ്പെട്ട് വരികയാണ്. ഒമാൻ അധികൃതർ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഒമാൻ അംബാസഡർ ഇക്കാര്യം വിദേശകാര്യ മന്ത്രാലയവുമായി ചർച്ച ചെയ്തിരുന്നു. സമാനരീതിയിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ഒമാൻ വിദേശകാര്യമന്ത്രാലയവുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട്. സാക്കിർ നായിക്കിനെ കസ്റ്റഡിയിൽ എടുത്താൻ, ഇന്ത്യ ഒമാനിലേക്ക് നിയമസംഘത്തെ അയയ്ക്കും.

മതപ്രഭാഷണങ്ങൾക്കായി ഒമാനിലെ മതകാര്യ മന്ത്രാലയമാണ് സാക്കിർ നായിക്കിനെ ക്ഷണിച്ചിരിക്കുന്നത്. വിശുദ്ധ ഖുറാൻ ഒരു ആഗോള ആവശ്യകത എന്ന വിഷയത്തിലാണ് ഒമാൻ കൺവൻഷൻ സെന്ററിൽ പ്രഭാഷണം.

കഴിഞ്ഞ വർഷം നവംബറിൽ ഖത്തറിൽ ഫിഫ ലോക കപ്പിനിടെ, സാക്കിർ നായിക്കിനെ പ്രഭാഷണങ്ങൾക്കായി ക്ഷണിച്ചിരുന്നു. ഇന്ത്യയിൽ വിദ്വേഷ പ്രഭാഷണത്തിനും, കള്ളപ്പണം വെളുപ്പിക്കലിനും അടക്കം നിരവധി കേസുകൾ സാക്കിർ നായിക്കിന് എതിരെയുണ്ട്. 2017 ന് ശേഷം മലേഷ്യയിലേക്ക് മുങ്ങിയ ഇയാൾ അവിടെ അഭയാർത്ഥിയെ പോലെ കഴിയുകയാണ്.

കേന്ദ്രസർക്കാർ ഇന്റർപോളിനോട് ആവശ്യപ്പെട്ട പ്രതിയാണ് സാക്കിർ. എന്നിട്ടും ഇയാൾ നിരവധി ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ നടത്തി. ഇന്ത്യൻ മുസ്ലീങ്ങൾ പൊളിറ്റിക്കലായി കേരളത്തെ മാതൃകയാക്കണമെന്നും, കേരളത്തിലേക്ക് പോകണമെന്നും നേരത്തെ സാക്കിർ ആഹ്വാനം ചെയ്തതും വിവാദമായിരുന്നു.ക്രിസ്മസിന് ആശംസകൾ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമെന്ന വിവാദ പ്രസ്താവനയുമായി ഇക്കഴിഞ്ഞ ഡിസംബറിൽ സാക്കിർ രംഗത്തെത്തിയിരുന്നു. 'അമുസ്ലീങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും തരത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. അത്തരത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല'- എന്നായിരുന്നു സാക്കിർ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞത്.

തീവ്രവാദത്തെ പരോക്ഷമായി ന്യായീകരിക്കുക, ഒസാമ ബിൻലാദനെ തള്ളിപ്പറയാതിരിക്കുക, അഫ്ഗാനിൽ താലിബാൻ ബുദ്ധ പ്രതിമകൾ തകർത്തതിനെ ന്യായീകരിക്കുക, വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഗുഢാലോചനാ സിദ്ധാന്തങ്ങൾ ചമക്കുക, തുടങ്ങിയ കാര്യങ്ങൾ സാക്കിർ നായിക്കിന് വിനയായി. 2016ലെ ബംഗ്ലാദേശിലെ തീവ്രവാദി ആക്രമണം സാക്കിർ നായിക്കിന്റെ ആശയങ്ങളിൽനിന്ന് പ്രചോദിതമായതെന്ന് കണ്ടെത്തിയതോടെ മുസ്ലിം രാഷ്ട്രങ്ങൾപോലും അദ്ദേഹത്തെ വെറുത്തു.

കോടികളുടെ സ്വത്തുവകകളാണ് മോദി സർക്കാർ സാക്കിർ നായിക്കിന്റെതായി ഇന്ത്യയിൽ നിന്ന് കണ്ടുകെട്ടിയത്. വിവിധ ഘട്ടങ്ങളിലായി 70 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് കണക്ക് . മുംബൈ, പൂണെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. സാക്കിർ നായിക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐ.ആർ.എഫ്) പ്രവർത്തകർക്കുമെതിരേ 2017 ഒക്ടോബറിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇ.ഡിയുടെ നടപടി.

2016 നവംബർ 15 നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഭീകരസംഘടനകളുമായുള്ള സംശയകരമായ സാമ്പത്തിക ഇടപാട്, തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര ചാനലായ പീസ് ടീവിയുമായി ദുരൂഹബന്ധം തുടങ്ങിയ ആരോപണങ്ങളെത്തുടർന്നാണ് സാക്കിർ നായിക്കിന്റെ സംഘടനയുടെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാർശ ചെയ്തത്. യുഎപിഎ നിയമപ്രകാരമാണ് വിലക്ക്.