ന്യൂഡൽഹി: ജി-20 ഉച്ചകോടി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് അത്ര സുഖകരമായ അനുഭവമായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ വന്നത്. നാട്ടിൽ തിരിച്ചെത്തിയപ്പോൾ, ഉച്ചകോടിക്കിടെ, ട്രൂഡോ അപമാനിതനായെന്ന ആരോപണവും ഉയർന്നു. ട്രൂഡോ ജി-20 ഉച്ചകോടിക്ക് എത്തിയപ്പോൾ ന്യൂഡൽഹിയിലെ ലളിത് ഹോട്ടലിലാണ് താമസിച്ചത്. എന്നാൽ, അദ്ദേഹം ഹോട്ടലിലെ പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ചു എന്നാണ് ഇപ്പോൾ വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നത്.

സാധാരണഗതിയിൽ, എല്ലാ ആഗോള നേതാക്കൾക്കും, സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രകാരം, ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് പ്രത്യേകമായി പ്രസിഡൻഷ്യൽ സ്യൂട്ടുകൾ രൂപകൽപ്പന ചെയ്യുന്നത്. എന്നാൽ, ട്രൂഡോയുടെ പ്രതിനിധി സംഘം, പ്രസിഡൻഷ്യൽ സ്യൂട്ടിൽ തങ്ങാൻ വിസമ്മതിക്കുകയും, പകരം, സാധാരണ മുറിയിൽ താമസിക്കുകയും ചെയ്തു.

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സാധാരണ മുറിയിൽ താമസിക്കുന്നതെന്നാണ് ജസ്റ്റിൻ ട്രൂഡോയുടെ പ്രതിനിധി സംഘം ഇന്ത്യൻ സുരക്ഷേ ഏജൻസികളെ അറിയിച്ചത്. എന്തുകൊണ്ടാണ് ട്രൂഡോ സാധാരണ മുറിയിൽ താമസിച്ചത് എന്നതിന്റെ യഥാർഥ കാരണം വ്യക്തമല്ലെന്നാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്.

ഇതുമാത്രമല്ല, ട്രൂഡോയുടെ സന്ദർശനത്തിലെ അസാധാരണ സംഭവം. സെപ്റ്റംബർ 10 നാണ് ഉച്ചകോടി കഴിഞ്ഞ് ട്രൂഡോ കാനഡയ്ക്ക് മടങ്ങാനിരുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ എയർ ബസ് വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ കാരണം, മടക്കയാത്ര നീട്ടി വയ്‌ക്കേണ്ടി വന്നു. വിവരം അറിഞ്ഞപ്പോൾ, ട്രൂഡോയ്ക്ക് മടങ്ങാൻ എയർ ഇന്ത്യ വണ്ണിന്റെ സേവനം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഈ വാഗ്ദാനവും കനേഡിയൻ പ്രതിനിധി സംഘം നിരസിച്ചു. പകരം വിമാനം വരാൻ വേണ്ടി കാത്തിരുന്നതോടെ, സെപ്റ്റംബർ 12 ന് മാത്രമാണ് ട്രൂഡോയ്ക്ക് മടങ്ങാൻ കഴിഞ്ഞത്.

2018 ലെ ട്രൂഡോയുടെ ആദ്യ ഇന്ത്യാ സന്ദർശനവും വിവാദത്തിൽ പെട്ടിരുന്നു. ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയില്ല എന്നായിരുന്നു വിമർശനം. മോദി ഡൽഹി വിമാനത്താവളത്തിൽ ജസ്റ്റിൻ ട്രൂഡോയെ സ്വീകരിക്കാൻ എത്താത്തതിൽ പ്രോട്ടോക്കോൾ വീഴ്ചയില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ന്യൂഡൽഹിയിലെത്തിയ ജസ്റ്റിൻ ട്രൂഡോയെ കേന്ദ്ര കാർഷിക സഹമന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് സ്വീകരിച്ചത്. ജസ്റ്റിൻ ട്രൂഡോ താജ് മഹൽ സന്ദർശിക്കുന്നതിനു വേണ്ടി യുപിലെത്തിയ അവസരത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തിയിരുന്നില്ല. 2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിച്ചപ്പോൾ ട്രൂഡോ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയിരുന്നില്ല.