നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് യു കെയില്‍ നിന്ന് ഉടന്‍ വിട്ടുപോകുമോ…? ഏകീകൃത അയര്‍ലന്‍ഡിനു വേണ്ടി ബോര്‍ഡര്‍ പോള്‍ നടത്തുന്നതിനോട് യോജിപ്പെന്ന് ലേബര്‍ എം പി
- Share
- Tweet
- Telegram
- LinkedIniiiii
ബെല്‍ഫാസ്റ്റ്: പുതിയ ലേബര്‍ സര്‍ക്കാര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന് വേണ്ടി ഒരു ബോര്‍ഡര്‍ പോള്‍ നടത്തണമെന്നതാണ് തന്റെ അഭിപ്രായമെന്ന് മുതിര്‍ന്ന ലേബര്‍ എം പി ആയ ഡയാന് ആബട്ട് പറഞ്ഞു. ഐറിഷ് അതിര്‍ത്തിയുടെ ഇരുഭാഗത്തുമുള്ള പൊതുജനാഭിപ്രായം എന്തെന്ന് അറിയുവാന്‍ അത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു.ജനപ്രതിനിധി സഭയില്‍ എറ്റവുമധികം കാലം വനിത എം പി ആയിരുന്നിട്ടുള്ള 70 കാരിയായ അബട്ട്, 1987 മുതല്‍ തുടര്‍ച്ചയായി 10 തവണയാണ് എം പി ആയിട്ടുള്ളത്.
വെസ്റ്റ് ബെല്‍ഫാസ്റ്റിലെ ഒരു ആഘോഷപരിപാടിയില്‍ പങ്കെടുക്കവെ ആയിരുന്നു അവര്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഐക്യ അയര്‍ലാന്‍ഡ് എന്ന ആശയത്തിന് താന്‍ അനുകൂലമാണെന്നും എന്നാല്‍, അത് ഇരുവശത്തെയും ജനങ്ങളുടെ സമ്മതത്തോടെ വേണമെന്നും അവര്‍ പറഞ്ഞു. അത് അറിയാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം ബോര്‍ഡര്‍ പോള്‍ ആണെന്നും അവര്‍ പറഞ്ഞു. അതേസമയം, അടുത്തകാലത്തൊന്നും ഒരു ബോര്‍ഡര്‍ പോള്‍ നടത്താന്‍ ഉദ്ദേശമില്ലെന്നായിരുന്നു നേരത്തെ ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
അത്തരത്തില്‍ ഒരു പോള്‍ നടത്തുന്നതിനുള്ള സാഹചര്യം എത്തിയതായി തെളിവുകള്‍ ഒന്നും തന്നെയില്ല എന്നായിരുന്നു കഴിഞ്ഞ മാസം പുതിയ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടരി ഹിലാരി ബെന്‍ ബെല്‍ഫാസ്റ്റില്‍ പറഞ്ഞത്. എന്നാല്‍, അത് ഈ പതിറ്റാണ്ടില്‍ തന്നെ നടക്കണമെന്നാണ് ആഗ്രഹം എന്നാണ് അബോട്ട് പറയുന്നത്. അടുത്ത അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ അത് നടക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്നും, അതാണ് നിലവിലെ രാഷ്ട്രീയമെന്നും ബി ബി സി ന്യൂസ് എന്‍ ഐയുമായുള്ള ഒരു അഭിമുഖത്തില്‍ അബോട്ട് പറഞ്ഞു.
നേരത്തെ, യഹൂദന്മാര്ക്കും, ഐറിഷ് വംശജര്‍ക്കും ട്രാവലര്‍ കമ്മ്യൂണിറ്റിക്കും വംശീയ വിവേചനം നേരിടേണ്ടി വന്നിട്ടില്ല എന്ന പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട അബോട്ടയെ പിന്നീട് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം തിരിച്ചെടുക്കുകയായിരുന്നു. ആഘോഷവേളയില്‍ സംസാരിച്ച ട്രേഡ് യൂണിയന് നേതാവ് മൈക്ക് ലിഞ്ചും ഐക്യ അയര്‍ലന്‍ഡ് എന്ന ആശയത്തോട് യോജിപ്പ് പ്രകടിപ്പിച്ചു.