- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോൽവിയിൽ നിരാശ പൂണ്ട് ഋഷി സുനക്കും ടോറികളും ഇരിക്കുമ്പോൾ തിളക്കമാർന്ന ജയവുമായി മലയാളി പെൺകുട്ടി; ബ്രിട്ടനിലെ ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ 18കാരി അലീന ആദിത്യയ്ക്ക് തകർപ്പൻ ജയം; അലീന ജയിച്ചുകയറിയത് പ്രായം കുറഞ്ഞ കൗൺസിലർ എന്ന റെക്കോഡോടെ
ലണ്ടൻ: ബ്രിട്ടനിൽ ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഋഷി സുനക്കിനും ടോറികൾക്കും വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഭരണകക്ഷിയായ ടോറികൾക്ക് നഷ്ടപ്പെട്ടത് ആയിരത്തോളം സീറ്റുകളാണ്. ഏറ്റവും വലിയ ഒറ്റ കക്ഷിയായി ലേബർ പാർട്ടി മാറി. ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുന്നു എന്ന വാർത്തകൾക്കിടയിലും ടോറികൾക്ക് ആശ്വസിക്കാൻ ഒരു മലയാളി പെൺകുട്ടിയുടെ വിജയം.
സൗത്ത് ഗ്ലൗസെസ്റ്റർഷൈറിലെ ബ്രാഡ്‌ലി സ്റ്റോക്കിൽ നിന്നുള്ള 18 കാരി വിദ്യാർത്ഥിനിയാണ് കൺസർവേറ്റീവ് പാർട്ടിക്ക് ആശ്വാസ ജയം സമ്മാനിച്ചത്. അലീന ആദിത്യ ടോറികൾക്ക് വേണ്ടി മത്സരിച്ചത് ബ്രാഡ്‌ലി സ്‌റ്റോക്ക് കൗൺസിലിലെ പ്രിംറോസ് ബ്രിഡ്ജ് വാർഡിൽ നിന്നാണ്. കൗൺസിലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ എന്ന റെക്കോഡോടെയാണ് അലീനയുടെ വിജയം.
ബ്രിസ്റ്റൾ സെന്റ് ബീഡീസ് കോളേജിലാണ് അലീന പഠിക്കുന്നത്. എ-ലെവൽ പൂർത്തിയാക്കിയ അലീന കാഡിഫ് യൂണിവേഴ്‌സിറ്റിയിൽ ആർക്കിടെക്ചർ കോഴ്‌സിനു ചേരാനിരിക്കെയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പ്രിംറോസ് വാർഡ് പാനലിലെ രണ്ടുമുൻ മേയർമാരെ കീഴടക്കിയാണ് അലീനയുടെ ജയം. ഈ വാർഡിൽ നിന്നും ജയിച്ച ഏക ടോറി പ്രതിനിധിയുമാണ്. മൂന്നുകൺസർവേറ്റീവ് പാർ്ട്ടി കൗൺസിലർമാർ, ഒരു ഗ്രീൻ പാർട്ടി അംഗം, ഒരു ലേബർ പാർട്ടി അംഗം, ഒരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു മത്സരാർഥി പട്ടിക. ഇക്കൂട്ടത്തിൽ അലീനായാണ് കൺസർവേറ്റീവുകളുടെ മാനം രക്ഷിച്ചത്. ജയിച്ച മറ്റുരണ്ടുപേരും ഗ്രീൻ, ലേബർ പാർട്ടി അംഗങ്ങളാണ്.
ടോം ആദിത്യയും, ലിനിയുമാണ് അലീനയുടെ പിതാവും മാതാവും. കേരളത്തിൽ റാന്നിയാണ് സ്വദേശം.അങ്ങാടി ആദിത്യപുരം ഏരൂരിക്കൽ കുടുംബാംഗം. അഭിഷേക്, ആൽബർട്ട്, അഡോണ, അൽഫോൻസ് എന്നിവരാണ് സഹോദരങ്ങൾ.
ബ്രാഡ്ലി സ്റ്റോക്ക് കൗൺസിലിൽ രണ്ടുവട്ടം മേയറായിരുന്നു ടോം ആദിത്യ. ബ്രാഡ്ലി സ്റ്റോക്കിൽ രണ്ടു പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ളയാളാണ്.
അതിനിടെ ഇത്തവണ ഏറ്റവും കൂടുതൽ മലയാളികൾ മത്സരിക്കാൻ കളത്തിൽ ഇറങ്ങിയിട്ടും വിജയം ചൂണ്ടയിട്ട് പിടിച്ചത് രണ്ടു പ്രധാന സ്ഥാനാർത്ഥികളെ മാത്രമാണ്. ആഷ്‌ഫോർഡ് ബറോയിൽ മത്സരിക്കാൻ ഇറങ്ങിയ സ്ഥലത്തെ പ്രധാന മലയാളി പയ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന സോജൻ ജോസഫും നീണ്ട കാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന നോർഫോൾകിലെ ബിബിൻ ബേബിയുമാണ് ജയിച്ചു കയറിയത്. എന്നാൽ മലയാളികൾക്കിടയിൽ പൊടുന്നനെ സ്ഥാനാർത്ഥി കുപ്പായം തയ്‌പ്പിച്ചു എത്തിയ പലർക്കും നല്ല പ്രകടനം പോലും കാഴ്ചവയ്ക്കാൻ ആയില്ലെന്നു പോളിങ് കണക്കുകൾ വ്യക്തമാക്കുന്നത്.
സോജൻ ജയിച്ചു കയറിയ സീറ്റ് കൺസർവേറ്റീവിൽ നിന്നും പിടിച്ചെടുക്കുക ആയിരുന്നു. ഈ പ്രദേശത്തു ജയിച്ചു കയറിയ ബ്രിട്ടീഷ് വംശജൻ അല്ലാത്ത ഏക വ്യക്തിയാണ് സോജനെന്നു പ്രാഥമിക വിലയിരുത്തലിൽ തെളിയുന്നത്. മുൻപും 2021ലെ തിരഞ്ഞെടുപ്പിൽ സോജൻ മത്സരിച്ചിട്ടുണ്ടെങ്കിലും അന്ന് ഭാഗ്യം തുണയ്ക്കാഞ്ഞതിനു മറുപടിയായി ഇന്നലെ തിളക്കമാർന്ന വിജയം. ഈ വിജയത്തിൽ ദേശീയ രാഷ്ട്രീയത്തിൽ പടരുന്ന ടോറികളോടുള്ള എതിർപ്പ് വ്യക്തമാണ്.
സോജൻ മത്സരിച്ച അയേഴ്‌സ്‌ഫോർഡ് ആൻഡ് ഈസ്റ്റ് സ്റ്റെയർ സീറ്റിൽ വ്യക്തിപരമായ വോട്ടുകളാണ് കൂടുതലും വീണത്. ഇതോടെ സോജനൊപ്പം ഗ്രീൻ പാർട്ടിയിലെ അർണോൾഡ് ആൽബർട്ടാണ് വിജയിച്ചത്. ഇതോടെ പാനൽ വോട്ടുകളല്ല ഈ സീറ്റിൽ വിജയികളെ നിർണയിച്ചത് എന്നാണ് വ്യക്തമാക്കുന്നത്. ഗുരുതരമായ രോഗത്തെ കീഴടക്കാൻ ആരോഗ്യം വീണ്ടെടുക്കാൻ ഓടിത്തുടങ്ങിയ സോജൻ ആ ഓട്ടം എത്തിച്ചത് നിരവധി ദേശീയ, അന്താരാഷ്ട്ര മാരത്തോൺ വേദികളാണ്. ഇതോടെ പ്രദേശത്തെ മലയാളികളുടെ ഹീറോയുമാണ് സോജൻ.
സോജനൊപ്പം മത്സര രംഗത്ത് അതെ വാർഡിൽ ലേബർ സ്ഥാനാർത്ഥി ആയി രംഗത്ത് വന്ന റീന മാത്യു വെറും പത്തു വോട്ടിനാണ് പരാജയപ്പെട്ടത്. ഒന്നാമനായി ജയിച്ചു കയറിയ സോജൻ 332 വോട്ട് കരസ്ഥമാക്കിയപ്പോൾ രണ്ടാമനായി ജയിച്ച ഗ്രീൻ പാർട്ടിയിലെ അർണോൾഡിനു 297 വോട്ടും ലഭിച്ചു. എന്നാൽ 287 വോട്ടോടെ റീനക്ക് മൂന്നാം സ്ഥാനം പിടിക്കാനേ കഴിഞ്ഞുള്ളു. ആകെ എട്ടു സ്ഥാനാർത്ഥികളാണ് ഈ സീറ്റിൽ മത്സരിക്കാൻ ഉണ്ടായിരുന്നത്. നാലാം സ്ഥാനത്തു ഗ്രീൻ പാർട്ടിയിലെ പിസി തോമസ് എത്തിയപ്പോൾ അഞ്ചും ആറും സ്ഥാനം പിടിച്ചത് ആഷ്‌ഫോർഡ് ഇൻഡിപെൻഡന്റ് പാർട്ടി സ്ഥാനാർത്ഥികളാണ്. ഇവർക്കും ഒടുവിലായി അവസാന നിരയിൽ മാത്രമാണ് കൺസർവേറ്റീവുകൾ എത്തിയത്. മുൻപ് കൺസർവേറ്റീവ് ജയിച്ച സീറ്റിൽ എത്ര പരിതാപകരമായാണ് അവർ എത്തിയത് എന്നും ഈ വോട്ടുനില സൂചിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ