- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലാക്കോട്ട് മിന്നലാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ആണവയുദ്ധത്തിന്റെ വക്കിലെത്തി; രാത്രി ഉറക്കമിളച്ചിരുന്ന് യുദ്ധം ഒഴിവാക്കി വിട്ടത് അമേരിക്കയെന്ന് തന്റെ പുസ്തകത്തിൽ മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ; സുഷമ സ്വരാജിന് എതിരെ മോശം പരാമർശം; അജിത് ഡോവലിന് പ്രശംസയും; മറുപടിയുമായി എസ്.ജയശങ്കർ
വാഷിങ്ടൺ: 2019 ൽ ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധത്തിന്റെ വക്കിലെത്തിയെന്ന് മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ. അമേരിക്കൻ ഇടപെടലാണ് സംഘർഷം ലഘൂകരിച്ചതെന്നാണ് പോംപെയോയുടെ അവകാശവാദം. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലത്തെ ഉന്നത നയതന്ത്രപ്രതിനിധിയായിരുന്നു പോംപെയോ. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നെവർ ഗിവ് ആൻ ഇഞ്ച്: ഫൈറ്റിങ് ഫോർ ദ അമേരിക്ക ഐ ലവ്' എന്ന് ഓർമക്കുറിപ്പുകളിലാണ് പോംപെയോ തന്റെ കാലത്തെ സുപ്രധാന സംഭവങ്ങളിലേക്ക് തിരിഞ്ഞുനോട്ടം നടത്തിയത്. ഇന്ത്യൻ വിദേശ കാര്യ നയത്തിൽ മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് വലിയ പങ്കൊന്നും ഇല്ലായിരുന്നുവെന്ന പ്രകോപനപരമായ പരാമർശവും പുസ്തകത്തിലുണ്ട്. ഇതിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ രംഗത്തെത്തി.
പോംപെയോയുടെ ഓർമ ഇങ്ങനെ
2019 ഫെബ്രുവരി 27-28 നായിരുന്നു സംഭവം. അന്ന് മൈക്ക് പോംപെയോ ഹാനോയിയിൽ അമേരിക്ക-ഉത്തര കൊറിയ ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു. 'അന്നത്തെ ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല. ഉത്തരകൊറിയയുമായി ആണവായുധ ലഘൂകരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് കശ്മീരിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ഭീഷണി മുഴക്കാൻ തുടങ്ങിയത്. ഹാനോയിയിൽ എന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി അന്നത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കാര്യങ്ങൾ ധരിപ്പിച്ചു.' പുൽവാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ മിന്നലാക്രമണം നടത്തിയ സമയമായിരുന്നു അത്. ബാലാക്കാട്ട് ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ ഇന്ത്യക്ക് നേരേ ആണവാക്രമണത്തിന് തയ്യാറെടുക്കുന്നു എന്നായിരുന്നു സുഷമ അറിയിച്ചത്. ഒന്നും ചെയ്യാൻ മുതിരുതെന്നും, കാര്യങ്ങൾ ശരിയാക്കാൻ അൽപം സമയം തരണമെന്നും സുഷമയോട് പോംപെയോ ആവശ്യപ്പെട്ടു.
അന്നത്തെ അംബാസഡറും, ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ജോൺ ബോൾട്ടണുമായി ചേർന്ന് ഹാനോയിലെ ഹോട്ടലിൽ പ്രശ്‌നപരിഹാര ശ്രമം തുടങ്ങി. ' ഞാൻ പാക്കിസ്ഥാനിലെ യഥാർത്ഥ നേതാവ് സൈനിക മേധാവി ഖമർ ജാവേദ് ബജ് വയുമായി സംസാരിച്ചു. ഇന്ത്യൻ നേതാക്കൾ ധരിപ്പിച്ച കാര്യങ്ങൾ ഞാൻ പങ്കുവച്ചു. അതൊന്നും ശരിയല്ലെന്നായിരുന്നു ബജ്വയുടെ മറുപടി. ഇന്ത്യക്കാർ സംശയിച്ചത് പോലെ പാക്കിസ്ഥാൻ നേതാക്കളും ഇന്ത്യ ആണവായുധങ്ങൾ സജ്ജമാക്കുകയാണെന്നാണ് കരുതിയത്. തുടർന്ന് ന്യൂഡൽഹിയിലും, ഇസ്ലാമബാദിലും ഉള്ള ഞങ്ങളുടെ പ്രതിനിധികളെ നിയോഗിച്ച് മണിക്കൂറുകൾക്കകം ഒരു ആണവ യുദ്ധത്തിന് ഇരുരാജ്യങ്ങളും പുറപ്പെടുന്നില്ലെന്ന് ഉറപ്പിക്കാൻ കഴിഞ്ഞു.' പോംപെയോ പുസ്തകത്തിൽ കുറിച്ചു.
സുഷമ സ്വരാജിനെ ഇകഴ്‌ത്തി, ജയശങ്കറിനെ പുകഴ്‌ത്തി
പുസ്തകത്തിൽ സുഷമ സ്വരാജിനെ ചെറുതാക്കി കാണിക്കാനും പോംപെയോയുടെ ശ്രമമുണ്ട്. ' ഇന്ത്യൻ ഭാഗത്ത്, വിദേശകാര്യ മന്ത്രിക്ക് വിദേശകാര്യനയ സംഘത്തിൽ സുപ്രധാനപങ്കുണ്ടായിരുന്നില്ല. ഞാൻ കൂടുതലും ദേശീയ സുരക്ഷാ ഉപദേഷ്ടാവും മോദിയുടെ വിശ്വസ്തനുമായ അജിത് ഡോവലുമായി സഹകരിച്ചാണ് പ്രവർത്തിച്ചത്. സുഷമ ഒരുകോമാളിയെ പോലെയായിരുന്നു എന്നുകൂടി പുസ്തകത്തിൽ പോംപെയോ പറയുന്നുണ്ട്.
അതേസമയം, എസ് ജയശങ്കറിനോടുള്ള തന്റെ സ്‌നേഹം പോംപെയോ പുസ്തകത്തിൽ പ്രകടിപ്പിക്കുന്നുണ്ട്.' 2019 മെയിൽ ജെയെ ഇന്ത്യയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഞങ്ങൾ സ്വാഗതം ചെയ്തു. ഇതിലും നല്ലൊരു വിദേശമന്ത്രി വരാനില്ല. ഞാൻ ഈ മനുഷ്യനെ ഇഷ്ടപ്പെടുന്നു. അദ്ദേഹം സംസാരിക്കുന്ന ഏഴുഭാഷകളിൽ ഒന്നാണ് ഇംഗ്ലീഷ്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് എന്റേതിനേക്കാൾ മെച്ചമാണ്'
സുഷമയെ ചെറുതാക്കി കാണിച്ചതിന് എതിരെ ജയശങ്കർ
മൈക്ക് പോംപെയോയുടെ പുസ്തകത്തിൽ സുഷമയ്ക്ക് എതിരെയുള്ള പരമാർശങ്ങളെ എസ്.ജയശങ്കർ വിമർശിച്ചു. ' സുഷമ സ്വരാജ് ജി യെ കുറിച്ചുള്ള പോംപെയോയുടെ പുസ്തകത്തിലെ പരാമർശം ശ്രദ്ധയിൽ പെട്ടു. ഞാൻ സുഷമാ സ്വരാജ് ജിയെ വലിയ ആദരവോടെയാണ് കണ്ടിരുന്നത്. വളരെ ഊഷ്മളമായ ബന്ധവും ഉണ്ടായിരുന്നു. അവരെ കുറിച്ച് പുസ്തകത്തിലുള്ള മോശം പരാമർശങ്ങളെ ഞാൻ അപലപിക്കുന്നു'. ജയശങ്കർ പ്രതികരിച്ചു.
മറുനാടന് ഡെസ്ക്