വാഷിങ്ടൺ: ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്, മതത്തിന്റെയോ, ജാതിയുടെയോ, വിശ്വാസത്തിന്റെയോ, പേരിൽ വിവേചനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശം മെച്ചപ്പെടുത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ബൈഡനുമായുള്ള സംയുക്ത പ്രസ്താവനയ്ക്ക് ശേഷം മറുപടി പറയുകയായിരുന്നു മോദി.എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്നതിലാണ് ഭാരതം വിശ്വസിക്കുന്നത്. അവിടെ വിവേചനത്തിന് സ്ഥാനമില്ലെന്നും മോദി പറഞ്ഞു. പ്രസിഡന്റ് ബൈഡൻ പറയുന്നത് പോലെ ഇന്ത്യയുടെയും യുഎസിന്റെയും ഡിഎൻഎയിൽ ഉള്ളതാണ്. പ്രധാനമന്ത്രിയായി 8 വർഷത്തിനിടെ ആദ്യമായാണ് മോദി വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്.

' നമ്മൾ ജനാധിപത്യ രാജ്യങ്ങളാണ്...ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎൻഎയിൽ ഉള്ളതാണ് ജനാധിപത്യം. ജനാധിപത്യമാണ് നമ്മുടെ ജീവശ്വാസം. അത് ഞങ്ങളുടെ ഭരണഘടനയിൽ ഉള്ളതാണ്. അതുകൊണ്ട് തന്നെ മതത്തിന്റെയോ ജാതിയുടെയോ, വിശ്വാസത്തിന്റെയോ,പേരിൽ വിവേചനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല, ഇന്ത്യ വിശ്വസിക്കുന്നത് സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്ദാ പ്രയാസ് എന്നാണ്', മോദി പറഞ്ഞു.

ഭീകരവാദത്തിനും, മൗലികവാദത്തിനും എതിരെ ഇന്ത്യയും, യുഎസും തോളോടുതോൾ ചേർന്നുനീങ്ങുകയാണെന്നും, സമാധാനം പുനഃ സ്ഥാപിക്കാൻ തങ്ങൾ ഏതുമാർഗ്ഗവും നോക്കാൻ തയ്യാറാണെന്നും മോദി പറഞ്ഞു.

ഓരോ പൗരന്റെയും അന്തസ്സിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്, അത് അമേരിക്കയുടെ ഡിഎൻഎയിൽ അന്തർലീനമാണ്. ഇന്ത്യയുടെ കാര്യത്തിലും അതുതന്നെ ഞാൻ വിശ്വസിക്കുന്നു, ജോ ബൈഡൻ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളെ കുറിച്ച് പ്രധാനമന്ത്രിയും ഞാനും തമ്മിൽ നല്ലൊരു ചർച്ച നടത്തി. സത്യസന്ധമായ ബന്ധമാണ് ഞങ്ങൾ ഇരുവരുടെയും ബന്ധത്തിന്റെ സവിശേഷത. ഞങ്ങൾ പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നു, ബൈഡൻ പറഞ്ഞു.

നേരത്തെ, നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ ഉജ്ജ്വല സ്വീകരണമാണ് കിട്ടിയത്. യുഎസ് സമയം വ്യാഴാഴ്ച രാവിലെ വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ നിരവധി ഇന്ത്യക്കാർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. 'മോദി, മോദി' വിളികൾ എങ്ങും മുഴങ്ങി. പ്രശസ്ത ബാൻഡായ പെൻ മസാലയുടെ സംഗീത പരിപാടിയും ജനക്കൂട്ടത്തിന് ഹരമായി.

ഊഷ്മള സ്വീകരണത്തിന് മോദി നന്ദി പറഞ്ഞു. ഇത്രയധികം പേർക്കായി വൈറ്റ് ഹൗസിന്റെ വാതിലുകൾ തുറന്നുകൊടുക്കുന്നത് ആദ്യമായാണെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യക്കാർക്കും ഇന്ത്യൻ അമേരിക്കക്കാർക്കും ഇതൊരു ബഹുമതിയാണ്. 140 കോടി ഇന്ത്യക്കാർക്കു വേണ്ടി പ്രസിഡന്റ് ജോ ബൈഡനും ജിൽ ബൈഡനും നന്ദി പറയുന്നതായും മോദി പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ബന്ധങ്ങളിലൊന്നാണെന്ന് ബൈഡൻ പറഞ്ഞു.