ലണ്ടൻ: ഹാരിയുടെയും മേഗന്റെയും ഏറെ ചർച്ച ചെയ്യപ്പെട്ട നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററി ഇന്ന് പുറത്തിറങ്ങാൻ ഇരിക്കെ, അനാവശ്യ ആരോപണങ്ങൾ ഉണ്ടായാൽ കടുത്ത മറുപടി നൽകാൻ തന്നെ ചാൾസ് മൂന്നാമനും, വെയിൽസ് രാജകുമാരനും ഒരുങ്ങിക്കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ പറയുന്നു. വളരെ ഗുരുതരമായ ആരോപണങ്ങൾ ആ ഡോക്യൂമെന്ററിയിലുണ്ടാകുമെന്നാണ് കൊട്ടാരം അധികൃതർ പ്രതീക്ഷിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ രണ്ട് ട്രെയ്ലറുകളിൽ അതിന്റെ ചില സൂചനകൾ പുറത്തുവരികയും ചെയ്തിട്ടുണ്ട്.

അതേസമയം, ഹാരിയും മേഗനും വെറുതെ ശബ്ദമുണ്ടാക്കുകയല്ലാതെ കാമ്പൊന്നും ആ ഡോക്യൂമെന്ററിയിൽ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ, ഏതൊരു സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരിക്കുകയാണ് കൊട്ടാരം. ആറു ഭാഗങ്ങളുള്ള ഡോക്യൂമെന്ററിയുടെ ആദ്യത്തെ മൂന്ന് ഭാഗങ്ങൾ ഇന്ന് രാവിലെ ബക്കിങ്ഹാം കൊട്ടാരത്തിലേയും കെൻസിങ്ടൺ കൊട്ടാരത്തിലേയും ഉദ്യോഗസ്ഥർ സസൂക്ഷ്മം നിരീക്ഷിക്കും. എന്നാൽ, അടുത്ത വ്യാഴാഴ്‌ച്ച സീരീസിന്റെ മറ്റു ഭാഗങ്ങൾ കൂടി പുറത്തു വരുന്നതുവരെ കൊട്ടാരത്തിൽനിന്നും പ്രതികരണം ഉണ്ടാകാൻ ഇടയില്ല.

ആവശ്യമെങ്കിൽ കടുത്തതും ശക്തമായതുമായ പ്രതികരണം നൽകാൻ രാജാവും രാജകുമാരനും കൊട്ടാരം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇത് ഒരു തുടക്കം മാത്രമാണെന്നാണ് ഹാരിയും മേഗനും പറയുന്നത്. അടച്ചമർത്തലിന്റെ മതിലുകൾ തച്ചുടക്കും എന്നും അവർ പറയുന്നു.

അതിനിടയിൽ, ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീട ധാരണത്തിന് ഹാരിയേയുംമേഗനേയും ക്ഷണിക്കില്ലെന്ന് രാജകുടുംബത്തിലെ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന റിച്ചാർഡ് ഫിറ്റ്സ്വില്യംസ് പറയുന്നു. ഡൊക്യൂമെന്ററി പുറത്തു വന്നതിനു ശേഷവും രാജകുടുംബത്തിലെ കാര്യങ്ങൾ അതിന്റെ വഴിക്ക് നടക്കും എന്നാൽ, ഹാരിയോടും മേഗനോടുമുള്ള സമീപനത്തിൽ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. കൊടുതൽ ആക്രമണങ്ങൾ അവരുടെ ഭാഗത്തു നിന്നുണ്ടായാൽ അവരുമായുള്ള ബന്ധം ഉപേക്ഷിക്കുക തന്നെ ചെയ്തേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ഹാരി രാജകുമാരൻ എന്ന പദവിയിൽ തന്നെ തുടരുമെങ്കിലും കിരീട ധാരണത്തിനു ക്ഷണിക്കാതെ ഹാരിയുമായുള്ള ബന്ധങ്ങൾ എല്ലാം ഉപേക്ഷിക്കും. അതേസമയം, വ്യാഴാഴ്‌ച്ചത്തെ സീരീസിനു ശേഷം കൊട്ടാരം ഒരു പ്രസ്താവന പുറത്തിറക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഹാരിയും മേഗനും കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണെന്ന് ഒക്ടോബറിൽ തന്നെ കെൻസിങ്ടൺ പാലസിലെ പ്രസ്സ് സെക്രട്ടറി പറഞ്ഞിരുന്നു.

അടുത്തവർഷം മെയ്‌ 6 ശനിയാഴ്‌ച്ചയാണ് ചാൾസിന്റെ കിരീടധാരണം നടക്കുക. ഇനിയും ഏറെ മാസങ്ങൾ അതിനായി കഴിയേണ്ടതുണ്ട്. അന്ന് കാമിലയും രാജപ്ത്നിയായി കിരീടധാരണം നടത്തും. ബക്കിങ്ഹാം കൊട്ടാരത്തിലെ വെസ്റ്റ്മിനിസ്റ്റർ ആബിയിൽ ആയിരിക്കും കിരീടധാരണ ചടങ്ങുകൾ നടക്കുക. ഈ ഡോക്യൂമെന്ററിയിൽ കെയ്റ്റ് രാജകുമാരിക്കെതിരെ നേരിട്ടുള്ള പരാമർശങ്ങൾ ഉണ്ടായാൽ ഹാരിയുടെയും മേഗന്റെയും അവശേഷിക്കുന്ന രാജപദവികൾ കൂടി ചാൾസ് എടുത്തു കളയുവാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.